ഇസ്രയേല്‍ ആക്രമണം: അടിയന്തര അറബ് ഇസ്ലാമിക് ഉച്ചകോടി വിളിച്ച് ഖത്തര്‍; ഗാസയിലെ ബന്ദികളുടെ കാര്യത്തില്‍ ഇനി പ്രതീക്ഷ വേണ്ടന്ന് അല്‍താനി

ഇസ്രയേല്‍ ആക്രമണം:   അടിയന്തര അറബ് ഇസ്ലാമിക് ഉച്ചകോടി വിളിച്ച്  ഖത്തര്‍; ഗാസയിലെ ബന്ദികളുടെ കാര്യത്തില്‍ ഇനി പ്രതീക്ഷ വേണ്ടന്ന് അല്‍താനി

ദോഹ: ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ദോഹയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന് മറുപടി നല്‍കാന്‍ അടിയന്തര അറബ് ഇസ്ലാമിക് ഉച്ചകോടി വിളിച്ച് ഖത്തര്‍. സെപ്റ്റംബര്‍ 14, 15 തിയതികളിലാണ് ഉച്ചകോടി നടക്കുക.

ഇസ്രയേലിനെതിരെ പ്രാദേശിക തലത്തില്‍ ഒന്നിച്ച് തിരിച്ചടി നല്‍കണമെന്നാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്ന് ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്‌മാന്‍ ബിന്‍ ജാസിം അല്‍താനി പറഞ്ഞു. സിഎന്‍എന്നിനു നല്‍കിയ അഭിമുഖത്തിലാണ് അദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഇസ്രയേല്‍ ആക്രമണത്തില്‍ ഹമാസ് നേതാക്കളടക്കം ആറ് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഖത്തറിനു നേരെ ഇസ്രയേല്‍ നടത്തിയ ആക്രമണം ഭരണകൂട ഭീകരതയാണെന്നും ഗാസയിലെ ബന്ദികളാക്കപ്പെട്ടിരിക്കുന്ന ഇസ്രയേല്‍ പൗരന്മാരുടെ കാര്യത്തിലുള്ള പ്രതീക്ഷ ഇതോടെ അവസാനിച്ചതായും അല്‍താനി പറഞ്ഞു.

അമേരിക്കയുടെ അറിവോടെയാണ് ആക്രമണമെന്നാണ് ഇസ്രയേല്‍ വ്യക്തമാക്കിയിട്ടുള്ളത്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇത് നിക്ഷേധിച്ചെങ്കിലും വൈറ്റ് ഹൗസ് ഉദ്യോഗസ്ഥര്‍ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു.

ഗള്‍ഫ് രാജ്യങ്ങളില്‍ അമേരിക്കയുടെ പ്രധാന സഖ്യകക്ഷിയാണ് ഖത്തര്‍. അതുകൊണ്ടു തന്നെ ഇസ്രയേല്‍ ആക്രമണത്തില്‍ നിന്ന് തങ്ങള്‍ സുരക്ഷിതരാണെന്നാണ് ഖത്തര്‍ കരുതിയിരുന്നത്. നാല് മാസം മുമ്പ് ട്രംപ് ഖത്തര്‍ സന്ദര്‍ശിച്ചപ്പോള്‍ അമേരിക്കയുമായി കോടിക്കണക്കിന് ഡോളറിന്റെ കരാറുകളില്‍ ഖത്തര്‍ ഒപ്പിടുകയും ചെയ്തിരുന്നു.

ഇസ്രയേല്‍ ആക്രമണത്തിന് പിന്നാലെ ശക്തവും വികാരപരവുമായ വാക്കുകളാണ് ഖത്തര്‍ പ്രധാനമന്ത്രിയുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നത് എന്നതും ശ്രദ്ധേയമാണ്.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.