മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന പി.പി തങ്കച്ചന്‍ അന്തരിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന പി.പി തങ്കച്ചന്‍ അന്തരിച്ചു

കൊച്ചി: മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി.പി തങ്കച്ചന്‍ അന്തരിച്ചു. 86 വയസായിരുന്നു. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വൈകുന്നേരം നാലരയോടെയാണ് അന്ത്യം.

2004 മുതല്‍ 2018 വരെ തുടര്‍ച്ചയായി 14 വര്‍ഷം യുഡിഎഫ് കണ്‍വീനര്‍ ആയിരുന്നു. എട്ടാം കേരള നിയമസഭയിലെ സ്പീക്കര്‍, രണ്ടാം എകെ ആന്റണി മന്ത്രിസഭയില്‍ കൃഷിമന്ത്രി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

എറണാകുളം ജില്ലയിലെ അങ്കമാലിയില്‍ റവ ഫാ. പൗലോസിന്റെ മകനായി 1939 ജൂലൈ 29 നാണ് തങ്കച്ചന്‍ ജനിച്ചത്. തേവര എസ്.എച്ച് കോളജിലെ ബിരുദ പഠനത്തിന് ശേഷം നിയമം പഠിച്ച് അഭിഭാഷകനായും ജോലി ചെയ്തു.

1968 ല്‍ പെരുമ്പാവൂര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനായി. 1968 ല്‍ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എന്ന റെക്കോര്‍ഡും തങ്കച്ചന്റെ പേരിലാണ്. 1968 മുതല്‍ 1980 വരെ പെരുമ്പാവൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ അംഗമായിരുന്നു. 1977 മുതല്‍ 1989 വരെ എറണാകുളം ഡിസിസി പ്രസിഡന്റായും 1980-1982 കാലത്ത് പെരുമ്പാവൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവായും പ്രവര്‍ത്തിച്ചു.

1982 ല്‍ പെരുമ്പാവൂരില്‍ നിന്ന് ആദ്യമായി നിയമസഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1987,1991, 1996 തിരഞ്ഞെടുപ്പുകളിലും പെരുമ്പാവൂരില്‍ നിന്ന് നിയമസഭയിലെത്തി. 1987-1991 കാലഘട്ടത്തില്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയുടെ സെക്രട്ടറിയായിരുന്നു.

2001 ല്‍ പെരുമ്പാവൂരില്‍ നിന്ന് മത്സരിച്ചെങ്കിലും സിപിഎമ്മിലെ സാജു പോളിനോട് പരാജയപ്പെട്ടു. 2006 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ കുന്നത്തുനാട്ടില്‍ നിന്ന് മത്സരിച്ചെങ്കിലും സിപിഎമ്മിലെ എം.എം മോനായിയോട് പരാജയപ്പെട്ടു.1996- 2000 ല്‍ പ്രതിപക്ഷത്തിന്റെ ചീഫ് വിപ്പായും പ്രവര്‍ത്തിച്ചു.

2001 മുതല്‍ 2004 വരെ മാര്‍ക്കറ്റ് ഫെഡ് ചെയര്‍മാനായും കെപിസിസിയുടെ വൈസ് പ്രസിഡന്റായും നിയമിതനായി. 2004 ല്‍ കെപിസിസി പ്രസിഡന്റായിരുന്ന കെ. മുരളീധരന്‍ സ്ഥാനമൊഴിഞ്ഞതോടെ കെപിസിസിയുടെ താല്‍കാലിക പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 2004 ല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായതോടെ യുഡിഎഫ് കണ്‍വീനറായ തങ്കച്ചന്‍ 2018 വരെ കണ്‍വീനറായി തുടര്‍ന്നു. ടിവി തങ്കമ്മയാണ് പത്‌നി. മൂന്ന് മക്കള്‍.




1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.