കോള്‍ഡ്രിഫ് സിറപ്പിന് കേരളത്തിലും നിരോധനം; വിവാദ ചുമ മരുന്ന് വില്‍ക്കരുതെന്ന് കര്‍ശന നിര്‍ദേശം

കോള്‍ഡ്രിഫ് സിറപ്പിന് കേരളത്തിലും നിരോധനം;  വിവാദ ചുമ മരുന്ന് വില്‍ക്കരുതെന്ന് കര്‍ശന നിര്‍ദേശം

തിരുവനന്തപുരം: കോള്‍ഡ്രിഫ് സിറപ്പിന്റെ വില്‍പന സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് നിര്‍ത്തി വെപ്പിച്ചതായി ആരോഗ്യ  മന്ത്രി വീണാ ജോര്‍ജ്. കോള്‍ഡ്രിഫ് സിറപ്പിന്റെ എസ്.ആര്‍ 13 ബാച്ചില്‍ പ്രശ്നം കണ്ടെത്തിയെന്ന് കേരളത്തിന് പുറത്ത് നിന്നുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് നടപടി.

പ്രശ്‌നമുണ്ടെന്ന് കണ്ടെത്തിയ ബാച്ചില്‍പ്പെട്ട മരുന്നിന്റെ വില്‍പന കേരളത്തില്‍ നടത്തിയിട്ടില്ല എന്നാണ് സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. എങ്കിലും സുരക്ഷയെ കരുതിയാണ് കോള്‍ഡ്രിഫ് മരുന്നിന്റെ വിതരണവും വില്‍പനയും പൂര്‍ണമായും നിര്‍ത്തി വയ്ക്കാന്‍ ഡ്രഗ്സ് കണ്‍ട്രോളര്‍ ഡ്രഗ്സ് ഇന്‍സ്പെക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയതെന്നും മന്ത്രി പറഞ്ഞു.

എട്ട് വിതരണക്കാര്‍ വഴിയാണ് കേരളത്തില്‍ ഈ ചുമ മരുന്നിന്റെ വില്‍പന നടത്തുന്നത്. ഈ കേന്ദ്രങ്ങളിലെല്ലാം തന്നെ വിതരണവും വില്‍പനയും നിര്‍ത്തി വയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ മെഡിക്കല്‍ സ്റ്റോറുകള്‍ വഴിയുള്ള കോള്‍ഡ്രിഫ് സിറപ്പിന്റെ വില്‍പനയും നിര്‍ത്തി വയ്ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിന്റെ നേതൃത്വത്തില്‍ ശക്തമായ പരിശോധനകള്‍ നടന്നു വരുന്നുണ്ട്. കോള്‍ഡ്രിഫ് സിറപ്പിന്റെ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇതോടൊപ്പം മറ്റ് ചുമ മരുന്നുകളുടേയും സാമ്പിളുകള്‍ ശേഖരിച്ച് വരുന്നു. കേരളത്തില്‍ ചുമ മരുന്നുകള്‍ നിര്‍മിക്കുന്ന അഞ്ച് കമ്പനികളുടെ മരുന്ന് സാമ്പിളുകള്‍ ശേഖരിച്ച് പരിശോധന നടത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

സെന്‍ട്രല്‍ ഡിജിഎച്ച്എസിന്റെ നിര്‍ദേശ പ്രകാരം രണ്ട് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ഡോക്ടര്‍മാര്‍ ചുമയ്ക്കുള്ള സിറപ്പ് നിര്‍ദേശിക്കരുത്. അഥവാ അത്തരത്തില്‍ മരുന്ന് കുറിപ്പടി വന്നാലും ചുമയ്ക്കുള്ള സിറപ്പ് നല്‍കരുതെന്ന് എല്ലാ മെഡിക്കല്‍ സ്റ്റോറുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അഞ്ച് വയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ചുമയ്ക്കുള്ള സിറപ്പ് നല്‍കുന്നെങ്കില്‍ നിരീക്ഷണം ശക്തമാക്കാനും ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി.

വിവാദ ചുമ മരുന്ന് കഴിച്ചതിനു പിന്നാലെ രാജസ്ഥാനിലും മധ്യപ്രദേശിലും അസ്വാസ്ഥ്യമുണ്ടായി 11 കുട്ടികള്‍ മരിച്ചിരുന്നു. മരിച്ച കുട്ടികള്‍ക്ക് വൃക്ക തകരാറുകളും കണ്ടെത്തിയിരുന്നു. സംഭവത്തില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. മരുന്നിന്റെ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

രാജസ്ഥാനില്‍ 1400 ഓളം കുട്ടികള്‍ നിരീക്ഷണത്തിലാണ്. ചുമമരുന്ന് കഴിച്ച് മരണം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് രണ്ട് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് കഫ് സിറപ്പുകള്‍ നല്‍കരുതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്നലെ നിര്‍ദേശം നല്‍കിയിരുന്നു. തമിഴ്‌നാട് സര്‍ക്കാരും കോള്‍ഡ്രിഫ് സിറപ്പിന്റെ വില്‍പന നിര്‍ത്തി വെച്ചിട്ടുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.