കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍ കുമാറിന്റെ സസ്പെന്‍ഷന്‍ തുടരും; ഹര്‍ജി ഹൈക്കോടതി തള്ളി

കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍ കുമാറിന്റെ സസ്പെന്‍ഷന്‍ തുടരും; ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: സസ്പെന്‍ഷന്‍ ചോദ്യം ചെയ്ത് കേരള സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. കെ.എസ് അനില്‍ കുമാര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. അദേഹത്തിന്റെ സസ്പെന്‍ഷന്‍ തുടരും. സിന്‍ഡിക്കേറ്റ് ചേര്‍ന്ന് വിഷയത്തില്‍ തീരുമാനമെടുക്കാന്‍ കോടതി നിര്‍ദേശിച്ചു.

ഭാരതാംബ വിഷയവുമായി ബന്ധപ്പെട്ടാണ് അനില്‍ കുമാറിനെ വി.സി മോഹന്‍ കുന്നുമ്മല്‍ സസ്പെന്‍ഡ് ചെയ്തത്. തുടര്‍ന്ന് ജോയിന്റ് രജിസ്ട്രാര്‍ക്ക് രജിസ്ട്രാറുടെ ചുമതല കൈമാറിയ വിസിയുടെ നടപടിയെ ചോദ്യം ചെയ്താണ് അനില്‍ കുമാര്‍ ഹൈക്കോടതിയെ സമീപിച്ചത്.

അടിയന്തരാവസ്ഥയുടെ അന്‍പതാം വാര്‍ഷികവുമായി ബന്ധപ്പെട്ട് കേരള സര്‍വകലാശാല സെനറ്റ് ഹാളില്‍ ശ്രീ പത്മനാഭ സേവാ സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ സെമിനാറിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളാണ് രജിസ്ട്രാറുടെ സസ്പെന്‍ഷനിലേക്ക് നീങ്ങിയത്. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറായിരുന്നു മുഖ്യാതിഥി.

കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്താന്‍ അവസരമൊരുക്കിയിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട രജിസ്ട്രാര്‍ ചിത്രം നീക്കണമെന്നും അല്ലെങ്കില്‍ ചടങ്ങ് നടത്താന്‍ അനുവദിക്കില്ലെന്നും വ്യക്തമാക്കി. തുടര്‍ന്ന് പരിപാടിക്ക് അനുമതി നിഷേധിച്ചു.

ചാന്‍സലറായ ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിക്ക് അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട് രാജ്ഭവന്‍ വിസിയോട് വിശദീകരണം ചോദിക്കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ വിസി രജിസ്ട്രാര്‍ക്കെതിരെ ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. റിപ്പോര്‍ട്ട് പരിശോധിച്ച ഗവര്‍ണര്‍ സസ്‌പെന്‍ഡ് ചെയ്യാന്‍ വിസിക്ക് നിര്‍ദേശം നല്‍കുകയായിരുന്നു

തുടര്‍ന്നാണ് സസ്പെന്‍ഷന്‍ നിയമ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കെ.എസ് അനില്‍ കുമാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. മുമ്പ് ഹര്‍ജി പരിഗണിക്കവേ രൂക്ഷമായ വിമര്‍ശനങ്ങളായിരുന്നു ഹൈക്കോടതി ഉയര്‍ത്തിയത്. രജിസ്ട്രാറുടെ നടപടി ഗവര്‍ണറുടെ വിശിഷ്ടതയെ ബാധിച്ചുവെന്നും ഇങ്ങനെയല്ല വിഷയം കൈകാര്യം ചെയ്യേണ്ടിയിരുന്നതെന്നും കോടതി വിമര്‍ശിച്ചിരുന്നു.



1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.