ഒരു മാസത്തിനിടെ രണ്ടാമത്തെ വീഴ്ച; ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കൈക്ക് പരിക്ക്

ഒരു മാസത്തിനിടെ രണ്ടാമത്തെ വീഴ്ച; ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കൈക്ക് പരിക്ക്

വത്തിക്കാന്‍ സിറ്റി: ഒരു മാസത്തിനിടെ ഉണ്ടായ രണ്ടാമത്തെ വീഴ്ചയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കൈക്ക് പരിക്ക്. മാര്‍പാപ്പയുടെ വസതിയായ സാന്റ മാര്‍ത്ത ഹൗസില്‍ വച്ചുണ്ടായ വീഴ്ചയിലാണ് പരിക്കേറ്റത്. വലതുകൈത്തണ്ടയ്ക്ക് നിസാരമായ പരിക്കാണുള്ളതെന്നും എല്ലുകള്‍ക്ക് പൊട്ടലില്ലെന്നും വത്തിക്കാന്‍ അറിയിച്ചു.

കഴിഞ്ഞ ഡിസംബറില്‍ മാര്‍പാപ്പയ്ക്ക് സമാനമായ വീഴ്ച സംഭവിച്ചിരുന്നു. അന്ന് കിടക്കയില്‍ നിന്നായിരുന്നു വീണത്. തുടര്‍ന്ന് മാര്‍പാപ്പയുടെ വലതുതാടിക്ക് ചതവ് സംഭവിച്ചു. ഇതിന് ശേഷം ഏതാനും ആഴ്ചകള്‍ പിന്നിടുമ്പോഴാണ് രണ്ടാമത്തെ വീഴ്ചയും.

വീണ് പരിക്കേറ്റിട്ടും 88 കാരനായ മാര്‍പാപ്പ അന്ന് ഷെഡ്യൂള്‍ ചെയ്ത കര്‍ത്തവ്യങ്ങള്‍ കൃത്യമായി പൂര്‍ത്തിയാക്കിയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വാര്‍ദ്ധക്യ സഹജമായ അസുഖങ്ങള്‍ അദേഹത്തിനുണ്ട്. ഇടുപ്പിനും മുട്ടിനും അസഹ്യമായ വേദനയുള്ളതിനാല്‍ കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലാണ്. അതിനാല്‍ 2022 മുതല്‍ വീല്‍ചെയറിലാണ് അദേഹം പ്രത്യക്ഷപ്പെടുന്നത്.

വത്തിക്കാനില്‍ ലോക ഭക്ഷ്യസുരക്ഷയെക്കുറിച്ച് എഫ്എഒ പ്രോഗ്രാം കമ്മിറ്റി ചെയര്‍പേഴ്സണുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെയാണ് വീണ് പരിക്കേറ്റത്. ഇതേത്തുടര്‍ന്ന് മുന്‍കരുതല്‍ എന്ന നിലയില്‍ ഒരു സ്ലിങ് അദേഹം കൈയില്‍ ധരിച്ചിട്ടുണ്ട്. വീണതിനെ തുടര്‍ന്ന് വലത് കൈത്തണ്ടയില്‍ മുറിവേറ്റതായി വത്തിക്കാനില്‍ നിന്നുള്ള ഒരു പ്രസ്താവന വ്യക്തമാക്കി. എന്നാല്‍ എക്‌സ്-റേയില്‍ ഒടിവുകളൊന്നും കണ്ടെത്തിയിട്ടില്ല.

അടുത്തിടെ പ്രസിദ്ധീകരിച്ച തന്റെ ആത്മകഥയില്‍ രാജിയെക്കുറിച്ചുള്ള കിംവദന്തികള്‍ അദേഹം തള്ളിക്കളഞ്ഞിരുന്നു. 'ഞാന്‍ സുഖമായിരിക്കുന്നു. കാലുകള്‍ ഉപയോഗിച്ചല്ല, തലയും ഹൃദയവും ഉപയോഗിച്ചാണ് സഭയെ ഭരിക്കുന്നത്.'-എന്നായിരുന്നു അദേഹത്തിന്റെ മറുപടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.