വാഷിങ്ടണ്‍: ഡൊണാള്‍ഡ് ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനായുള്ള ഒരുക്കങ്ങള്‍ അമേരിക്കന്‍ തലസ്ഥാനമായ വാഷിങ്ടണ്‍ ഡി.സിയില്‍ അതിവേഗം പുരോഗമിക്കുകയാണ്. രാജ്യത്തിന്റെ ചരിത്രത്തില്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള കാഴ്ചകള്‍ക്കാണ് വാഷിങ്ടണ്‍ ഡി.സി. സാക്ഷ്യം വഹിക്കുന്നത്.
അക്ഷരാര്‍ഥത്തില്‍ പഴുതടച്ച സുരക്ഷയ്ക്ക് നടുവിലാകും തിങ്കളാഴ്ച ട്രംപിന്റെ അധികാരമേറ്റെടുക്കല്‍. സുരക്ഷാ സേനകളുടെ കണ്ണുവെട്ടിച്ച് ഒരീച്ചയ്ക്ക് പോലും കടക്കാന്‍ കഴിയാത്ത കോട്ടയായി വാഷിങ്ടണ്‍ ഡി.സി. ഇപ്പോള്‍ തന്നെ മാറിക്കഴിഞ്ഞു.
നാല് വര്‍ഷം മുമ്പ് ജോ ബൈഡന്റെ സത്യപ്രതിജ്ഞയ്ക്ക് മുമ്പ് ക്യാപിറ്റോള്‍ ഹില്ലിനുനേരെ ട്രംപ് അനുകൂലികള്‍ നടത്തിയ ആക്രമണവും മാസങ്ങള്‍ക്ക് മുമ്പ് ട്രംപിനുനേരെ ഉണ്ടായ വധശ്രമങ്ങളും ഉള്‍പ്പെടെ ഓര്‍മ്മയിലുള്ളതുകൊണ്ടാണ് സുരക്ഷാ ഏജന്‍സികള്‍ ഇത്ര വലിയ മുന്നൊരുക്കം നടത്തുന്നത്.
യു.എസ്. സീക്രട്ട് സര്‍വീസും മറ്റ് നിയമ നിര്‍വ്വഹണ ഏജന്‍സികളും ചേര്‍ന്ന് വാഷിങ്ടണ്‍ ഡി.സിയില്‍ 48 കിലോമീറ്റര്‍ നീളത്തില്‍ വേലി കെട്ടിയുയര്‍ത്തിക്കഴിഞ്ഞു. രാജ്യ തലസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും നീളം കൂടിയ ഈ വേലിക്ക് ഏഴടി ഉയരമാണുള്ളത്.
ക്യാപിറ്റോള്‍ ഹില്‍ മുതല്‍ വൈറ്റ് ഹൗസ് വരെ ഏതാണ്ട് രണ്ട് കിലോമീറ്റര്‍ ദൂരത്തിലുള്ള എല്ലാ തെരുവുകളും ഇതിനകം അടച്ചു പൂട്ടിക്കഴിഞ്ഞു. ആക്രമണങ്ങള്‍ തടയാനായി കോണ്‍ക്രീറ്റ് ബാരിക്കേഡുകളും പടുകൂറ്റന്‍ വാഹനങ്ങളും ഉപയോഗിച്ചാണ് തെരുവുകള്‍ അടച്ചുപൂട്ടിയത്.
യു.എസ്. പ്രസിഡന്റ് സത്യപ്രതിജ്ഞാ ചടങ്ങുകളുടെ ചരിത്രത്തില്‍ ഏറ്റവും സൈനികവത്കരിക്കപ്പെട്ട സത്യപ്രതിജ്ഞയാകും ഡൊണാള്‍ഡ് ട്രംപിന്റേത്. 7,800 സൈനികരെയാണ് സുരക്ഷയ്ക്കായി തലസ്ഥാനത്ത് വിന്യസിച്ചത്. തീര്‍ന്നില്ല, രാജ്യമെമ്പാടുനിന്നുമുള്ള 25,000 പോലീസ് ഉദ്യോഗസ്ഥരും സുരക്ഷ ഉറപ്പാക്കാനായി വാഷിങ്ടണ്‍ ഡി.സിയിലെത്തിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.