അമേരിക്ക ലോകാരോഗ്യ സംഘടനയില്‍ നിന്നും പിന്‍മാറുന്നു; നടപടികള്‍ക്ക് ഉത്തരവിട്ട് ട്രംപ്

അമേരിക്ക ലോകാരോഗ്യ സംഘടനയില്‍ നിന്നും പിന്‍മാറുന്നു; നടപടികള്‍ക്ക് ഉത്തരവിട്ട് ട്രംപ്

വാഷിങ്ടണ്‍ ഡിസി: അമേരിക്ക ലോകാരോഗ്യ സംഘടനയില്‍ നിന്നും പിന്‍മാറുന്നു. ഡോണള്‍ഡ് ട്രംപ് അധികാരത്തിലേറിയതിന് പിന്നാലെയാണ് നിര്‍ണായക നീക്കം. ഇതിനുള്ള നടപടികള്‍ ആരംഭിക്കാന്‍ ട്രംപ് ഉത്തരവിട്ടു.

യു.എന്‍ മാനദണ്ഡപ്രകാരം അംഗത്വ പിന്‍മാറ്റം പൂര്‍ത്തിയാകാന്‍ ഒരു വര്‍ഷത്തോളം എടുക്കും. ലോകാരോഗ്യ സംഘടനയക്ക് യു.എസ് നല്‍കുന്ന തുകയാണ് ട്രംപിനെ ചൊടിപ്പിച്ചത്. 500 ദശലക്ഷം ഡോളര്‍ യു.എസ് നല്‍കുമ്പോള്‍ വികസിത രാജ്യമായ ചൈന നല്‍കുന്നത് ഇതിന്റെ പത്തിലൊന്നാണെന്ന് ട്രംപ് ചൂണ്ടിക്കാട്ടുന്നു. വലിയ ജനസംഖ്യയുള്ള രാജ്യം ഇത്രയും ചെറിയ തുക നല്‍കുന്നതിനെ മുന്‍പും ട്രംപ് വിമര്‍ശിച്ചിരുന്നു.

കഴിഞ്ഞ ടേമില്‍ ധനസഹായം വെട്ടി കുറയ്ക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് ട്രംപ് തുടക്കമിട്ടെങ്കിലും ജോ ബൈഡന്‍ അധികാരത്തില്‍ വന്നതിന് പിന്നാലെ ഇത് നിര്‍ത്തിവെക്കുകയായിരുന്നു. വലിയ തുക യു.എസ് ചെലവഴിക്കുമ്പോള്‍ അതിന്റെ നേട്ടം ചൈന കൊണ്ടു പോകുന്നതിലുള്ള എതിര്‍പ്പാണ് ട്രംപിനെ കടുത്ത തീരുമാനത്തിലേക്ക് എത്തിച്ചത്. ഈ തുക അമേരിക്കന്‍ ജനതയുടെ ആരോഗ്യ സംരക്ഷണ പദ്ധതികളിലേക്ക് മാറ്റിവെക്കുമെന്ന് മുന്‍പ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. കോവിഡ് മഹാമാരിയിടെ സമയത്ത് ലോകാരോഗ്യ സംഘടന നിഷ്‌ക്രീയമായിരുന്നുവെന്നും ചൈനയാണ് സംഘടനയെ നിയന്ത്രിക്കുന്നതെന്നും തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ട്രംപ് കുറ്റപ്പെടുത്തിയിരുന്നു.

യുഎസിന്റെ പിന്‍മാറ്റം മൂന്നാലോക രാജ്യങ്ങളേയും ആഫ്രിക്കന്‍ രാജ്യങ്ങളെയുമാണ് കൂടുതലായും ബാധിക്കുക. യു.എസ് ധനസഹായം നിര്‍ത്തലാകുന്നതോടെ പല പൊതുജനാരോഗ്യ പരിപാടികളുടെയും നടത്തിപ്പ് പോലും അവതാളത്തിലാകും. 2022 ലും 2023 ലും 1.284 ബില്യണ്‍ ഡോളറാണ് യു.എസ് ലോകാരോഗ്യ സംഘടനയ്ക്ക് നല്‍കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.