എറണാകുളം-അങ്കമാലി അതിരൂപതയിലെ തര്‍ക്കം: വൈദികരുമായി വീണ്ടും ചര്‍ച്ച നടത്തി മാര്‍ ജോസഫ് പാംപ്ലാനി; ചര്‍ച്ച പോസിറ്റീവെന്ന് വൈദിക സമിതി

എറണാകുളം-അങ്കമാലി അതിരൂപതയിലെ തര്‍ക്കം: വൈദികരുമായി വീണ്ടും ചര്‍ച്ച നടത്തി മാര്‍ ജോസഫ് പാംപ്ലാനി;  ചര്‍ച്ച പോസിറ്റീവെന്ന് വൈദിക സമിതി

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ തര്‍ക്കത്തില്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയും വൈദികരുമായി രണ്ടാം ഘട്ട ചര്‍ച്ച നടത്തി. അതിരൂപതയിലെ ഭരണപരമായ വിഷയങ്ങളാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്തതെന്നും ഏകീകൃത കുര്‍ബാന സംബന്ധിച്ച ചര്‍ച്ചകള്‍ പിന്നീട് നടക്കുമെന്നും വൈദിക സമിതി അറിയിച്ചു.

ചര്‍ച്ച പോസിറ്റീവെന്നും തങ്ങള്‍ മുന്നോട്ടു വെച്ച ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് മാര്‍ ജോസഫ് പാംപ്ലാനി ഉറപ്പു നല്‍കിയെന്നും വൈദികര്‍ പറഞ്ഞു. വൈദികര്‍ക്കെതിരായ നടപടികള്‍ മരവിപ്പിക്കാനും തീരുമാനമായി.

കൂടാതെ കൂരിയയും മറ്റ് കാനോനിക സമിതികളും പുനസംഘടിപ്പിക്കുമെന്ന് ഉറപ്പു ലഭിച്ചു. അതിരൂപതയിലെ വൈദികരെ നാല് സോണുകളാക്കി തിരിച്ച് ചര്‍ച്ച നടത്തും. അല്‍മായരുമായും ചര്‍ച്ചയുണ്ടാകും.

തുടര്‍ ചര്‍ച്ചകളില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ കൂടി പങ്കെടുക്കുന്ന കാര്യം പരിഗണിക്കുമെന്നും മാര്‍ ജോസഫ് പ്ലാംപാനി ഉറപ്പ് നല്‍കി. പൊലീസ് നടപടിയുണ്ടായ ദിവസത്തെ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും വൈദികര്‍ പറഞ്ഞു.

സഭാ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസില്‍ കഴിഞ്ഞയാഴ്ച സിനഡ് സമ്മേളനം നടക്കുന്നതിനിടെ എറണാകുളം-അങ്കമാലി അതിരൂപതയിലെ ഏതാനും വിമത വൈദികര്‍ ബിഷപ്പ് ഹൗസ് കൈയേറി പ്രാര്‍ഥനാ യജ്ഞം നടത്തിയിരുന്നു.

ഇതിനിടയില്‍ വിശ്വാസികള്‍ തമ്മില്‍ സംഘര്‍ഷവും ഉണ്ടായിരുന്നു. ബിഷപ്പ് ഹൗസില്‍ പ്രാര്‍ത്ഥനാ പ്രതിഷേധം നടത്തുന്ന വിമത വൈദികരെ ബലം പ്രയോഗിച്ച് പുറത്താക്കാന്‍ പൊലീസ് ശ്രമിച്ചതും സംഘര്‍ഷത്തിനിടയാക്കി.

തുടര്‍ന്നുണ്ടായ പ്രശ്നത്തില്‍ 21 വൈദികര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന് വിഷയത്തില്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയും വൈദികരും തമ്മില്‍ നടത്തിയ പ്രാഥമിക ചര്‍ച്ചയോടെ വൈദികര്‍ പ്രാര്‍ത്ഥനായജ്ഞം അവസാനിപ്പിക്കുകയും ചെയ്തിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.