പശ്ചിമേഷ്യയിലെ സമുദ്ര വ്യാപാരത്തിന് ഭീഷണി; ഹൂതികളെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് ട്രംപ്

പശ്ചിമേഷ്യയിലെ സമുദ്ര വ്യാപാരത്തിന് ഭീഷണി; ഹൂതികളെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് ട്രംപ്

വാഷിങ്ടണ്‍: യെമനിലെ ഹൂതികളെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

പശ്ചിമേഷ്യയിലെ അമേരിക്കന്‍ ഉദ്യേഗസ്ഥര്‍ക്കും സമുദ്ര വ്യാപാരത്തിനും ഹൂതികള്‍ ഭീഷണിയാണെന്നും യെമന്‍, സൗദി, യുഎഇ എന്നിവിടങ്ങളിലെ ആക്രമണങ്ങള്‍ക്ക് കാരണം ഹൂതികളാണെന്നും ചൂണ്ടിക്കാട്ടിയാണ് ട്രംപിന്റെ നടപടി.

ചെങ്കടലില്‍  അമേരിക്കന്‍ കപ്പലുകള്‍ക്കും വിമാനങ്ങള്‍ക്കുമെതിരെ ഹൂതികള്‍ നിരന്തര ആക്രമണം തുടരുന്ന സാഹചര്യത്തില്‍ പ്രസിഡന്റായി അധികാരത്തിലേറിയ ട്രംപിന്റെ പ്രഖ്യാപനങ്ങളില്‍ പ്രധാനപ്പെട്ട ഒന്നു കൂടിയാണിത്. ചെങ്കടലില്‍ അടക്കം സൈനിക സാന്നിധ്യം വര്‍ധിപ്പിക്കുമെന്ന് കഴിഞ്ഞ ദിവസം അദേഹം പ്രഖ്യാപിച്ചിരുന്നു.

ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ചെങ്കടലിലൂടെ എത്തുന്ന കപ്പലുകള്‍ ആക്രമിക്കുന്നത് നിര്‍ത്തുമെന്ന് ഹൂതി വിമതര്‍ വ്യക്തമാക്കി. എന്നാല്‍ ഇസ്രേലി കപ്പലുകളെ തങ്ങള്‍ വീണ്ടും ആക്രമിക്കുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. വെടിനിര്‍ത്തലിന്റെ മൂന്നാം ഘട്ടം പ്രാബല്യത്തില്‍ വരുന്നതു വരെ ഇസ്രയേലി കപ്പലുകളെ ആക്രമിക്കുമെന്നാണ് ഹൂതികളുടെ നിലപാട്.

അമേരിക്ക, ബ്രിട്ടന്‍ എന്നിവടങ്ങളിലെ വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ ഉടമസ്ഥതയിലുള്ള കപ്പലുകള്‍ക്കും അവരുടെ പതാകകള്‍ക്ക് കീഴില്‍ സഞ്ചരിക്കുന്ന കപ്പലുകള്‍ക്കുമെതിരായ സമുദ്ര ഉപരോധം നിര്‍ത്തുമെന്ന് സെന്റര്‍ ഷിപ്പിങ് കമ്പനികള്‍ക്ക് അയച്ച ഇമെയിലില്‍ ഹൂതികള്‍ വ്യക്തമാക്കി.

ഗാസ വെടിനിര്‍ത്തല്‍ പൂര്‍ണമായി നടപ്പാക്കിയില്ലെങ്കില്‍ വാണിജ്യ കപ്പലുകള്‍ക്ക് നേരെ വിശാലമായ ആക്രമണം പുനരാരംഭിക്കും. അമേരിക്കയോ ബ്രിട്ടനോ ഇസ്രയേലോ യെമനെതിരെ ഏതെങ്കിലും തരത്തിലുള്ള ആക്രമണം നടത്തിയാല്‍ ഉപരോധം പുനസ്ഥാപിക്കും. അത്തരം നടപടികള്‍ മുന്‍കൂട്ടി ഷിപ്പിങ് കമ്പനികളെ അറിയിക്കുമെന്നും ഹൂതികള്‍ ഇമെയില്‍ സന്ദേശത്തില്‍ പറഞ്ഞു.

ആദ്യ വട്ടം പ്രസിഡന്റായിരിക്കേ 2020 ല്‍ ഹൂതികളെ ഭീകര സംഘടനയായി പ്രഖ്യാപിച്ച ട്രംപിന്റെ തീരുമാനം ബൈഡന്‍ വന്നതോടെയാണ് മാറ്റിയത്. യെമനിലെ നിരവധി പ്രദേശങ്ങളുടെ നിയന്ത്രണം ഹൂതി വിമതരുടെ കൈവശമാണ്.

ഇവരുമായി സ്ഥിരം ആശയ വിനിമയം നടത്തേണ്ടി വരുമെന്നതിനാല്‍ ഹൂതികളെ ഭീകര സംഘടനകളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നുള്ള മനുഷ്യാവകാശ സംഘടനകളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ബൈഡന്‍ ഇവരെ ഭീകര പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.