ന്യൂഡല്‍ഹി: നേതൃമാറ്റമടക്കം കെപിസിസി പുനസംഘടനയില്‍ അടുത്തയാഴ്ചയോടെ ഹൈക്കമാന്‍ഡ് തീരുമാനമുണ്ടാകും. ഇതു സംബന്ധിച്ച് കേരളത്തിന്റെ സംഘടനാ ചുമതലയുളള ദീപ ദാസ് മുന്‍ഷി ചില മുതിര്‍ന്ന കെപിസിസി നേതാക്കളുമായി കഴിഞ്ഞ ദിവസങ്ങളില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
മറ്റ് നേതാക്കളുമായുള്ള ദീപാ ദാസ് മുന്‍ഷിയുടെ കൂടിക്കാഴ്ച വേഗത്തില്‍ പൂര്‍ത്തിയാക്കും. പിന്നീട് സംഘടന ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ അടക്കമുള്ളവരുമായി ആശയ വിനിമയം നടത്തിയ ശേഷം എഐസിസി അധ്യക്ഷന് ദീപാ ദാസ് മുന്‍ഷി റിപ്പോര്‍ട്ട് നല്‍കുമെന്നാണ് വിവരം.
അതിനിടെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ജയിക്കാനുള്ള പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ 'പ്ലാന്‍ 63'ന് ഹൈക്കമാന്‍ഡ് പിന്തുണയറിയിച്ചു.
2001 ല്‍ കോണ്‍ഗ്രസ് നേടിയതാണ് 63 സീറ്റുകളെന്നും അത് നിലനിര്‍ത്തേണ്ടതുണ്ടെന്നും ഈ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചാല്‍ മാത്രമേ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് മുന്നേറ്റമുണ്ടാക്കാന്‍ കഴിയൂവെന്നുമാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന രാഷ്ട്രീയകാര്യ സമിതിയില്‍ സതീശന്‍ അറിയിച്ചത്.
21 സിറ്റിങ് സീറ്റടക്കം കോണ്‍ഗ്രസിന് ജയിക്കാവുന്ന 63 സീറ്റുകളിലെ തന്ത്രങ്ങളായിരുന്നു വി.ഡി സതീശന്‍ രാഷ്ട്രീയകാര്യ സമിതില്‍ ഉന്നയിച്ചിരുന്നത്. കെപിസിസി രാഷ്ട്രീയ കാര്യസമിതിയില്‍ ഇതിനെതിരെ വലിയ വിമര്‍ശനമുയര്‍ന്നു. ഇതാര് എവിടെ ചര്‍ച്ച ചെയ്ത് തീരുമാനിച്ചെന്ന് ചോദിച്ചായിരുന്നു രാഷ്ട്രീയകാര്യ സമിതിയില്‍ മുന്‍മന്ത്രി എ.പി അനില്‍കുമാര്‍ പൊട്ടിത്തെറിച്ചത്.
ഒറ്റക്ക് തീരുമാനമെടുക്കുന്ന ശൈലിയുടെ ഭാഗമായാണ് സതീശന്റെ പ്ലാന്‍ 63 എന്നാണ് എതിര്‍ ചേരിയുടെ പ്രധാന വിമര്‍ശനം. അതേ സമയം ഇത്തരം ആശയങ്ങള്‍ പാര്‍ട്ടിയുടെ ഉയര്‍ന്ന ഘടകമായ രാഷ്ട്രീയകാര്യ സമിതിയില്‍ അല്ലാതെ മറ്റെവിടെ ചര്‍ച്ച ചെയ്യുമെന്നാണ് സതീശന്‍ പക്ഷക്കാര്‍ ചോദിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.