അതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ കാട്ടാനയെ മയക്കുവെടി വെച്ചു; ചികിത്സാ നടപടികൾ ആരംഭിച്ചു

അതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ കാട്ടാനയെ മയക്കുവെടി വെച്ചു; ചികിത്സാ നടപടികൾ ആരംഭിച്ചു

തൃശൂർ: അതിരപ്പിള്ളിയില്‍ മസ്തകത്തില്‍ മുറിവേറ്റ ആനയെ മയക്കുവെടിവച്ചു. മറ്റ് ആനകളില്‍ നിന്നു മാറ്റിയ ശേഷമാണ് വെടിവച്ചത്. നാല് റൗണ്ട് മയക്കുവെടിവച്ചതിന് ശേഷം ആന പരിഭ്രാന്തിയോടെ ഓടി. മയക്കുവെടിയേറ്റ് മയങ്ങിയ ആനയ്ക്ക് ദൗത്യസംഘം ചികിത്സ ആരംഭിച്ചു.

ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആനയെ മയക്കുവെടിവച്ചത്. ഇന്ന് രാവിലെയാണ് പരിക്കേറ്റ ആനയെ കണ്ടെത്തിയത്. വെറ്റിലപ്പാറ പുഴയുടെ തീരത്ത്, മറ്റ് മൂന്ന് ആനകൾക്കൊപ്പമായിരുന്നു പരിക്കേറ്റ ആന. കാട്ടാനകൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ കുത്തേറ്റതാണ് മുറിവിന് കാരണമെന്നാണ് പ്രാഥമിക നി​ഗമനം.

ആനയ്ക്ക് മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഇല്ലെന്നും എന്നാൽ മുറിവ് ഉണങ്ങാൻ സമയമെടുക്കുമെന്നും വിദഗ്‌ധ സംഘം പറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസമായി മുറവേറ്റ കാട്ടാനയെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയായിരുന്നു. മയക്കുവെടി വെക്കാനുള്ള നീക്കങ്ങൾക്കിടെ കഴിഞ്ഞ ദിവസമാണ് ആന ഉൾക്കാട്ടിലേക്ക് വലിഞ്ഞത്.

50 അംഗ ദൗത്യ സംഘം മൂന്ന് വിഭാഗങ്ങളായി തിരിഞ്ഞ് കൊണ്ട് കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നെങ്കിലും ആനയെ കണ്ടെത്താനായിരുന്നില്ല. മസ്തകത്തിൽ മുറിവേറ്റ ആനയുടെ ആരോഗ്യസ്ഥിതിയിൽ ആശങ്ക ശക്തമായതോടെയാണ് മയക്ക് വെടി വെച്ച് ചികിത്സ നൽകാൻ തീരുമാനിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.