ഫെബ്രുവരി 25- 26 കുവൈറ്റിൽ ദേശീയ-വിമോചന ദിനം

ഫെബ്രുവരി  25- 26 കുവൈറ്റിൽ ദേശീയ-വിമോചന ദിനം

കുവൈറ്റ് സിറ്റി: കുവൈറ്റിൽ ഫെബ്രുവരി 25, 26, തിയതികൾ സന്തോഷത്തിൻ്റെയും ആഘോഷത്തിൻ്റെയും ദിവസങ്ങളായി കൊണ്ടാടുന്നു. ഫെബ്രുവരി 25 കൊളോണിയൽ ആധിപത്യത്തിൽ നിന്നും ഫെബ്രുവരി 26 അയൽ രാജ്യമായ ഇറാക്കിൻ്റെ അധിനിവേശത്തിൽ നിന്നും രാജ്യം മോചിതമായതിൻ്റെ സന്തോഷ ദിനങ്ങളാണിവ. ഈ ദിവസങ്ങളെ യഥാക്രമം ദേശീയ - വിമോചന ദിനമായി രാജ്യം ആഘോഷിക്കുന്നു.

പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ വളരെ കുറഞ്ഞ ജനസംഖ്യയുള്ള ഒരു ചെറിയ മത്സ്യബന്ധന ഗ്രാമമായിരുന്നു കുവൈറ്റ്. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഒരു പ്രധാന വ്യാപാര കേന്ദ്രവും ബോട്ട് നിർമ്മാണ കേന്ദ്രവുമായി മാറി. 1756-ൽ അൽ സബ കുടുംബം കുവൈറ്റ് ഭരിക്കാനുള്ള അധികാരം ഏറ്റെടുത്തു. 1961 ജൂൺ 19നാണ് രാജ്യം ബ്രട്ടീഷ് കാരിൽ നിന്നും മോചിതമായത്. അൽ-സബ കുടുംബത്തിൽ നിന്നുള്ള ഷെയ്ഖ് അബ്ദുല്ല അൽ സലീം അൽ സബ ആദ്യ രാജാവായി അധികാരമേറ്റു.

രാജ്യത്തിൻ്റെ സ്വാതന്ത്രത്തിനു വേണ്ടിയും ആധുനിക കുവൈറ്റ് നിർമ്മിക്കുന്നതിൽ ദീർഘവീക്ഷണത്തോടു കൂടിയ പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പിലാക്കുകയും ചെയ്ത അമീർ ഷെയ്ഖ് അബ്ദുള്ള അൽ സലീം അൽ സബ സ്ഥാനാരോഹണം ചെയ്ത ഫെബ്രുവരി 25 അദ്ദേഹത്തോടുള്ള ആദരസൂചനയായി 1964 മുതൽ ദേശീയ ദിനമായി രാജ്യം ആഘോഷിക്കുന്നു.

1990 ആഗസ്റ്റ് രണ്ടിന് അയൽ രാജ്യമായ ഇറാക്കിൻ്റെ അധിനിവേശത്തിലാവുകയും പതിനൊന്ന്‌ മാസത്തിനൊടുവിൽ അമേരിക്കയുടെയും സംഖ്യകക്ഷികളുടെയും സൈനിക ഇടപെടലുകളുടെ ഭാഗമായി ഫെബ്രുവരിയിൽ ഇറാക്കിന്റെ അധിനിവേശത്തിൽ നിന്ന് മോചനം നേടിയതിന്റെ ഓർമ്മക്കായി ഫെബ്രുവരി 25 കുവൈറ്റ് വിമോചന ദിനമായി ആചരിക്കുന്നു. അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബയും കിരീടവകാശി ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബയും അധികാരത്തിൽ വന്നതിന് ശേഷം ആദ്യം വരുന്ന ദേശീയ വിമോചന ദിനങ്ങളാണ് ഈ വർഷത്തേത് എന്ന പ്രത്യകതകൂടിയുണ്ട് ഈ ആഘോഷങ്ങൾക്ക്.

രാജ്യത്ത് വിവിധങ്ങളായ ആഘോഷപരിപാടികൾ സർക്കാർതലത്തിലും സ്വകാര്യ സ്ഥാപനങ്ങളും നടത്തി വരുന്നു. രാജ്യത്തെ പ്രധാന റോഡുകളും റെസിഡെൻഷ്യൽ ഏരിയാകളും വൈദ്യുതി ദീപാലങ്കാരങ്ങൾ കൊണ്ടും ദേശീയ പതാകകൾ കൊണ്ടും അലങ്കരിച്ച് ആഘോഷത്തെ വരവേൽക്കാൻ കുവൈറ്റ് ഒരുങ്ങിക്കൊണ്ടിരിക്കുന്നു. വാണിജ്യസ്ഥാപനങ്ങൾ ഹലാ ഫെബ്രുവരി എന്ന പേരിൽ പ്രത്യേക ഡിസ്‌കൗണ്ട് വ്യാപാരങ്ങൾ നടത്തി വരുന്നു. കുവൈറ്റിലുള്ള സ്വദേശികൾക്കും വിദേശികൾക്കും ആഹ്ളാദത്തിന്റെയും ആഘോഷങ്ങളുടെയും ധന്യ നിമിഷങ്ങളാണ് ഈ ദിനങ്ങൾ.

വിൽ‌സൺ ജെയിംസ് കരിമഠം


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.