ന്യൂഡല്‍ഹി: രാജവ്യാപകമായി എല്ലാ ഔദ്യോഗിക, വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്കും ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയം നിര്‍ബന്ധമാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇത് സംബന്ധിച്ച് പൊതുജനങ്ങളില്‍ നിന്നും ഉപഭോക്തൃ മന്ത്രാലയം അഭിപ്രായം ക്ഷണിച്ചു. ഫെബ്രുവരി 14 നകം അഭിപ്രായം അറിയിക്കാനാണ് നിര്‍ദേശം.
ലീഗല്‍ മെട്രോളജി (ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയം) റൂള്‍സ് 2024 ല്‍ സമയം ഏകീകരിക്കാന്‍ ലക്ഷ്യമിടുന്നുണ്ട്. നിയമപരവും ഭരണപരവും വാണിജ്യപരവും ഔദ്യോഗികവുമായ രേഖകളില്‍ ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയം നിര്‍ബന്ധമാക്കാനാണ് നീക്കം. വാണിജ്യം, ഗതാഗതം , പൊതുഭരണം, നിയമപരമായ കരാറുകള്‍, സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ എന്നിവ ഉള്‍പ്പെടെയുളള എല്ലാ മേഖലകളിലും ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയം നിര്‍ബന്ധമാക്കുമെന്നാണ് കരട് നിയമത്തില്‍ പറയുന്നത്.
ഔദ്യോഗികവും വാണിജ്യപരവുമായ ആവശ്യങ്ങള്‍ക്കായി ഐഎസ്ടി ഒഴികെയുള്ള സമയങ്ങള്‍ ഉപയോഗിക്കുന്നതിന് നിരോധനം, സര്‍ക്കാര്‍ ഓഫീസുകളിലും മറ്റ് പൊതുസ്ഥാപനങ്ങളിലും ഐഎസ്ടി നിര്‍ബന്ധമായും പ്രദര്‍ശിപ്പിക്കുക, വിശ്വാസ്യതയും സൈബര്‍ സുരക്ഷയും ഉറപ്പാക്കാന്‍ സമയക്രമീകരണം ഏര്‍പ്പെടുത്തുക തുടങ്ങിയവയാണ് കരട് ചട്ടത്തിലെ മറ്റ് പ്രധാന നിര്‍ദേശങ്ങള്‍.
ടെലികമ്മ്യൂണിക്കേഷന്‍, ബാങ്കിങ്, പ്രതിരോധം, 5 ജി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുടങ്ങി വളര്‍ന്ന് വരുന്ന സാങ്കേതിക വിദ്യകള്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ സമയം ഏകീകരിക്കാന്‍ ലക്ഷ്യമിട്ടാണ് നടപടി. നാനോ സെക്കന്‍ഡ് കൃത്യതയോടെയുള്ള സമയക്രമം എല്ലാ മേഖലകളിലും നിര്‍ണായകമാണെന്ന് മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം ജ്യോതിശാസ്ത്രം, നാവിഗേഷന്‍, ശാസ്ത്ര ഗവേഷണം തുടങ്ങിയ മേഖലകളില്‍ ഇളവുകള്‍ അനുവദിച്ചേക്കും. ഐഎസ്ആര്‍ഒയുടെ സഹായത്തോടെ കൃത്യമായ രീതിയിലൊരു സമയ സംവിധാനം തയ്യാറാക്കാനുള്ള നടപടികള്‍ ഉപഭോക്തൃകാര്യ വകുപ്പ് ആരംഭിച്ചിട്ടുണ്ട്. നിയമലംഘനങ്ങള്‍ക്ക് കര്‍ശന പിഴ ചുമത്തും. മാത്രമല്ല സമയക്രമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ വാര്‍ഷിക ഓഡിറ്റുകളും ആസൂത്രണം ചെയ്യുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.