ടീമുകള്‍ അവസാന പോരിലേക്ക്‌ നോര്‍ത്ത്‌ ഈസ്‌റ്റ്‌ മൂന്നാം സ്ഥാനത്ത്‌

ടീമുകള്‍ അവസാന പോരിലേക്ക്‌ നോര്‍ത്ത്‌ ഈസ്‌റ്റ്‌ മൂന്നാം സ്ഥാനത്ത്‌

ഫത്തോര്‍ഡ : ഐ.എസ്‌.എല്‍ ഏഴാം സീസണിന്റെ റൗണ്ട്‌ റോബിന്‍ ലീഗ്‌ മത്സരങ്ങള്‍ക്ക്‌ തിരശ്ശീല വീഴാന്‍ കേവലം ആറ്‌ മത്സരങ്ങള്‍ ബാക്കി നില്‍ക്കെ ആദ്യ നാലില്‍ എത്തുന്ന ടീമുകളുടെ ചിത്രം തെളിയുന്നു. അഞ്ചാം സ്ഥാനത്തു നിന്ന നോര്‍ത്ത്‌ ഈസ്‌റ്റ്‌ ഒന്നിനെതിരെ രണ്ട്‌ ഗോളുകള്‍ക്ക്‌ ഈസ്‌റ്റ്‌ ബംഗാളിനെ തോല്‍പ്പിച്ചു ഒറ്റയടിക്ക്‌ മൂന്നാം സ്ഥാനത്തേക്കു കുതിച്ചു.


ഇനി നോര്‍ത്ത്‌ ഈസ്‌റ്റിനു അവസാന മത്സരത്തില്‍ ദുര്‍ബലരായ കേരള ബ്ലാസ്‌റ്റേഴ്‌സിനെ നേരിട്ടാല്‍ മതി. എ.ടി.കെയ്‌ക്കും മുംബൈ സിറ്റിക്കും പിന്നില്‍ നോര്‍ത്ത്‌‌ ഈസ്‌റ്റ്‌ മൂന്നാമതെത്തിയപ്പോള്‍ എഫ്‌.സി ഗോവ, ഹൈദരാബാദ്‌ എന്നീ ടീമുകള്‍ നാലും അഞ്ചും സ്ഥാനങ്ങളിലേക്കു പിന്തള്ളപ്പെട്ടു. ഇതോടെ അടുത്ത ഞായറാഴ്‌ച നടക്കുന്ന എഫ്‌ .സി ഗോവയും ഹൈദരാബാദും തമ്മില്‍ നടക്കുന്ന മത്സരം പ്ലേ ഓഫിനു വേണ്ടിയുള്ള ജീവന്മരണ പോരാട്ടമായി.

ഒഡീഷയ്‌ക്കും മുംബൈ സിറ്റിക്കും ഒഴിച്ച്‌ മറ്റെല്ലാ ടീമുകള്‍ക്കും ഇനി ഓരോ മത്സരങ്ങള്‍ മാത്രം. ബാക്കി. പ്ലേ ഓഫിലേക്കു സീറ്റ്‌ നേടാന്‍ വിജയം അനിവാര്യമായിരുന്ന നോര്‍ത്ത്‌ ഈസ്‌റ്റ്‌ ഈ സീസണിലെ ദുര്‍ബല ടീമുകളില്‍ ഒന്നായ എസ്‌.സി ഈസ്‌റ്റ്‌ ബംഗാളിനെതിരെ ആദ്യ പകുതിയില്‍ നിരാശകരമായ പ്രകടനമാണ്‌ നടത്തിയത്‌ രണ്ടു ടീമുകളും നിരവധി മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ അവസരം ലഭിക്കാന്‍ കഴിയുന്ന ഒരു നീക്കവും ഉണ്ടായില്ല. ഒരു ശക്തമായ ഷോട്ടുപോലും ഉണ്ടാകാതെ വിരസമായ ഒന്നാം പകുതി സമാപിക്കുമ്പോള്‍ നോര്‍ത്ത്‌ ഈസ്‌റ്റിനു മൂന്നു ഓണ്‍ ടാര്‍ജറ്റ്‌ ഷോട്ടും ഈസ്‌റ്റ്‌ ബംഗാളിനു ഒരു ഷോട്ടും മാത്രമെ പായിക്കാനായുള്ളു. രണ്ടാം പകുതിയുടെ തുടക്കം തന്നെ നോര്‍ത്ത്‌ ഈസ്‌റ്റ്‌ ലീഡ്‌ നേടി.

മലയാളി താരം വി.പി സൂഹൈറിലൂടെയാണ്‌ 47-ാം മിനിറ്റിലെ നോര്‍ത്ത്‌ ഈസ്‌റ്റിന്റെ ആദ്യ ഗോള്‍. ഇമ്രാന്‍ ഖാന്റെ പാസ്‌ സ്വീകരിച്ച സുഹൈര്‍ ഈസ്റ്റ്‌ ബംഗാള്‍ ഗോളി ഇര്‍ഷാദിനെ കബളിപ്പിച്ചു ഇടം കാലനടിയിലൂടെ ഗോള്‍ നേടി ( 0-1). അധികം വൈകാതെ നോര്‍ത്ത്‌ ഈസ്‌റ്റ്‌ ഭാഗ്യത്തിന്റെ അകമ്പടിയോടെ രണ്ടാം ഗോള്‍ നേടി ലീഡുയര്‍ത്തി. നിം ദോര്‍ജിയുടെ ക്രോസ്‌ ക്ലിയര്‍ ചെയ്യാനുളള ഡിഫെന്‍ഡര്‍ സാര്‍ത്തക്‌ ഗുലോയിയുടെ ക്ലിയറന്‍സ്‌ പിഴവില്‍ പന്ത്‌ സ്വന്തം വലയിലേക്കായി. വളരെ കൃത്യമായി സ്വന്തം വലയിലേക്ക്‌ ഗുലോയി പന്ത്‌ ചെത്തിയിടുകയായിരുന്നു (0-2). കുനിന്മേല്‍ കുരുവെന്ന പോലെ ഈസ്റ്റ്‌ ബംഗാളിന്റെ രാജു ഗെയ്‌ക്ക്‌വാദ്‌ രണ്ടാമത്തെ മഞ്ഞക്കാര്‍ഡും വാങ്ങി പുറത്തയതോടെ ഈസ്‌റ്റ്‌ ബംഗാളിന്റെ അംഗബലം പത്തായി ചുരുങ്ങി.

ഇതോടെ നോര്‍ത്ത്‌ ഈസ്‌റ്റ്‌ യുണൈറ്റഡ്‌ 72-ാം മിനിറ്റില്‍ തന്നെ വിജയം ഉറപ്പാക്കി. ഈ അനുകൂല സാഹചര്യം നോര്‍ത്ത്‌ ഈസ്‌റ്റിനെ അലസരാക്കി. ഇതിന്റെ ഫലമായി 86-ാം മിനിറ്റില്‍ ഈസ്റ്റ്‌ ബംഗാള്‍ ഗോള്‍ നേടി ഫ്രീ കിക്കിനെ തുടര്‍ന്നാണ്‌ ഗോള്‍. സൂര്‍ചന്ദര്‍ സിംഗ്‌ എടുത്ത ഫ്രീ കിക്ക്‌ ഹെഡ്ഡറിലൂടെ സാര്‍ത്തക്‌ ഗുലോയി വലയിലേക്ക്‌ തിരിച്ചുവിട്ടു. നോര്‍ത്ത്‌ ഈസ്‌റ്റിന്റെ ഗോള്‍ കീപ്പര്‍ സുഭാഷിഷ്‌ റോയ്‌ ചൗധരി മുന്നോട്ട്‌ കയറി പന്ത്‌ കുത്തിയകറ്റാന്‍ നടത്തിയ ശ്രമം പാളി. ആളൊഴിഞ്ഞ പോസ്‌റ്റില്‍ സുഭാഷിന്റെ കൈകള്‍ക്ക്‌ മുകളിലൂടെ ഗുലോയിയുടെ ഹെഡ്ഡര്‍ വലയിലെത്തി (1-2). ഈ ആശ്വാസ ഗോള്‍ സാര്‍ത്തക്‌ ഗുലോയിയുടെ ഓണ്‍ ഗോളിനു ഒരുപ്രായശ്ചിത്തം കൂടിയായി. മലയാളി താരം വി.പി സുഹൈര്‍ ആണ്‌ കളിയിലെ താരം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.