പത്മഭൂഷണ്‍ ഡോ. ജോസ് ചാക്കോ പെരിയപ്പുറം ജീവിതം തൊടുന്ന ശസ്ത്രക്രിയാ വിദഗ്ധന്‍: മാര്‍ റാഫേല്‍ തട്ടില്‍

പത്മഭൂഷണ്‍ ഡോ. ജോസ് ചാക്കോ പെരിയപ്പുറം ജീവിതം തൊടുന്ന ശസ്ത്രക്രിയാ വിദഗ്ധന്‍: മാര്‍ റാഫേല്‍ തട്ടില്‍

കൊച്ചി: ഇന്ത്യയുടെ പരമോന്നത സിവിലിയന്‍ ബഹുമതികളിലൊന്നായ പത്മഭൂഷണ്‍ പുരസ്‌കാരത്തിന് അര്‍ഹനായ ഡോ. ജോസ് ചാക്കോ പെരിയപ്പുറം ജീവിതം തൊടുന്ന ശസ്ത്രക്രിയാ വിദഗ്ധനാണെന്ന് സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍. കാര്‍ഡിയോ-തൊറാസിക് സര്‍ജറി രംഗത്ത് ഏകദേശം മൂന്നരപതിറ്റാണ്ടിന്റെ അനുഭവ സമ്പത്തുള്ള ഡോ. പെരിയപ്പുറത്തിന്റെ സേവനവും സമര്‍പ്പണവും വൈദഗ്ധ്യവും പരിഗണിച്ചുകൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ ഈ പുരസ്‌ക്കാരം നല്‍കി അദേഹത്തെ ആദരിച്ചതെന്ന് മേജര്‍ ആര്‍ച്ചുബിഷപ്പ് തന്റെ അഭിനന്ദന സന്ദേശത്തില്‍ പറഞ്ഞു.

സീറോമലബാര്‍സഭയുടെ അഭിമാനവും തികഞ്ഞ കത്തോലിക്കാ വിശ്വാസിയുമായ ഡോ. പെരിയപ്പുറം എറണാകുളം-അങ്കമാലി അതിരൂപതയുടെ കൊച്ചിയിലുള്ള ലിസി ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടിലെ കാര്‍ഡിയോ-തൊറാസിക് സര്‍ജറി വിഭാഗം മേധാവിയാണ്. കാര്‍ഡിയാക് സര്‍ജനും മെഡിക്കല്‍ ഗ്രന്ഥകാരനുമായ അദേഹം കേരളത്തിലെ ആദ്യത്തെ വിജയകരമായ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയെന്ന അംഗീകാരവും നേടിയിട്ടുണ്ട്.

സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന ഹൃദ്രോഗികള്‍ക്ക് ഹൃദയ ശസ്ത്രക്രിയകള്‍ക്കായി സഹായം നല്‍കുന്ന 'ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്റെ' ചെയര്‍മാന്‍ കൂടിയാണ് അദേഹം. 2011 ല്‍ രാജ്യം അദേഹത്തിന് പത്മശ്രീ നല്‍കി ആദരിച്ചിരുന്നു. കേരളത്തില്‍ 'ബീറ്റിങ് ഹാര്‍ട്ട് ബൈപാസ്' പ്രോഗ്രാമും 'ആര്‍ട്ടീരിയല്‍ ബൈപാസ്' പദ്ധതിയും സ്ഥാപിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച ഡോ. ജോസ് പെരിയപ്പുറത്തിന്റെ മികവിന് ലഭിച്ച അംഗീകാരമാണ് പത്മഭൂഷണ്‍ പുരസ്‌കാരം.

ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ മുന്നോട്ടുള്ള ജീവിതത്തിനും സേവനങ്ങള്‍ക്കും കൂടുതല്‍ ദൈവാനുഗ്രഹം ഉണ്ടാകട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നതായും സീറോമലബാര്‍ സഭയുടെ മുഴുവന്‍ ആശംസകളും നേരുന്നതായും മാര്‍ റാഫേല്‍ തട്ടില്‍ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.