തിരുവനന്തപുരം: ഭാസ്കര കാരണവര്‍ വധക്കേസില്‍ ഒന്നാം പ്രതി ഷെറിന്റെ ശിക്ഷയില്‍ ഇളവ് നല്കാന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഷെറിന്റെ ശിക്ഷ 14 വര്‍ഷമായി ഇളവ് ചെയ്തിരുന്നു.
ശിക്ഷാ കാലയളവ് 14 വര്‍ഷം പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ ഷെറിന് ഇളവ് നല്കാന് മന്ത്രിസഭ യോഗം തീരുമാനിക്കുകയായിരുന്നു. മകന്റെ ഭാര്യയായ ഷെറിന് 2009 നവംബറിലാണ് ഭാസ്കര കാരണവരെ കൊലപ്പെടുത്തിയത്.
ഷെറിന്റെ വഴിവിട്ട ബന്ധങ്ങളും പ്രണയങ്ങളും കാരണവര്‍ അറിഞ്ഞതോടെയാണ് കൊലയ്ക്കുള്ള പദ്ധതി തയ്യാറാക്കിയത്. അമേരിക്കയില്‍ നിന്ന് നാട്ടിലെത്തിയ കാരണവരെ ഉറക്കത്തിനിടെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
കേസില്‍ ഷെറിന് പുറമെ ബാസിത്ത് അലി, നിഥിന് എന്ന ഉണ്ണി, ഷാനു റഷീദ് എന്നിവരെയും കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. 2010 ജൂണ്‍ 11 ന് ആണ് കാരണവര്‍ കൊലക്കേസില്‍ വിധി വരുന്നത്.
തുടര്‍ന്ന് ഇവരെ നെയ്യാറ്റിന്‍കര വനിതാ ജയിലിലേക്ക് മാറ്റി. അവിടെ മൊബൈല്‍ ഫോണ്‍ അനധികൃതമായി ഉപയോഗിച്ചെന്ന് കണ്ടെത്തിയതോടെ അച്ചടക്ക നടപടിയുടെ ഭാഗമായി 2015 മാര്‍ച്ചില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.
അവിടെ വെയില് കൊള്ളാതിരിക്കാന്‍ ഷെറിന് ജയില്‍ ഡോക്ടര്‍ കുട അനുവദിച്ചത് വലിയ വിവാദമായിരുന്നു. കൂടാതെ ജയില്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന പരാതിയും ഉയര്‍ന്നു. 2017 മാര്‍ച്ചില്‍ തിരുവനന്തപുരം വനിതാ ജയിലിലേക്ക് മാറ്റി.
സംസ്ഥാനത്തെ ജയിലുകളില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന വനിതാ തടവുകാരില്‍ പരോള്‍ നേടുന്ന കാര്യത്തില്‍ ഷെറിനായിരുന്നു ഒന്നാം സ്ഥാനത്ത്. ആറ് വര്‍ഷത്തിനിടെ 22 തവണയായി ഇവര്‍ക്കു ലഭിച്ചത് 444 ദിവസത്തെ പരോള്‍. 2012 മാര്‍ച്ചിനും ഈ വര്‍ഷം ജനുവരിക്കുമിടയില്‍ 345 ദിവസത്തെ സാധാരണ പരോള്‍ ലഭിച്ചു
2012 ഓഗസ്റ്റ് മുതല്‍ 2017 ഒക്ടോബര്‍ വരെ 92 ദിവസത്തെ അടിയന്തര പരോള്‍ കൂടാതെ ഹൈക്കോടതിയില്‍ നിന്ന് ഒരാഴ്ചത്തെ അടിയന്തര പരോള്‍ കൂടി ലഭിച്ചു. തടവുകാര്‍ക്ക് ശിക്ഷാ ഇളവു നല്കാന് സംസ്ഥാന സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് നല്കിയ ആദ്യ പട്ടികയിലും ഷെറിനുണ്ടായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.