കൊച്ചി: മുനമ്പം പ്രശ്നം ഒരു സാമൂദായിക വിഷയത്തിനപ്പുറമായി അവിടുത്തെ ജനങ്ങളുടെ അടിസ്ഥാന നീതിയുടെയും അവകാശങ്ങളുടെയും വിഷയമായി കണ്ട് ശാശ്വത പരിഹാരം കാണാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് കൊച്ചിയില്‍ ചേര്‍ന്ന ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു.
സര്‍ക്കാരുകള്‍ ജനങ്ങളുടെ ജിവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കണം. വന്യമൃഗങ്ങള്‍ വനത്തിന്റെ അതിര്‍ത്തി വിട്ട് ജനവാസ മേഖലകളിലേക്ക് പ്രവേശിക്കാതിരിക്കാന്‍ ശാസ്ത്രീയമായ സംവിധാനങ്ങളടക്കം അടിയന്തിരമായി നടപ്പിലാക്കണം. ഇക്കാര്യങ്ങള്‍ ഫലപ്രദമായി ചെയ്യുന്നതിന് ജനങ്ങള്‍ക്ക് ബോധവല്‍ക്കരണം നല്‍കുകയും വേണം.
ആദിവാസികളുടെയും കുടിയേറി പാര്‍ത്തവരുടെയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്ന രീതിയിലാകണം വന്യമൃഗ സംരക്ഷണത്തിന് വേണ്ടിയുള്ള നിയമങ്ങള്‍. മൃഗങ്ങളുടെ വംശ വര്‍ധനവ് ശാസ്ത്രീയമായി നിയന്ത്രിക്കേണ്ടതാണെന്നും ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ആവശ്യപ്പെട്ടു.
യുവജനങ്ങളുടെ ഇടയില്‍ വര്‍ധിച്ചു വരുന്ന അക്രമ വാസനയും ആത്മഹത്യാ പ്രവണതയും ആശങ്കാജനകമാണ്. സ്വാതന്ത്ര്യത്തെ കുറിച്ചുള്ള വികലമായ കാഴ്ചപ്പാട്, കുടുംബ ബന്ധങ്ങളിലെ ശിഥിലീകരണം, മാതാപിതാക്കന്മാരുടെയോ രക്ഷ കര്‍ത്താക്കളുടെയോ നിയന്ത്രണമില്ലാതെ കുട്ടികള്‍ വളരുന്ന സാഹചര്യം, മദ്യം, ലഹരി എന്നിവയുടെ ഉപയോഗം, ഇളം പ്രായത്തിലെ അപക്വമായ പ്രണയ ബന്ധങ്ങള്‍, സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കപ്പെടുന്ന തെറ്റായ സന്ദേശങ്ങള്‍, ദൃശ്യ-ശ്രവ്യ ആവിഷ്ക്കാരങ്ങള്‍ തുടങ്ങിയവ നിയന്ത്രിക്കപ്പെടണം.
കുട്ടികളുടെയും യുവജനങ്ങളുടെയും മനശക്തി ക്ഷയിപ്പിക്കുന്ന വിദ്യാഭ്യാസ മേഖലകളിലെ ന്യൂനതകള്‍, സ്വഭാവ രൂപീകരണത്തിന് ഊന്നല്‍ നല്‍കാത്ത വിദ്യാഭ്യാസ സമ്പ്രദായം മുതലായവ മേല്പറഞ്ഞ തിന്മകള്ക്കു കാരണങ്ങളായി കൗണ്‍സില്‍ വിലയിരുത്തി. ഈ പ്രശ്നങ്ങള്‍ക്കു പരിഹാരമുണ്ടാക്കാന്‍ സര്‍ക്കാരും മതങ്ങളും സഭാ-സമുദായ-സാംസ്കാരിക സംഘടനകളും ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കണമെന്നും ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ആഹ്വാനം ചെയ്തു.
പാലാരിവട്ടം പിഒസിയില്‍ ഇന്നലെ ചേര്‍ന്ന സമ്മേളനത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അധ്യക്ഷത വഹിച്ചു. വിവിധ സഭകളില്‍ നിന്നായി മാര്‍ ഔഗേന്‍ കുരിയാക്കോസ്, കുരിയാക്കോസ് മോര് സേവേറിയോസ്, കുര്യാക്കോസ് മോര് തെയോഫിലോസ്, യൂഹാനാന്‍ മോര് പോളിക്കാര്‍പ്പസ് എന്നീ മെത്രാപ്പോലീത്താമാരും, ഫാ. സ്റ്റീഫന്‍ കുളത്തുമാക്കില്, ഫാ. ജോര്‍ജ്ജ് മഠത്തിപ്പറമ്പില്‍, ഫാ. സൈമണ്‍ ജോസഫ്, ഫാ. തോമസ് ഉറുമ്പിത്തടത്തില്‍ എന്നിവര്‍ പങ്കെടുത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.