തൃണമൂല്‍ കോണ്‍ഗ്രസിന്റെ പിന്തുണയോടെ പനമരം പഞ്ചായത്ത് പിടിച്ച് യുഡിഎഫ്

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പിന്തുണയോടെ പനമരം പഞ്ചായത്ത് പിടിച്ച് യുഡിഎഫ്

കല്‍പ്പറ്റ: വയനാട്ടിലെ പനമരം പഞ്ചായത്തിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് അട്ടിമറി ജയം. മുസ്ലിംലീഗ് പ്രതിനിധി ലക്ഷ്മി ആലക്കാമുറ്റം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. എല്‍ഡിഎഫില്‍ നിന്ന് കൂറുമാറി തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന ബെന്നി ചെറിയാന്റെ പിന്തുണയോടെയാണ് യുഡിഎഫ് പഞ്ചായത്ത് ഭരണം പിടിച്ചെടുത്തത്.

ഇന്ന് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ലക്ഷ്മിക്ക് 12 വോട്ട് ലഭിച്ചപ്പോള്‍, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് 10 വോട്ടുകളാണ് ലഭിച്ചത്. യുഡിഎഫ് ധാരണ പ്രകാരം മുസ്ലിം ലീഗിനായിരുന്നു പ്രസിഡന്റ് പദം. 22-ാം വാര്‍ഡ് വെള്ളരി വയലില്‍ നിന്നാണ് ലക്ഷ്മി ആലക്കാമുറ്റം പഞ്ചായത്തിലേക്ക് വിജയിച്ചത്.

വനിതാ ജനറല്‍ സംവരണമാണ് പ്രസിഡന്റ് പദം. പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെച്ചൊല്ലി ലീഗിനുള്ളില്‍ തര്‍ക്കം ഉടലെടുത്തതിനെത്തുടര്‍ന്ന് യുഡിഎഫ് അംഗങ്ങള്‍ ഇന്നലെ തിരഞ്ഞെടുപ്പിന് എത്തിയില്ല. ക്വാറം തികയാത്തതിനെത്തുടര്‍ന്ന് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

ലീഗിന് നിലവില്‍ മൂന്ന് വനിത അംഗങ്ങളാണുള്ളത്. കുണ്ടാലയില്‍ നിന്നു വിജയിച്ചു വന്ന ഹസീന ശിഹാബിനെ ആയിരുന്നു പഞ്ചായത്ത് കമ്മിറ്റി പിന്തുണച്ചത്. എന്നാല്‍ ഒരു വിഭാഗം ഇത് അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങള്‍ ഇടപെട്ടാണ് പ്രശ്നം രമ്യതയിലെത്തിച്ചത്. ലക്ഷ്മി ആലക്കാമുറ്റത്തെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാക്കുകയും ചെയ്തു.

തിരഞ്ഞെടുപ്പില്‍ ബെന്നി ചെറിയാന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ലക്ഷ്മിക്ക് വോട്ട് ചെയ്തു. പി.വി അന്‍വര്‍ നിര്‍ദേശിച്ച പ്രകാരമാണ് യുഡിഎഫിന് വോട്ട് ചെയ്തതെന്ന് ബെന്നി ചെറിയാന്‍ പറഞ്ഞു. ഇടത് മുന്നണി വിട്ട ബെന്നി ചെറിയാന്‍ അടുത്തിടെയാണ് അന്‍വറിന്റെ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഇതോടെ തൃണമൂല്‍ കോണ്‍ഗ്രസ് പിന്തുണയില്‍ യുഡിഎഫ് ഭരണം പിടിക്കുന്ന ആദ്യ പഞ്ചായത്തായി പനമരം മാറി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.