ന്യൂഡല്‍ഹി: കോടിക്കണക്കിന് ഇന്ത്യക്കാര്‍ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന രാജ്യത്തിന്റെ സാമ്പത്തിക നയരേഖയായ ബജറ്റ് ഇന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കും. മൂന്നാം മോഡി സര്‍ക്കാരിന്റെ രണ്ടാം ബജറ്റാണ് ഇന്ന് അവതരിപ്പിക്കുക. നിര്‍മല സീതാരാമന്റെ എട്ടാമത്തെ ബജറ്റ് അവതരണം കൂടിയാണ് ഇത്തവണത്തേത്.
മൂന്നാമതും അധികാരത്തില്‍ എത്തിയ ശേഷം കഴിഞ്ഞ ജൂലൈയില്‍ ഈ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി സഭയില്‍ വച്ചിരുന്നു. മാസങ്ങള്‍ക്ക് ഇപ്പുറം മറ്റൊരു ബജറ്റ് കൂടി എത്തുമ്പോള്‍ രാജ്യം മുഴുവന്‍ പ്രതീക്ഷയിലാണ്. നികുതിയിലെ പരിഷ്‌കാരവും വിവിധ പദ്ധതികള്‍ക്കുള്ള സാമ്പത്തിക സഹായവും ഉള്‍പ്പടെ എല്ലാവരുടെയും കണ്ണ് ബജറ്റിലാണ്. ആദായ നികുതിയില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് ശമ്പളക്കാര്‍. കാലങ്ങളായി അവര്‍ ആവശ്യപ്പെടുന്ന പരിഷ്‌കാരങ്ങള്‍ ഇക്കുറി ഉറപ്പായും തേടിയെത്തുമെന്ന പ്രതീക്ഷയിലാണ് അവര്‍.
കാര്‍ഷിക, വ്യവസായ, ഊര്‍ജ മേഖലകളില്‍ കൂടുതല്‍ ഊന്നല്‍ നല്‍കി കൊണ്ട് ഇന്ത്യ ഇപ്പോള്‍ നേരിടുന്ന തൊഴിലില്ലായ്മ പോലെയുള്ള സുപ്രധാന വിഷയങ്ങളെ ബജറ്റ് അഭിസംബോധന ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പണപ്പെരുപ്പവും വിലക്കയറ്റവും തടയാനുള്ള കൂടുതല്‍ ഇളവുകള്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കുമോ എന്നാണ് പ്രധാനമായും ഉയരുന്ന ചോദ്യം. ഇതിനൊക്കെയുള്ള മറുപടിയായിരിക്കും ബജറ്റ് അവതരണം.
രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച കുറഞ്ഞ് നില്‍ക്കുന്ന സാഹചര്യത്തിലാണ് ഇത്തവണത്തെ ബജറ്റ് എന്നതാണ് പ്രത്യേകത.
ഫെബ്രുവരി 13 വരെയാണ് ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം. ബജറ്റിലെ ധനാഭ്യര്‍ഥനകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയാക്കിയ ശേഷം മാര്‍ച്ച് 10 ന് സമ്മേളനം പുനരാരംഭിച്ച് ഏപ്രില്‍ നാലിന് പിരിയും. ബജറ്റ് സമ്മേളനത്തില്‍ 27 ദിവസത്തെ സിറ്റിങാണ് ക്രമീകരിച്ചിരിക്കുന്നത്.
ബജറ്റില്‍ നികുതി പരിഷ്‌ക്കാരങ്ങള്‍ അടക്കം സുപ്രധാന പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്ന നടപടികള്‍ക്കൊപ്പം, സാധാരണക്കാര്‍ക്കും സഹായകമായ നടപടികളാണ് ഈ സമ്പൂര്‍ണ ബജറ്റില്‍ പ്രതീക്ഷിക്കപ്പെടുന്നത്. നികുതി ഫയലിങ് ലളിതമാക്കുന്ന ചുവടുകളോടൊപ്പം വ്യക്തികള്‍ക്കും ബിസിനസുകള്‍ക്കും നേട്ടമുണ്ടാക്കുന്ന പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കപ്പെടുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.