'ആദിവാസി വകുപ്പ് ഉന്നത കുലജാതര്‍ കൈകാര്യം ചെയ്യണം': വിവാദ പരാമര്‍ശവുമായി സുരേഷ് ഗോപി; വ്യാപക വിമര്‍ശനം

'ആദിവാസി വകുപ്പ് ഉന്നത കുലജാതര്‍ കൈകാര്യം ചെയ്യണം': വിവാദ പരാമര്‍ശവുമായി സുരേഷ് ഗോപി; വ്യാപക വിമര്‍ശനം

സുരേഷ് ഗോപി ചാതുര്‍വര്‍ണ്യത്തിന്റെ കുഴലൂത്തുകാരനായി മാറിയെന്ന് ബിനോയ് വിശ്വം. പ്രസ്താവന ഭരണഘടനാ വിരുദ്ധമെന്ന് കെ. രാധാകൃഷണന്‍.

ന്യൂഡല്‍ഹി: ആദിവാസി വിഭാഗത്തിന്റെ ഉന്നമനത്തിന് ട്രൈബല്‍ വകുപ്പ് ഉന്നത കുലജാതര്‍ കൈകാര്യം ചെയ്യണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആദിവാസി വിഭാഗത്തില്‍ നിന്നുള്ളയാളെ മുന്നാക്ക ജാതികളുടെ ഉന്നമനത്തിനായുള്ള മന്ത്രിയുമാക്കണം.

ജനാധിപത്യ സംവിധാനത്തില്‍ ഈ പരിവര്‍ത്തനം ഉണ്ടാവണം. ഗോത്രവര്‍ഗത്തിന്റെ കാര്യങ്ങള്‍ ഉന്നത കുലജാതരില്‍ പെടുന്ന ബ്രാഹ്മണനോ നായിഡുവോ നോക്കട്ടെ. വ്യത്യാസമുണ്ടാകുമെന്നും സുരേഷ് ഗോപി പറഞ്ഞു. ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് സുരേഷ് ഗോപിയുടെ വിവാദ പരാമര്‍ശം.

'2016 ലാണ് ഞാന്‍ ആദ്യമായി എംപിയായത്. ആ കാലഘട്ടം തൊട്ടു ഞാന്‍ മോഡിജിയോട് ആവശ്യപ്പെടുന്നുണ്ട്, എനിക്ക് സിവില്‍ എവിയേഷന്‍ വേണ്ട. ട്രൈബല്‍ തരൂ. നമ്മുടെ നാട്ടിലെ മറ്റൊരു ശാപമാണ്. ഒരു ട്രൈബല്‍ കാബിനറ്റ് മന്ത്രി ഒരിക്കലും ട്രൈബല്‍ അല്ലാത്ത ആള്‍ ആകില്ല. എന്റെ ആഗ്രഹമാണ്. എന്റെ സ്വപ്നമാണ്. ഒരു ഉന്നത കുലജാതന്‍ അവരുടെ ഉന്നമനത്തിന് വേണ്ടി ട്രൈബല്‍ മന്ത്രി ആകണം.

ഒരു ട്രൈബല്‍ മന്ത്രിയാകാന്‍ ഒരാളുണ്ടെങ്കില്‍ അദേഹത്തെ മുന്നാക്ക ജാതികളുടെ ഉന്നമനത്തിനായുള്ള മന്ത്രിയാക്കണം. ഈ പരിവര്‍ത്തനം ഉണ്ടാവണം നമ്മുടെ ജനാധിപത്യ സംവിധാനത്തില്‍. ഗോത്ര വര്‍ഗത്തിന്റെ കാര്യങ്ങള്‍ ഉന്നത കുലജാതരില്‍ പെടുന്ന ബ്രാഹ്മണനോ നായിഡുവോ നോക്കട്ടെ. വലിയ വ്യത്യാസമുണ്ടാകും. ഞാന്‍ അപേക്ഷിച്ചിട്ടുണ്ട് പ്രധാനമന്ത്രിയോട്. പക്ഷേ ഇതിനൊക്ക ചില ചിട്ടവട്ടങ്ങള്‍ ഉണ്ട്'- സുരേഷ് ഗോപി പറഞ്ഞു.

ഇതിന് പിന്നാലെ വിവിധ രാഷ്ട്രീയ നേതാക്കളില്‍ നിന്ന് വലിയ വിമര്‍ശനമാണുണ്ടായത്. ചാതുര്‍വര്‍ണ്യത്തിന്റെ കുഴലൂത്തുകാരനായി കേന്ദ്രമന്ത്രി സുരേഷ് ഗോപി മാറിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.

ആദിവാസി വകുപ്പിന്റെ ചുമതലയില്‍ ഉന്നത കുലജാതന്‍ വരണമെന്ന സുരേഷ് ഗോപിയുടെ പ്രസ്താവന ഭരണഘടനാ വിരുദ്ധമാണെന്ന് കെ. രാധാകൃഷ്ണന്‍ എംപി പറഞ്ഞു. അതേസമയം രാഷ്ട്രപതിയെ അപമാനിക്കുന്നതാണ് സുരേഷ് ഗോപിയുടെ പ്രസ്താവനയെന്നാണ് മന്ത്രി ഒ.ആര്‍ കേളു പ്രതികരിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.