'ആരെല്ലാം സ്നേഹിക്കുന്നുവോ അവർ ജീവിക്കും; ആരെല്ലാം വെറുക്കുന്നുവോ അവർ മരിക്കും': മാർപാപ്പയുടെ ഞായറാഴ്ച സന്ദേശം

'ആരെല്ലാം സ്നേഹിക്കുന്നുവോ അവർ ജീവിക്കും; ആരെല്ലാം വെറുക്കുന്നുവോ അവർ മരിക്കും': മാർപാപ്പയുടെ ഞായറാഴ്ച സന്ദേശം

വത്തിക്കാൻ സിറ്റി: യേശു സകല ജനപദങ്ങളുടെയും രക്ഷയും പ്രകാശവുമാണെന്ന ഓർമ്മപ്പെടുത്തലുമായി ഫ്രാൻസിസ് മാർപാപ്പ. ഹൃദയ പരമാർത്ഥതയോടെ അന്വേഷിച്ചാൽ, ദൈവത്തെ കണ്ടുമുട്ടാനാകുമെന്നും പാപ്പാ കൂട്ടിച്ചേർത്തു.
കർത്താവിന്റെ സമർപ്പണ തിരുനാൾ ദിനമായ ഞായറാഴ്ച, വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ, ത്രികാല പ്രാർഥനയ്ക്കായി ഒരുമിച്ചുകൂടിയ തീർത്ഥാടകരെ അഭിവാദ്യം ചെയ്ത് വചനസന്ദേശം നൽകുകയായിരുന്നു മാർപാപ്പ. ലൂക്കായുടെ സുവിശേഷത്തിൽ നിന്നുള്ള അന്നത്തെ വായനയെ (ലൂക്കാ 2: 22-40) ആസ്പദമാക്കിയാണ് പാപ്പാ വിചിന്തനങ്ങൾ നൽകിയത്.

മറിയവും ജോസഫും ശിശുവായ യേശുവിനെ ജെറുസലേം ദേവാലയത്തിൽ സമർപ്പിക്കാനായി കൊണ്ടുവന്നതും ശിമയോനും അന്നായും അവിടുത്തെക്കുറിച്ച് പ്രവചിച്ചതും രക്ഷ പ്രതീക്ഷിച്ചു കഴിഞ്ഞിരുന്ന എല്ലാവരോടും ശിശുവിനെപ്പറ്റി സംസാരിച്ചതുമായ സംഭവങ്ങളിലേക്ക് പരിശുദ്ധ പിതാവ് ഏവരുടെയും ശ്രദ്ധ ക്ഷണിച്ചു.

ദൈവം തന്റെ ജനത്തിന്റെ ഇടയിൽ വസിക്കുന്നു

ശിമയോനും അന്നായും ദൈവത്തിന്റെ വാഗ്ദാനത്തിന്റെ പൂർത്തീകരണമായി യേശുവിനെ അംഗീകരിക്കുകയും ദൈവത്തെ സ്തുതിക്കുകയും ശിശുവിനെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. അവരുടെ വികാരഭരിതമായ സ്വരം അന്ന് ആ ആലയത്തിന്റെ പുരാതന ശിലകൾക്കിടയിൽ മുഴങ്ങികേട്ടു. ദൈവം തൻ്റെ ജനത്തിന്റെ ഇടയിൽ യഥാർത്ഥത്തിൽ സന്നിഹിതനാണ്; നാലു ചുവരുകൾക്കിടയിൽ ജീവിക്കുന്നവനായിട്ടല്ല, മറിച്ച്, മനുഷ്യരുടെ ഇടയിൽ മനുഷ്യനായി അവിടുന്ന് ജീവിച്ചു. അടിസ്ഥാനപരമായി, ഈ പുതിയ കാര്യമാണ് അവർ അന്ന് പ്രഖ്യാപിച്ചത്.

ശിമയോൻ യേശുവിനെ മൂന്നു വാക്കുകൾകൊണ്ടാണ് അടയാളപ്പെടുത്തിയത്. രക്ഷ, പ്രകാശം, വിവാദവിഷയമായ അടയാളം എന്നിവയായിരുന്നു അവ. മറിയവും ജോസഫും അവയെല്ലാം ശ്രദ്ധയോടെ കേട്ടു.

യേശുവാണ് രക്ഷ

ഒന്നാമതായി, യേശു രക്ഷയാണ്. ഈ ശിശുവിൽ സാർവത്രിക രക്ഷ വെളിപ്പെട്ടിരിക്കുന്നതായി ശിമയോൻ പ്രഖ്യാപിച്ചു. ദൈവത്തിന്റെ രക്ഷാകരമായ സ്നേഹം ഒരു വ്യക്തിയിൽ പൂർണമായി സംഗ്രഹിക്കപ്പെട്ടിരിക്കുന്നു എന്ന വിസ്മയകരമായ സത്യമാണ് ആ പ്രഖ്യാപനം.

യേശു പ്രകാശമാണ്

രണ്ടാമതായി, യേശു പ്രകാശമാണ്. ഉദയസൂര്യനെപ്പോലെ അവിടുന്ന് ലോകത്തെ മുഴുവൻ ദീപ്തമാക്കുന്നു. മനുഷ്യരാശിയെ ഇന്നും ബാധിച്ചുകൊണ്ടിരിക്കുന്ന കഷ്ടപ്പാടുകളുടെയും തിന്മയുടെയും മരണത്തിന്റെയും അന്ധകാരത്തെ അവിടുത്തെ പ്രകാശം അകറ്റിക്കളയുന്നു.

യേശു വൈരുദ്ധ്യത്തിന്റെ അടയാളം

മൂന്നാമതായി, മനുഷ്യഹൃദയങ്ങളിലെ ആഴമായ സത്യങ്ങളെ വെളിച്ചത്തു കൊണ്ടുവരുന്ന വൈരുദ്ധ്യത്തിന്റെ അടയാളമാണ് യേശു. യേശുവിലൂടെ മനുഷ്യചരിത്രം മുഴുവൻ സ്നേഹം എന്ന ഒരൊറ്റ മാനദണ്ഡ പ്രകാരം വിധിക്കപ്പെടുന്നു. ആരെല്ലാം സ്നേഹിക്കുന്നുവോ, അവർ ജീവിക്കും; ആരെല്ലാം വെറുക്കുന്നുവോ, അവർ മരിക്കും.

ആത്മശോധനയ്ക്കുള്ള ചോദ്യങ്ങൾ

അവസാനമായി, ഓരോരുത്തരും തങ്ങളുടെ ആത്മീയ പ്രത്യാശ എപ്രകാരമുള്ളതാണെന്ന് വിലയിരുത്തണമെന്ന് പരിശുദ്ധ പിതാവ് ആവശ്യപ്പെട്ടു. അതിനായി, ഏതാനും ചോദ്യങ്ങളും പാപ്പ മുന്നോട്ടുവച്ചു. എൻ്റെ ജീവിതത്തിൽ ഞാൻ എന്താണ് കാത്തിരിക്കുന്നത്? ഏറ്റവും വലിയ പ്രതീക്ഷയായി ഞാൻ കരുതുന്നത് എന്താണ്?

കർത്താവിന്റെ മുഖം കാണണമെന്ന് ഞാൻ ആഗ്രഹിക്കുന്നുണ്ടോ? അവിടുത്തെ രക്ഷാകര പദ്ധതി ഫലമണിയുന്നത് കാണാനാണോ ഞാൻ കാത്തിരിക്കുന്നത്? ഇരുളും വെളിച്ചവും ഇടകലർന്ന നമ്മുടെ ജീവിത യാത്രയിൽ, പരിശുദ്ധ കന്യാമറിയത്തോടൊപ്പം നമുക്ക് സഞ്ചരിക്കാം എന്ന ആഹ്വാനത്തോടെ ഫ്രാൻസിസ് പാപ്പാ തൻ്റെ വാക്കുകൾ ഉപസംഹരിച്ചു

മാർപാപ്പയുടെ ഇതുവരെയുള്ള ഞായറാഴ്ച ദിന സന്ദേശങ്ങൾ‌ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.