'യുണൈറ്റ് 2025' മെൽബൺ സീറോ മലബാർ രൂപത യുവജന കൺവെൻഷൻ ഫെബ്രുവരി ആറ് മുതൽ ഒമ്പത് വരെ ബെൽഗ്രൈവിൽ

'യുണൈറ്റ് 2025' മെൽബൺ സീറോ മലബാർ രൂപത യുവജന കൺവെൻഷൻ ഫെബ്രുവരി ആറ് മുതൽ ഒമ്പത് വരെ ബെൽഗ്രൈവിൽ

മെൽബൺ: സെന്റ് തോമസ് സീറോ മലബാർ മെൽബൺ രൂപതയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന യുവജന കൺവെൻഷൻ 'യുണൈറ്റ് 2025' ഫെബ്രുവരി ആറ് മുതൽ ഒമ്പത് വരെ മെൽബണിലെ ബെൽഗ്രൈവ് ഹൈറ്റ്‌സ് കൺവെൻഷൻ സെന്ററിൽ നടക്കും. രൂപതയിലെ വിവിധ ഇടവകകളിൽ നിന്നും മിഷനുകളിൽ നിന്നുമായി 600 ഓളം യുവജനങ്ങൾ നാല് ദിവസങ്ങളിലായി നടക്കുന്ന കൺവെൻഷനിൽ പങ്കെടുക്കും.

മെൽബൺ രൂപതയുടെ ഭാവി പ്രതീക്ഷയായ യുവജനങ്ങളെ ആത്മീയമായി ശക്തിപ്പെടുത്താനും ക്രിസ്തീയ വിശ്വാസത്തിൽ ആഴപ്പെടുത്താനും സീറോ മലബാർ സഭയുടെ തനത് രീതികളെ അടുത്തറിയാനും രൂപതയിലെ യുവജനങ്ങൾക്ക് പരസ്പരം പരിചയപ്പെടാനുമുള്ള അസുലഭ വേദിയായാണ് യുണൈറ്റ് 2025 സംഘടിപ്പിച്ചിരിക്കുന്നത്.

പിൾഗ്രിംസ് ഓഫ് ഹോപ് (പ്രതീക്ഷയുടെ തീർത്ഥാടകർ) എന്ന ആപ്ത വാക്യത്തിൽ ഏകോപിപ്പിച്ചിരിക്കുന്ന ഈ യുവജന കൺവെൻഷൻ 18-30 പ്രായ പരിധിയിലുള്ള 600 ഓളം യുവതീയുവാക്കന്മാരെ ഒരുമിപ്പിച്ച് വിശ്വാസം ശക്തിപ്പെടുത്താനും സുവിശേഷ സന്ദേശം ലോകത്തിന് മുൻപിൽ ധൈര്യത്തോടെ പങ്കുവയ്ക്കാനുമുള്ള പ്രചോദനം നല്കാനാണ് ലക്ഷ്യമിടുന്നത്.

മെൽബൺ സീറോ മലബാർ രൂപത ബിഷപ്പ് മാർ ജോൺ പനംതോട്ടത്തിൽ 'യുണൈറ്റ് 2025' ഉദ്ഘാടനം ചെയ്തുകൊണ്ട് യുവജനങ്ങളെ അഭിസംബോധന ചെയ്യും. മെൽബൺ അതിരൂപത ആർച്ച് ബിഷപ്പ് പീറ്റർ കൊമൻസൊലി മുഖ്യപ്രഭാഷണം നടത്തും.

അന്താരാഷ്ട്ര തലത്തിൽ അറിയപ്പെടുന്ന പ്രാസംഗികരായ മാറ്റ് ആന്റ് ക്യാമറൺ ഫ്രാഡ്, ഷാർബെൽ റൈഷ്, ജോ ഹേയ്‌സ് തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിക്കും. മെൽബണിലെ ഉക്രൈയിൻ രൂപത ബിഷപ്പ് കർദിനാൾ മൈകോല ബൈച്ചോക്ക് ക്രിസ്തീയ വിശ്വാസത്തെ കുറിച്ചുള്ള സന്ദേശം പങ്കുവയ്ക്കും. സിജോയ് വർ​ഗീസ്, ബ്രെൻഡൻ മലോൺ, ഫാദർ മെൽവിൻ മംഗലത്ത് എന്നിവരുടെ നേതൃത്വത്തിൽ പൊതുവർക്ക്‌ ഷോപ്പുകളും സംവാദങ്ങളും ഉണ്ടായിരിക്കും.

ഈശോയുടെ വിളി കേൽക്കുക, ഹൃദയം നുറുങ്ങിയവരെ സുഖപ്പെടുത്തുക, സുവിശേഷത്തിന്റെ ദൂതന്മാരാകുക എന്നീ വിഷയങ്ങൾ ആസ്പദമാക്കി വിവിധ സെഷനുകളും ക്രമീകരിച്ചിട്ടുണ്ട്. നോർത്തേൺ ടെറിട്ടറിയിലെ മലയാളിയായ മന്ത്രി ജിൻസൺ ആന്റോ ചാൾസ്, ട്രൂഡി ഡാന്റീസ് എന്നിവരും വിവിധ ക്ലാസുകൾ നയിക്കും. ക്രിസ്തീയ ലൈവ് സംഗീത ബാൻഡുകളും ടീം ബിൽഡിങ്ങ് ഇവന്റുകളും ടാലന്റ് ഷോകളും 'യുണൈറ്റ് 2025' ന്റെ ഭാഗമായിട്ടുണ്ട്.

മെൽബൺ സീറോ മലബാ രൂപതാധ്യക്ഷൻ ബിഷപ്പ് ജോൺ പനംതോട്ടത്തിൽ, വികാരി ജനറാൾ മോൺസിഞ്ഞോർ ഫ്രാൻസിസ് കോലഞ്ചേരി, യൂത്ത് അപ്പൊസ്റ്റലേറ്റ് ഡയറക്ടർ സോജിൻ സെബാസ്റ്റ്യൻ, യുണൈറ്റ് 2025 കോർഡിനേറ്റർ അലൻ ക്രിസ്റ്റി എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ യുവജന സമ്മേളനം മികവുറ്റതാക്കാൻ പരിശ്രമിച്ച് കൊണ്ടിരിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.