ന്യൂഡല്‍ഹി: എഎപി സ്ഥാനാര്‍ഥികളെ ബിജെപി വലവീശിപ്പിടിക്കാന്‍ ശ്രമിക്കുന്നെന്ന അരവിന്ദ് കെജ്രിവാളിന്റെ ആരോപണത്തിന് പിന്നാലെ അന്വേഷണത്തിന് ഉത്തരവിട്ട് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ്കുമാര്‍ സക്സേന. ഇതിന് പിന്നാലെ ഡല്‍ഹിയുടെ ആന്റി കറപ്ഷന്‍ ബ്യൂറോ (എ.സി.ബി) ഉദ്യോഗസ്ഥ സംഘം കെജരിവാളിന്റെ വസതിയിലെത്തി. ആരോപണത്തെ സാധൂകരിക്കുന്ന തെളിവുകള്‍ കൈമാറാന്‍ ആവശ്യപ്പെട്ട് എസിബി കെജ്രിവാളിന് നോട്ടീസ് നല്‍കി.
ബിജെപി ഓപ്പറേഷന്‍ താമരയ്ക്കായി സമീപിച്ചെന്ന് ആരോപിക്കുന്ന എംഎല്‍എമാരുടെ പേരുവിവരങ്ങളും ആരാണ് വാഗ്ദാനം നല്‍കിയതെന്നുള്ള വിവരങ്ങളും എസിബി ആരാഞ്ഞു. ആം ആദ്മി പാര്‍ട്ടിയുടെ 16 സ്ഥാനാര്‍ഥികളെ ഒപ്പംകൂട്ടാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന ആരോപണം വ്യാഴാഴ്ചയാണ് കെജരിവാള്‍ ഉന്നയിച്ചത്.
പാര്‍ട്ടി മാറുകയാണെങ്കില്‍ മന്ത്രി സ്ഥാനവും 15 കോടി രൂപ വീതവും നല്‍കാമെന്നായിരുന്നു ബിജെപിയുടെ വാഗ്ദാനമെന്നും കെജരിവാള്‍ ആരോപിച്ചിരുന്നു. എഎപിയുടെ മുതിര്‍ന്ന നേതാവും രാജ്യസഭാ എംപിയുമായ സഞ്ജയ് സിങും കെജരിവാളിന്റെ ആരോപണം ആവര്‍ത്തിച്ചിരുന്നു.
അതേസമയം ആന്റി കറപ്ഷന്‍ ബ്യൂറോയുടെ നടപടിയെ ചോദ്യം ചെയ്ത് എഎപി ലീഗല്‍ സെല്‍ പ്രസിഡന്റ് സഞ്ജീവ് നസിയാര്‍ രംഗത്തെത്തി. എസിബിക്ക് എന്ത് അധികാരമാണുള്ളതെന്ന് ആരാഞ്ഞ സഞ്ജീവ്, ബിജെപി ഗൂഢാലോചനയും ആരോപിച്ചു. നടപടി എടുക്കാന്‍ എസിബി ഉദ്യോഗസ്ഥര്‍ക്ക് അധികാരമില്ല. എസിബി ഉദ്യോഗസ്ഥര്‍ ആരോടോ ഫോണില്‍ സംസാരിക്കുകയാണ്. വിഷയത്തില്‍ പരാതി നല്‍കാന്‍ സഞ്ജയ് സിങ് എസിബി ഓഫീസില്‍ എത്തിച്ചേര്‍ന്നെന്ന കാര്യം ഉദ്യോഗസ്ഥര്‍ക്ക് അറിയില്ല. രാഷ്ട്രീയനാടകം സൃഷ്ടിക്കാനുള്ള ബിജെപിയുടെ നീക്കമാണിത്. നോട്ടീസ് എവിടെ എന്ന് ചോദിച്ചപ്പോള്‍ എസിബി ഉദ്യോഗസ്ഥര്‍ അത് തയ്യാറാക്കാനുള്ള നിര്‍ദേശങ്ങള്‍ തേടുകയായിരുന്നു. ബിജെപി ആസ്ഥാനത്തുനിന്നാണോ അതോ മറ്റെവിടെനിന്നെങ്കിലുമാണോ അവര്‍ നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നതെന്ന് വ്യക്തമല്ലെന്നും സഞ്ജീവ് വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.