മെൽബൺ: ലോകത്തിലെ താൽക്കാലിക വെളിച്ചത്തിനും ക്രിസ്തുവിന്റെ ശാശ്വത പ്രകാശത്തിനുമുള്ള വ്യത്യാസം തിരിച്ചറിയാൻ യുവാക്കളോട് ആഹ്വാനം ചെയ്ത് മെല്‍ബണ്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് പീറ്റര്‍ കൊമന്‍സൊലി. സെന്റ് തോമസ് സീറോ മലബാര്‍ മെല്‍ബണ്‍ രൂപതയുടെ നേതൃത്വത്തില്‍ നടക്കുന്ന യുവജന കണ്‍വെന്‍ഷന്‍ ‘യുണൈറ്റ് 2025’ ൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു ആർച്ച് ബിഷപ്പ്.
"നമ്മുടെ ലോകം എല്ലായ്പോഴും പ്രകാശം നിറഞ്ഞിരിക്കുന്നു. ഇലക്ട്രിക് ലൈറ്റുകളുടെയും ഡിജിറ്റൽ സ്ക്രീനുകളുടെയും വിനോദതലങ്ങളിലാണ് നാം ജീവിക്കുന്നത്. വൈദ്യുതി പോയാൽ എന്താകുമെന്ന് നമ്മൾ ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ചില ദേശങ്ങളിൽ വൈദ്യുതി മുടക്കം ഒരു പതിവാണ്. അവിടെയുള്ളവർ അതിനെ അതിജീവിക്കുന്നു. പക്ഷേ എപ്പോഴും പ്രകാശം നിറഞ്ഞ നഗരങ്ങളിൽ ചെറിയൊരു ഇരുട്ട് പോലും ആശയക്കുഴപ്പവും അലോസരവുമുണ്ടാക്കുന്നു. ഇരുട്ടിനും വെളിച്ചത്തിനും വ്യത്യസ്ത രൂപങ്ങളുണ്ടെന്നും അതിന്റെ അർത്ഥം പലപ്പോഴും നമ്മൾ തിരിച്ചറിയാറില്ലെന്നുമുള്ള ഒരു വലിയ സത്യം ഇത് വെളിപ്പെടുത്തുന്നു. "- ആർച്ച് ബിഷപ്പ് പറഞ്ഞു.
"ഒരുപാട് പേർ മനസിലാക്കാനാകാത്ത ഒരു ഇരുട്ടിലാണ് നടക്കുന്നത്, സംശയത്തിൻ്റെയും ആശങ്കയുടെയും ഒറ്റപ്പെടലിന്റെയും ഇരുട്ടിൽ. കണ്ണിനെ തകർക്കുന്ന മിഥ്യാ പ്രകാശത്തെയാണോ അതോ ജീവിതത്തെ ആഴത്തിൽ മാറ്റിമറിക്കുന്ന യഥാർത്ഥ അഗ്നിയോ? നാം ഏത് വെളിച്ചത്തെയാണ് പിന്തുടരുന്നത്?"- ആർച്ച് ബിഷപ്പ് ചോദിച്ചു.
പന്തക്കുസ്താ ദിനത്തിൽ അപ്പോസ്തലന്മാർക്ക് പേടിയില്ലാത്ത സാക്ഷികളായി മാറാനുള്ള ശക്തി പരിശുദ്ധാത്മാവ് അവരിൽ നിറച്ചു. ഇന്നും ആ വെളിച്ചം ജീവിക്കുന്നു, ജ്വലിക്കുന്നു, നമുക്ക് വഴി കാണിക്കുന്നു. അതാണ് പ്രത്യാശയുടെയും സന്തോഷത്തിന്റെയും വെളിച്ചം. ഇരുട്ടിന്റെ അകത്ത് നിന്ന് പുറത്തേക്ക് വരിക, ക്രിസ്തുവിന്റെ തീജ്വാല കൈവശമാക്കുക. നിങ്ങളുടെ ജീവിതം അവിടുത്തെ സ്നേഹത്തോടെ പ്രകാശിപ്പിക്കട്ടെയെന്ന് ആർച്ച് ബിഷപ് യുവ ജനങ്ങളെ ഉദ്‌ബോധിപ്പിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.