ബാംബോലിം : ഒടുവില്‍ കാത്തിരുന്ന ഐ.എസ്.എല്‍ ഏഴാം സീസണിലെ ആദ്യ ഹാട്രിക് പിറന്നു. മുംബൈയുടെ അറ്റാക്കിങ് മിഡ് ഫീല്‍ഡര്‍ ബിപിന്‍സിംഗ് ഈ നേട്ടത്തിന് ഉടമയായി. മുന്നു ഗോളും ഓപ്പണ്‍ പ്ലേയിലൂടെ ബിപിന്‍ സിംഗ് വലയിലെത്തിച്ചു കളിയിലെ താരവും ബിപിന്‍ സിംഗ് തന്നെ.
കഴിഞ്ഞ മത്സരങ്ങളില്‍ പാടെ നിറം മങ്ങിയ മുംബൈ സിറ്റി കൊടുങ്കാറ്റായി ഉയര്‍ത്തെഴുന്നേറ്റു. ഇതുവരെ മുംബൈ കാത്തുവെച്ച ഗോള്‍ ദാഹത്തില്‍ ദുര്‍ബലരായ ഒഡീഷയെ ഒന്നിനെതിരെ ആറ് ഗോളുകള്‍ക്ക് പിച്ചിച്ചീന്തി. ഈ സീസണിലെ ഏറ്റവും അധികം ഗോള്‍ വന്ന മത്സരവും ഇതായി മാറി. തുടര്‍ച്ചയായ മൂന്നു തോല്‍വികള്‍ക്കു ശേഷമാണ് മുംബൈ വീണ്ടും ഗംഭീര വിജയത്തിലേക്ക് തിരികെ എത്തിയത്. ഈ സീസണില്‍ ഏറ്റവും അധികം ഗോളുകള്‍ വഴങ്ങിയ ടീമെന്ന ചീത്തപ്പേരും ഇതോടെ ഒഡീഷയക്കു സ്വന്തം.
19 മത്സരങ്ങളില്‍ കേരള ബ്ലാസ്റ്റേഴ്സിനെതിരായ ഏക ജയം ഒഴിച്ചാല്‍ 12 കളി തോറ്റു. 39 ഗോളുകള്‍ വാങ്ങി. എന്നാല്‍ ഈ ജയത്തോടെ ഞായറഴ്ച നടക്കുന്ന മുംബൈയും എ.ടി.കെ യും തമ്മിലുള്ള ലീഗ് റൗണ്ടിലെ അവസാന പോരാട്ടം തീപാറും. ഇതിനകം എല്ലാ ടീമുകളും 19 മത്സരങ്ങളും പൂര്‍ത്തിയാക്കി കഴിഞ്ഞു. 40 പോയിന്റോടെ എ.ടി.കെ മുന്നില്‍ നില്‍ക്കുന്നു. മുംബൈയ്ക്ക് 37 പോയിന്റും. മുംബൈ ജയിച്ചാല്‍ ഗോള്‍ ശരാശരിയില്‍ മുന്നില്‍ക്കയറിയ മുംബൈ ലീഗ് ഷീല്‍ഡ് സ്വന്തമാക്കും.
മുംബൈയ്ക്കു വേണ്ടി ബിപിന്‍ സിംഗ് (38, 57,86 മിനിറ്റില്‍), ഓഗ്ബച്ചേ ( 13, 43 മിനിറ്റില്‍) സൈ ഗോദാര്‍ദ് ( 44 ) എന്നിവരും ഒഡീഷയുടെ ആശ്വാസ ഗോള്‍ ഡിയാഗോ മൗറീഷ്യോയും (9) നേടി. ആദ്യ പകുതിയില്‍ തന്നെ മുംബൈ നാല് ഗോളും ഒഡീഷയുടെ വലയിലെത്തിച്ചു. എന്നാല്‍ ആദ്യം ഗോള്‍ നേടിയത് ഒഡീഷയാണ്. ഈ ഗോളില്‍ നിന്നേറ്റ പ്രഹരം വെടിയേറ്റ പുലിയെപ്പോലെ മുംബൈയെ ഉണര്‍ന്നെഴുന്നേല്‍ക്കാന്‍ സഹായിച്ചു.പിന്നീട് മുംബൈ എതിരാളികളെ കടിച്ചുകീറുകയായിരുന്നു.
ലീഗ് ഷീല്‍ഡ് നേടാന്‍ മുംബൈയ്ക്ക് മികച്ച ഗോള്‍ മാര്‍ജിനില്‍ ജയിക്കേണ്ടിയിരുന്നു. ഈ ലക്ഷ്യം മുന്നില്‍ കണ്ടു കൊണ്ടാണ് മുംബൈയുടെ കോച്ച് സെര്‍ജിയോ ലൊബേര ടീമിനെ വിന്യസിച്ചത്. നാല് മാറ്റങ്ങള്‍ കൊണ്ടു വന്ന ലൊബേര ഓഗ്ബച്ചേയേയും ലെ ഫോന്ദ്രെയെയും ഗോള്‍ മഴ പെയ്യിക്കാന്‍ ആദ്യ ഇലവനില്‍ ആദ്യമായി ഇറക്കി. മറുവശത്ത് ഒഡീഷ പുതിയ കോച്ച് സ്റ്റീഫന്‍ ഡയസിന്റെ കീഴില്‍ ആറ് മാറ്റങ്ങളുമായാണ് ആദ്യ ഇലവന്‍ കളിക്കാനെത്തിയത്.
മുംബൈ സിറ്റിയെ ഞെട്ടിച്ചുകൊണ്ട് ഒന്‍പതാം മിനിറ്റില്‍ തന്നെ പെനാല്‍ട്ടിയിലൂടെ ഒഡീഷ മുന്നിലെത്തി. ഡിയഗോ മൗറീഷ്യോയും ജെറിയും നടത്തിയ മുന്നേറ്റത്തില്‍ മുംബൈ പെനാല്‍ട്ടി ബോക്സിനകത്ത് വെച്ച് അഹമ്മദ് ജാഹു പുറകില്‍ നിന്നും ജെറിയെ വലിച്ചു താഴെയിട്ടു. തുടര്‍ന്നു ഡീഗോ മൗറീഷ്യോ എടുത്ത ദുര്‍ബലമായ പെനാല്‍ട്ടി മുംബൈ ഗോള്‍ കീപ്പര്‍ അമരീന്ദര്‍ സിംഗിന്റെ ദേഹത്ത് തട്ടി ഗോള്‍ വലയില്‍ എത്തി.
മൗറീഷ്യോയുടെ ഈ സീസണിലെ പതിനൊന്നാം ഗോള്‍. ആദ്യമായാണ് ഒഡീഷ പെനാല്‍ട്ടിയിലൂടെ ഗോള്‍ നേടിയതെന്നതാണ് മറ്റൊരു സവിശേഷത. 14-ാം മിനിറ്റില്‍ മറ്റൊരു സെറ്റ് പീസിലൂടെ തന്നെ മുംബൈ ഗോള്‍ മടക്കി. അഹമ്മദ് ജാഹു എടുത്ത കിക്ക് ബോക്സിനകത്തു നിന്ന ബര്‍ത്തലോമ്യോ ഓഗ്ബച്ചേ ഹെഡ്ഡറിലൂടെ വലയിലേക്ക് തിരിച്ചുവിട്ടു (11). 38ാം മിനിറ്റില്‍ മുംബൈ മുന്നിലെത്തി. ഓഗ്ബച്ചെയുടെ പാസ് ഒഡീഷയുടെ ക്യാപ്റ്റന്‍ സ്റ്റീഫന്‍ ഡയസിനു പകരം എത്തിയ മുഹമ്മദ് സാജിദിന്റെ കാലില്‍ തട്ടി ഡിഫ്ളെക്ട് ചെയ്തു ഇതിിലൂടെ കിട്ടിയ പന്ത് ബിപിന്‍ സിംഗ് ഗോള്‍ വലയുടെ വലത്തെ മൂലയിലെത്തിച്ചു (12). അധികം വൈകാതെ മുംബൈ ലീഡുയര്‍ത്തി. ജെറിയുടെ ഫൗളിനെ തുടര്‍ന്നു വന്ന ഫ്രീ കിക്ക് ഗോളായി.
അഹമ്മദ് ജാഹു എടുത്ത ഇന്‍സ്വിങര്‍ കുതിച്ചുയര്‍ന്ന ബെര്‍ത്തലോമ്യോ ഓഗ്ബച്ചേ ഹെഡ്ഡറിലൂടെ ഗോളാക്കി (13).. ഇതോടെ ഓഗ്ബച്ചേയുടെ ഐ.എസ്.എല്ലിലെ ഗോളുകളുടെ എണ്ണം 34 ആയി ഉയര്‍ന്നു. കോറോ,സുനില്‍ ഛെത്രി എന്നിവരുടെ പിന്നില്‍ ഓഗ്ബച്ചെ എത്തി. ഇടവേളയ്ക്കു മുന്‍പ് തന്നെ 44-ാം മിനിറ്റില്‍ മുംബൈ വീണ്ടും ഗോള്‍ മഴ തുടര്‍ന്നു. ഇത്തവണ ലെ ഫോന്ദ്രെ മൈതാന മധ്യത്തില്‍ നിന്നും വഴിമരുന്നിട്ട നീക്കം ബിപിന്‍ സിംഗിന്റെ ക്രോസില്‍ ബോക്സിന്റെ വലത് മൂലയിലേക്കു കുതിച്ചെത്തിയ സൈയ് ഗോദാര്‍ദ് ഒഡീഷ ഗോളിയെ നിസഹായനാക്കി ഹാഫ് വോളിയിലൂടെ ഗോള്‍ വലയുടെ ഇടത്തെ മൂലയിലേക്കു ബുള്ളറ്റ് ഷോട്ടിലൂടെ അടിച്ചു കയറ്റി (14).
രണ്ടാം പകുതി തുടങ്ങി രണ്ടു മിനിറ്റ് തികയുന്നതിനു മുന്‍പ് തന്നെ മുംബൈയുടെ അഞ്ചാം ഗോള്‍ വന്നു. ഇത്തവണ ഓഗ്ബച്ചേയുടെ അസിസ്റ്റില്‍ നിന്നും. പന്തുമായി കുതിച്ച ഓഗ്ബച്ചേ ബോക്സിന്റെ ഇടത്തെ മൂലയില്‍ നിന്നു ബിപിന്‍ സിംഗിലേക്കു കൈമാറി. തടയാന്‍ വന്ന ഒഡീഷയുടെ കമല്‍ പ്രീതിന്റെ മുന്നില്‍ നിന്നും ബിപിന്‍ സിംഗ് തൊടുത്തുവിട്ട പന്ത് ഗോളി അര്‍ഷദീപിന്റെ കൈകളില്‍ തട്ടി വലയില്‍ (15) ഇതോടെ മുംബൈ ഒറ്റയടിക്ക് മുന്നു പേരെ പിന്‍വലിച്ചു.
മുംബൈയുടെ കളിയുടെ വേഗതയും അതേപോലെ കുത്തനെ കുറഞ്ഞു. 75-ാം മിനിറ്റില്‍ ഓഗ്ബച്ചയേയും പിന്‍വലിച്ചു. 83-ാം മിനിറ്റില്‍ മുംബൈയയ്ക്ക് ഗോള്‍ നേട്ടം അരഡസന്‍ ആക്കിമാറ്റുവാന്‍ അവസരം കിട്ടി. വിക്രം പ്രതാപിനെ, കമല്‍ പ്രീത് പുറകില്‍ നിന്നും ടാക്കിള്‍ ചെയ്തു. തുടര്‍ന്നു കിട്ടിയ പെനാല്‍ട്ടി അഹമ്മദ് ജാഹു എടുത്തുവെങ്കിലും ഒഡീഷ ഗോളി അര്‍ഷദീപ് സിംഗ് തടുത്തു.
ഒരു ഗോള്‍ കൂടി നേടി ഹാട്രിക് നേടാന്‍ ബിപിന്‍സിംഗിനു ലഭിക്കേണ്ടിയിരുന്ന അവസരം നഷ്ടമായെങ്കിലും അധികം നേരം നിരാശനാകേണ്ടി വന്നില്ല. 86-ാം മിനിറ്റില്‍ ബിപിന്‍ സിംഗ് ഐ.എസ്.എല്‍ ഏഴാം സീസണിലെ ആദ്യത്തെ ഹാട്രിക്ക് നേട്ടം കൊയ്തു. റൗളിങ് ബോര്‍ഹസിന്റെ ആദ്യ ഷോട്ട് അര്‍ഷദീപ് തടുത്തു. എന്നാല്‍ റീബൗണ്ടായ പന്ത് ബോക്സിലുണ്ടായിരുന്ന ബിപിന്‍സിംഗ് വലയിലേക്ക് തട്ടി ഇട്ടു (16).
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.