കട്ടക്ക്: ട്വന്റി-20 പരമ്പരയ്ക്ക് പിന്നാലെ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയും സ്വന്തമാക്കി ഇന്ത്യ. കട്ടക്കില്‍ നടന്ന ഏകദിനത്തില്‍ നാല് വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. സെഞ്ചുറിയുമായി ഫോമിലേക്കുയര്‍ന്ന രോഹിത് ശര്‍മയായിരുന്നു ഇന്ത്യയുടെ കരുത്ത്. ഇംഗ്ലണ്ട് മുന്നോട്ടുവെച്ച 305 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 33 പന്തുകള്‍ ശേഷിക്കെ മറികടന്നു.
90 പന്തില്‍ 119 റണ്‍സുമായി മുന്നില്‍ നിന്ന് നയിച്ച രോഹിത് ശര്‍മയാണ് ഇന്ത്യയുടെ വിജയ ശില്‍പി. 12 ഫോറും ഏഴ് സികിസും രോഹിതിന്റെ ബാറ്റില്‍നിന്ന് പിറന്നു. 52 പന്തില്‍ 60 റണ്‍സോടെ ശുഭ്മാന്‍ ഗില്‍ രോഹിതിന് പിന്തുണ നല്‍കി. ഇരുവരും ഒന്നാം വിക്കറ്റില്‍ 136 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. എട്ട് പന്തില്‍ അഞ്ച് റണ്‍സെടുത്ത വിരാട് കോലി നിരാശപ്പെടുത്തി. ശ്രേയസ് അയ്യര്‍ 47 പന്തില്‍ 44 റണ്‍സ് നേടി. കെ.എല്‍ രാഹുലിനും ഹാര്‍ദിക് പാണ്ഡ്യയ്ക്കും 10 റണ്‍സ് വീതമേ കണ്ടെത്താനായുള്ളു. അക്സര്‍ പട്ടേല്‍ 43 പന്തില്‍ 41 റണ്‍സോടെ പുറത്താകാതെ നിന്നു. രവീന്ദ്ര ജഡേജ ഏഴ് പന്തില്‍ 11 റണ്‍സ് നേടി.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിന് ഓപ്പണര്‍മാരായ ഫില്‍ സാള്‍ട്ടും ബെന്‍ ഡക്കറ്റും മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും ഓപ്പണിങ് വിക്കറ്റില്‍ 81 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. 29 പന്തില്‍ 26 റണ്‍സെടുത്ത സാള്‍ട്ടിനെ പുറത്താക്കി വരുണ്‍ ചക്രവര്‍ത്തിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.പിന്നീട് സ്‌കോര്‍ ബോര്‍ഡില്‍ 21 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴേക്കും ഡക്കറ്റും ക്രീസ് വിട്ടു. 56 പന്തില്‍ 10 ഫോറിന്റെ സഹായത്തോടെ 65 റണ്‍സ് അടിച്ചുകൂട്ടിയ ഡക്കറ്റിനെ രവീന്ദ്ര ജഡേജ, ഹാര്‍ദിക് പാണ്ഡ്യയുടെ കൈയിലെത്തിക്കുകയായിരുന്നു.
പിന്നീട് ഹാരി ബ്രൂക്കിനെ കൂട്ടുപിടിച്ച് ജോ റൂട്ട് ഇന്നിങ്‌സ് മുന്നോട്ടുനയിച്ചു. ഇരുവരും മൂന്നാം വിക്കറ്റില്‍ 66 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 52 പന്തില്‍ 31 റണ്‍സെടുത്ത ബ്രൂക്കിനെ ഹര്‍ഷിത് റാണ പുറത്താക്കി. പിന്നീട് റൂട്ടും ജോസ് ബട്‌ലറും ചേര്‍ന്ന് അര്‍ധ സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കി. 35 പന്തില്‍ 34 റണ്‍സെടുത്ത ബട്‌ലറെ പുറത്താക്കി ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ രക്ഷകനായത്. അടുത്തത് റൂട്ടിന്റെ ഊഴമായിരുന്നു. 72 പന്തില്‍ ആറ് ഫോറിന്റെ സഹായത്തോടെ 69 റണ്‍സ് അടിച്ചെടുത്തശേഷമാണ് റൂട്ട് ക്രീസ് വിട്ടത്. രവീന്ദ്ര ജഡേജയ്ക്കാണ് വിക്കറ്റ്. പിന്നീട് ക്രീസിലെത്തിയ ജാമി ഒവര്‍ട്ടെന് അധികം ആയുസുണ്ടായിരുന്നില്ല. 10 പന്തില്‍ ആറ് റണ്‍സെടുത്ത ഒവെര്‍ട്ടനേയും ജഡേജയാണ് തിരിച്ചയച്ചത്.
പിന്നാലെ അറ്റ്കിന്‍സണെ മുഹമ്മദ് ഷമിയും പുറത്താക്കി. ഏഴ് പന്തില്‍ മൂന്ന് റണ്‍സായിരുന്നു സംഭാവന. തുടര്‍ന്ന് ക്രീസിലെത്തിയ ആദില്‍ റാഷിദ്, ലിവിങ്സ്റ്റണ് പിന്തുണ നല്‍കാന്‍ ശ്രമിച്ചെങ്കിലും ആയുസുണ്ടായില്ല. അഞ്ച് പന്തില്‍ മൂന്ന് ഫോറോടെ 14 റണ്‍സ് അടിച്ചെടുത്ത ആദിലിനെ ഹര്‍ഷിത് റാണ റണ്‍ഔട്ടാക്കുകയായിരുന്നു.
പിന്നാലെ 32 പന്തില്‍ രണ്ട് വീതം ഫോറും സിക്‌സും സഹിതം 41 റണ്‍സെടുത്ത ലിവിങ്സ്റ്റണും റണ്‍ഔട്ടായി. ശ്രേയസ് അയ്യരാണ് പുറത്താക്കിയത്. തുടര്‍ന്ന് ക്രീസിലെത്തിയ സാഖിബ് മഹ്മൂദ് നേരിട്ട ആദ്യ പന്തില്‍ തന്നെ റണ്‍ഔട്ടായി. 56 റണ്‍സെടുക്കുന്നതിനിടയിലാണ് അവസാന ആറ് വിക്കറ്റുകള്‍ ഇംഗ്ലണ്ടിന് നഷ്ടമായത്.
ഇന്ത്യക്കായി രവീന്ദ്ര ജഡേജ 10 ഓവറില്‍ 35 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഹര്‍ഷിത് റാണ, ഹാര്‍ദിക് പാണ്ഡ്യ, വരുണ്‍ ചക്രവര്‍ത്തി, മുഹമ്മദ് ഷമി എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.