പെർത്ത്: പെർത്തിലുടനീളം ചുമരുകളിലും ബസ് സ്റ്റോപ്പുകളിലും ബോർഡുകളിലും യഹൂദവിരുദ്ധ പരാമർശ ചുവരെഴുത്തുകളും പെയിന്റിങ്ങുകളും കണ്ടെത്തിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. ജസ്റ്റിൻ ചാൾസ് റോബിൻസൺ, ഡാമിയൻ ജോഷ്വ ആർകെവെൽഡ് എന്നീ യുവാക്കളാണ് അറസ്റ്റിലായത്. നെഡ്‌ലാൻഡ്‌സ്, ഡയാനല്ല, ഡാൽക്കീത്ത് എന്നിവിടങ്ങളിലെ ഭിത്തികളിലാണ് പ്രധാനമായും ഇവർ യഹൂദ വിരുദ്ധ പരാമർശങ്ങൾ പതിപ്പിച്ചത്.
പെർത്തിൽ ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ട് മണിക്കൂറുകൾക്കുള്ളിൽ തന്നെ കമ്മ്യൂണിറ്റിയിലെ അംഗങ്ങൾ വിവരം അറിയിച്ചു. തുടർന്ന് ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തിൽ ഇവരെ അറസ്റ്റ് ചെയ്തതായി പൊലീസ് കമ്മീഷണർ കേണൽ ബ്ലാഞ്ച് പറഞ്ഞു. "അനിയന്ത്രിതമായ വിദ്വേഷത്തിൻ്റെയും വംശീയതയുടെയും നീചമായ പ്രവൃത്തികൾ" സേന വെച്ചുപൊറുപ്പിക്കില്ലെന്ന് പോലീസ് വക്താവ് പറഞ്ഞു.
വംശീയ വിദ്വേഷത്തിൻ്റെ സാഹചര്യത്തിൽ ഒന്നിലധികം ക്രിമിനൽ കുറ്റങ്ങൾ ഇരുവർക്കും എതിരെ ചുമത്തി പെർത്ത് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കുകയായിരുന്നു. വിദ്വേഷ കുറ്റകൃത്യങ്ങൾ സുരക്ഷാ ക്യാമറകളിൽ പതിഞ്ഞതായും പുരുഷന്മാരുടെ വീടുകളിൽ നടത്തിയ പരിശോധനയിൽ സിസിടിവിയിൽ കണ്ട വസ്ത്രങ്ങൾ കണ്ടെത്തിയതായും പൊലിസ് കോടതിയെ അറിയിച്ചു.
ആർകെവെൽഡിൻ്റെ ഫോണിൽ നിന്ന് "ഹിറ്റ്‌ലർ പറഞ്ഞത് ശരിയാണ്" എന്നത് ഉൾപ്പെടെയുള്ള ശത്രുതാപരമായ സന്ദേശങ്ങളും കണ്ടെത്തി. എന്നാൽ തൻ്റെ ഫോണിലേക്ക് എങ്ങനെയാണ് സന്ദേശങ്ങൾ വന്നതെന്ന് അറിയില്ലെന്ന് പ്രതി മജിസ്‌ട്രേറ്റിനോട് പറഞ്ഞു. തനിക്ക് അത്തരം കാഴ്ചപ്പാടുകളില്ലെന്നും ജൂത സമൂഹത്തെ ബഹുമാനിക്കുന്നതായും അദേഹം പറഞ്ഞു.
റോബിൻസണെ ജാമ്യത്തിൽ വിട്ടയച്ചുവെങ്കിലും സിനഗോഗുകളുടെ 200 മീറ്റർ പരിധിയിൽ വരുന്നത് വിലക്കി. അടുത്ത മാസം വീണ്ടും കോടതിയിൽ ഹാജരാകുന്നത് വരെ ആർകെവെൽഡിൻ്റെ ജാമ്യാപേക്ഷ മാറ്റിവച്ചു.
വെസ്റ്റേൺ ഓസ്ട്രേലിയ ആഭ്യന്തര മന്ത്രി മന്ത്രി പോൾ പപ്പാലിയയും പ്രവർത്തനങ്ങളെ അപലപിച്ചു. സിഡ്‌നിയിലെയും മെൽബണിലെയും കിഴക്കൻ തീരത്ത് സമാനമായ യഹൂദവിരുദ്ധ സംഭവങ്ങളുടെ ഒരു നിര കണ്ടെത്തിയിരുന്നു. ജൂത വിരുദ്ധ ആക്രമണങ്ങൾ സംസ്ഥാനം വെച്ചുപൊറുപ്പിക്കില്ലെന്ന് മന്ത്രി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.