ദീപാലങ്കാരങ്ങള്‍ നിയമവിരുദ്ധം; കെഎസ്ആര്‍ടിസി റോയല്‍വ്യൂ ഡബിള്‍ ഡെക്കര്‍ ബസിനെതിരെ വീണ്ടും ഹൈക്കോടതി

ദീപാലങ്കാരങ്ങള്‍ നിയമവിരുദ്ധം; കെഎസ്ആര്‍ടിസി റോയല്‍വ്യൂ ഡബിള്‍ ഡെക്കര്‍ ബസിനെതിരെ വീണ്ടും ഹൈക്കോടതി

കൊച്ചി: കെഎസ്ആര്‍ടിസി റോയല്‍വ്യൂ ഡബിള്‍ ഡെക്കര്‍ ബസില്‍ സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്ന വിധത്തില്‍ ദീപാലങ്കാരങ്ങള്‍ അനുവദിച്ചതെങ്ങനെയെന്ന് ഹൈക്കോടതി. ഇതിന് അടിസ്ഥാനമാക്കിയ രേഖകള്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. മൂന്നാറിലേക്ക് വിനോദസഞ്ചാരികളുമായി പോകുന്ന ബസാണ് കെഎസ്ആര്‍ടിസി റോയല്‍വ്യൂ ഡബിള്‍ ഡെക്കര്‍ ബസ്.

ഇതോടൊപ്പം സത്യവാങ്മൂലവും സമര്‍പ്പിക്കണം. കെഎസ്ആര്‍ടിസിയിലും ഇക്കാര്യത്തില്‍ സത്യവാങ്മൂലം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. തുടര്‍ന്ന് ഹര്‍ജി വീണ്ടും 21 ന് പരിഗണിക്കാനായി മാറ്റി. ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍, ജസ്റ്റിസ് എസ്. മുരളികൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റെതാണ് ഉത്തരവ്.
വാഹനങ്ങളുടെ അനധികൃത രൂപമാറ്റവുമായി ബന്ധപ്പെട്ട ഹര്‍ജികളാണ് കോടതിയുടെ പരിഗണനയില്‍ ഉള്ളത്. സര്‍ക്കാര്‍ വാഹനങ്ങളുടെ കാര്യത്തിലും മോട്ടോര്‍ വാഹന നിയമത്തില്‍ ഒരു തരത്തിലും ഉള്ള ഇളവും അനുവദനീയമല്ലെന്ന് കോടതി വാക്കാല്‍ പറഞ്ഞു.

അതേസമയം മൂന്നാറില്‍ കെഎസ്ആര്‍ടിസി റോയല്‍വ്യൂ ഡബിള്‍ ഡെക്കര്‍ ബസ് സര്‍വീസ് ആരംഭിച്ചതോടെ നാട്ടുകാരായ ടാക്സി ജീവനക്കാരുടെ ഉപജീവന മാര്‍ഗം തടസപ്പെട്ടതായി ചൂണ്ടിക്കാട്ടി മൂന്നാര്‍ കെ.ഡി.എച്ച്.പി ടാക്സി ഡ്രൈവേഴ്സ് അസോസിയേഷന്‍ ഹര്‍ജിയില്‍ കക്ഷിചേരാന്‍ നല്‍കിയ അപേക്ഷ കോടതി തള്ളി.
നിലവിലെ ഹര്‍ജിയില്‍ ഈ വിഷയം പരിഗണിക്കാനാവില്ലെന്നും ബന്ധപ്പെട്ട മറ്റേതെങ്കിലും കോടതിയെ സമീപിച്ച് ഹര്‍ജിക്കാര്‍ക്ക് പരിഹാരം കാണാമെന്നും കോടതി നിര്‍ദേശിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.