ന്യൂഡല്‍ഹി: അനധികൃത കുടിയേറ്റക്കാരായി അമേരിക്ക നാടുകടത്തപ്പെട്ട ഇന്ത്യക്കാരെ അമൃത്സര്‍ വിമാനത്താവളത്തില്‍ എത്തിക്കുന്നതിനെതിരെ പഞ്ചാബ് സര്‍ക്കാര്‍.
അമേരിക്കയില്‍ നിന്ന് നാടുകടത്തപ്പെട്ട 104 ഇന്ത്യക്കാരെ ഫെബ്രുവരി അഞ്ചിന് ഇന്ത്യയിലെത്തിയ വിമാനം ഇറങ്ങിയത് അമൃത്സര്‍ വിമാനത്താവളത്തിലാണ്. നാളെയും മറ്റന്നാളുമായി എത്തുന്ന വിമാനങ്ങളും അമൃത്സറിലാണ് ഇറങ്ങുക.
മറ്റ് സംസ്ഥാനങ്ങള്‍ക്ക് പകരം പഞ്ചാബിനെ തന്നെ ഇതിനായി തിരഞ്ഞെടുക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ താല്‍പര്യത്തിലാണ് പഞ്ചാബ് സര്‍ക്കാര്‍ സംശയമുന്നയിച്ചിരിക്കുന്നത്.
പഞ്ചാബിനെ അപമാനിക്കുന്നതിന് വേണ്ടിയാണ് അനധികൃത കുടിയേറ്റക്കാരായി നാടുകടത്തപ്പെടുന്നവരെ എത്തിക്കാന്‍ കേന്ദ്രം പഞ്ചാബിനെ തന്നെ തിരഞ്ഞെടുക്കുന്നതെന്ന് പഞ്ചാബ് ധനകാര്യ മന്ത്രി ഹര്‍പാല്‍ സിങ് ചീമ ആരോപിച്ചു.
എന്തുകൊണ്ടാണ് ഈ വിമാനങ്ങള്‍ ഹരിയാനയിലോ ഗുജറാത്തിലോ ഇറങ്ങാത്തതെന്നും പഞ്ചാബിനെ കേന്ദ്രം ലക്ഷ്യമിടുകയാണെന്നത് ഇതില്‍ നിന്ന് വ്യക്തമാണെന്നും ഈ വിമാനങ്ങള്‍ അഹമ്മദാബാദില്‍ ഇറക്കണമെന്നും ഹര്‍പാല്‍ സിങ് ചീമ പറഞ്ഞു.
കോണ്‍ഗ്രസ് എം.എല്‍.എ ആയ പര്‍ഗട്ട് സിങും സമാനമായ ആശങ്കയാണ് ഉയര്‍ത്തുന്നത്. നാടുകടത്തപ്പെട്ടവരില്‍ പഞ്ചാബില്‍ നിന്നുള്ളവരും ഉണ്ടെന്നുള്ളത് ശരിയാണ്. പക്ഷെ എന്തുകൊണ്ടാണ് ഈ വിമാനങ്ങള്‍ മറ്റ് സംസ്ഥാനങ്ങളില്‍ ഇറങ്ങാത്തതെന്ന് അദ്ദേഹം ചോദിച്ചു.
അതേസമയം പഞ്ചാബ് ബിജെപി അധ്യക്ഷന്‍ സുനില്‍ ജാഖര്‍ ഈ ആരോപണങ്ങള്‍ നിഷേധിച്ചു. അനാവശ്യമായ വിവാദമാണിതെന്ന് ജാഖര്‍ പറഞ്ഞു. ഇവരെല്ലാം നാടുകടത്തപ്പെട്ട ഇന്ത്യക്കാരാണ്. വിമാനം അമൃത്സറില്‍ ഇറങ്ങുന്നതല്ല വിഷയം, ഇതൊരു മാനുഷിക പ്രശ്നമാണ്.
അത് രാഷ്ട്രീയവത്കരിക്കുന്നതിന് പകരം ആളുകള്‍ എന്തുകൊണ്ട് ഈ നിയമവിരുദ്ധ വഴികള്‍ തിരഞ്ഞെടുക്കുന്നു എന്നതില്‍ ആത്മപരിശോധന നടത്തണണം. ഈ പ്രശ്നം പരിഹരിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്നും ജാഖര്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.