മോഡി-മസ്‌ക് കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ടെസ്ല ഇന്ത്യന്‍ വിപണിയിലേക്ക്; ഡല്‍ഹിയിലും മുംബൈയിലും ഉദ്യോഗാര്‍ഥികളെ തേടി പരസ്യം നല്‍കി കമ്പനി

മോഡി-മസ്‌ക് കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ടെസ്ല ഇന്ത്യന്‍ വിപണിയിലേക്ക്; ഡല്‍ഹിയിലും മുംബൈയിലും ഉദ്യോഗാര്‍ഥികളെ തേടി പരസ്യം നല്‍കി കമ്പനി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ ഇലോണ്‍ മസ്‌കുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ആഗോള ഇലക്ട്രിക് കാര്‍ ഭീമനായ ടെസ്ല ഇന്ത്യന്‍ വിപണിയിലെത്തുന്നു.

പ്രാരംഭ നടപടികളുടെ ഭാഗമായി ടെസ്ല ഇന്ത്യയില്‍ ജീവനക്കാരുടെ റിക്രൂട്ട്മെന്റ് ആരംഭിച്ചു. 13 തസ്തികകളിലേക്ക് ഉദ്യോഗാര്‍ഥികളെ തേടി ലിങ്ക്ഡ് ഇന്‍ പേജില്‍ കമ്പനി പരസ്യം നല്‍കി.

സര്‍വീസ് ടെക്നീഷ്യന്‍, വിവിധ ഉപദേശക തസ്തികകള്‍ ഉള്‍പ്പെടെയുള്ള ഒഴിവുകളിലേക്കാണ് നിയമനം. കസ്റ്റമര്‍ എന്‍ഗേജ്മെന്റ് മാനേജര്‍, ഡെലിവറി ഓപ്പറേഷന്‍സ് സ്പെഷ്യലിസ്റ്റ് തുടങ്ങിയ ഒഴിവുകള്‍ മുംബൈയിലും മറ്റ് ഒഴിവുകള്‍ ഡല്‍ഹിയിലുമാണ്.

ടെസ്ല ഇന്ത്യയിലേക്ക് വരാന്‍ നേരത്തെ തന്നെ താല്‍പര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും ഉയര്‍ന്ന ഇറക്കുമതി തീരുവ കമ്പനിയെ ഈ നീക്കത്തില്‍ നിന്ന് പിന്തിരിപ്പിക്കുകയായിരുന്നു.

എന്നാല്‍ കഴിഞ്ഞ ബജറ്റില്‍ 40,000 ഡോളറില്‍ കൂടുതല്‍ വിലയുള്ള ഉയര്‍ന്ന നിലവാരമുള്ള കാറുകളുടെ അടിസ്ഥാന കസ്റ്റംസ് തീരുവ 110 ശതമാനത്തില്‍നിന്ന് 70 ശതമാനമായി കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇത് ബഹുരാഷ്ട്ര വാഹന കമ്പനികളെ ഇന്ത്യന്‍ വിപണിയിലേക്ക് കൂടുതല്‍ ആകര്‍ഷിക്കാന്‍ ഇടയാക്കി.

ചൈന കഴിഞ്ഞാല്‍ വൈദ്യുത വാഹന വിപണിയില്‍ രണ്ടാമതാണ് ഇന്ത്യ. ചൈനയുടെ 11 മില്ല്യണുമായി താരതമ്യപ്പെടുത്തുമ്പോള്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യയുടെ ഇലക്ട്രിക് കാര്‍ വില്‍പന ഒരു ലക്ഷമാണ്.

ടെസ്ലയുടെ വരവോടെ രാജ്യത്തെ വൈദ്യുത വാഹന വിപണിയില്‍ വന്‍ കുതിപ്പാണ് പ്രതീക്ഷിക്കുന്നത്. ടെസ്ലയും ഇന്ത്യയെ മികച്ച വിപണിയായാണ് കണക്കാക്കുന്നത്. ആദ്യഘട്ടത്തില്‍ കാറുകള്‍ ഇറക്കുമതി ചെയ്യാനും തുടര്‍ന്ന് തദ്ദേശീയമായി നിര്‍മിക്കാനുമാണ് ടെസ്ലയുടെ പദ്ധതിയെന്നാണ് അറിയുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.