ഒന്നര ലക്ഷം കോടിയുടെ നിക്ഷേപ വാഗ്ദാനമെന്ന് വ്യവസായ മന്ത്രി; താല്‍പര്യ പത്രം ഒപ്പിട്ടത് 374 കമ്പനികള്‍; നിക്ഷേപക സംഗമം സമാപിച്ചു

ഒന്നര ലക്ഷം കോടിയുടെ നിക്ഷേപ വാഗ്ദാനമെന്ന് വ്യവസായ മന്ത്രി; താല്‍പര്യ പത്രം ഒപ്പിട്ടത് 374 കമ്പനികള്‍; നിക്ഷേപക സംഗമം സമാപിച്ചു

കൊച്ചി: രണ്ട് ദിവസമായി കൊച്ചിയില്‍ നടന്നു വന്ന ഇന്‍വെസ്റ്റ് കേരള നിക്ഷേപക സംഗമം സമാപിച്ചു. നിക്ഷേപക സംഗമത്തിലൂടെ കേരളത്തിലേക്ക് ഒന്നര ലക്ഷം കോടിയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചതായി വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് അറിയിച്ചു.

നിലവില്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നതുള്‍പ്പെടെ 374 കമ്പനികള്‍ നിക്ഷേപ താല്‍പര്യ കരാറില്‍ ഒപ്പിട്ടു. ആകെ 1,52,905 കോടിയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചുവെന്നും മന്ത്രി പറഞ്ഞു. 24 ഐടി കമ്പനികള്‍ നിലവിലുള്ള സംരഭങ്ങള്‍ വികസിപ്പിക്കാന്‍ സന്നദ്ധത അറിയിച്ചു. എന്നാല്‍ കമ്പനികളുടെ നിക്ഷേപത്തിന് സമയമെടുക്കുമെന്നും രാജീവ് വ്യക്തമാക്കി.

പുതിയ സ്ഥാപനങ്ങളുടെ പദ്ധതികളും നിലവിലുള്ള സ്ഥാപനങ്ങളുടെ വികസന പദ്ധതികളും ചേര്‍ത്താണ് ഒന്നര ലക്ഷം കോടിക്ക് മേലുള്ള സംരംഭ പ്രഖ്യാപനം വ്യവസായ മന്ത്രി നടത്തിയത്. നിലവില്‍ പ്രവര്‍ത്തിക്കുന്ന 24 ഐടി കമ്പനികളുടെ പദ്ധതി വിപുലീകരണവും ഇതില്‍പ്പെടും.

അദാനി ഗ്രൂപ്പിന്റെ മുപ്പതിനായിരം കോടിയും ലുലു ഗ്രൂപ്പിന്റെയും ഷറഫ് ഗ്രൂപ്പിന്റെ 5000 കോടി വീതവും ആസ്റ്റര്‍ ഗ്രൂപ്പിന്റെ 850 കോടിയും ഇതില്‍ ഉള്‍പ്പെടും. നിക്ഷേപവുമായി ബന്ധപ്പെട്ട അന്തിമ ധാരണയല്ല മറിച്ച് താല്‍പര്യ പത്രമാണ് ഈ സ്ഥാപനങ്ങളുമായെല്ലാം ഒപ്പിട്ടിരിക്കുന്നത്. നടപ്പാക്കാന്‍ കഴിയുന്ന പദ്ധതികള്‍ മാത്രം ചേര്‍ത്ത് അന്തിമ ധാരണയുണ്ടാക്കും.

കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍, മുസ്ലിം ലീഗ് നേതാവും മുന്‍ വ്യവസാന മന്ത്രിയുമായ പികെ കുഞ്ഞാലികുട്ടി എന്നിവര്‍ സമാപന വേദിയിലെത്തി. വികസനത്തിന് വേണ്ടി കേന്ദ്രത്തിനും കേരളവും ഒരുമിച്ച് നില്‍ക്കാമെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ പറഞ്ഞു.

ഗ്ലോബല്‍ ഇന്‍വസ്റ്റേഴ്‌സ് മീറ്റിലെ നിക്ഷേപ വാഗ്ദാനങ്ങളില്‍ പ്രധാനപ്പെട്ടത്:

അദാനി ഗ്രൂപ്പ്: 30,000 കോടി

ലുലു ഗ്രൂപ്പ്: 5000 കോടി

ഷറഫ് ഗ്രൂപ്പ്: 5000 കോടി

ബിപിസിഎല്‍: 5000 കോടി

കൃഷ്ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്: 3000 കോടി

ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍: 850 കോടി

ജെയിന്‍ യൂണിവേഴ്‌സിറ്റി: 350 കോടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.