ഹൈദരാബാദ്: തെലങ്കാനയില്‍ തകര്‍ന്ന തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികള്‍ക്കായുള്ള രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നു. അവശിഷ്ടങ്ങള്‍ക്കിടയില്‍ തുരങ്കത്തില്‍ കുടുങ്ങിയവരുമായി ബന്ധപ്പെടാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇതുവരെ സാധിച്ചിട്ടില്ലെന്നാണ് വിവരം.
അറ്റകുറ്റപ്പണിക്കായി തൊഴിലാളികളുപയോഗിച്ചിരുന്ന ബോറിങ് മെഷിനടുത്ത് വരെ രക്ഷാപ്രവര്‍ത്തകര്‍ എത്തിയതായി നാഗര്‍കുര്‍ണൂല്‍ ജില്ലാ കളക്ടര്‍ ബി. സന്തോഷ് വ്യക്തമാക്കി. സ്ഥലത്തെ ചളി രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. തുരങ്കത്തില്‍ ഓക്സിജനും വൈദ്യുതിയും ലഭ്യമാക്കിയിട്ടുണ്ട്. വെള്ളം വറ്റിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും നടന്നുവരികയാണ്.
എന്‍ഡിആര്‍എഫിന്റെ നാല് ടീമുകള്‍, 24 സൈനികര്‍, എസ്ഡിആര്‍എഫ് ഉദ്യോഗസ്ഥര്‍, സിംഗരേണി കോളിയറീസ് കമ്പനി ലിമിറ്റഡിലെ (എസ്സിസിഎല്‍) 23 അംഗങ്ങള്‍, ഇന്‍ഫ്രാ സ്ഥാപനത്തിലെ അംഗങ്ങള്‍ എന്നിവരാണ് രക്ഷാ പ്രവര്‍ത്തനം നടത്തുന്നത്.
ശനിയാഴ്ച രാവിലെയാണ് മേല്‍ക്കൂര പൊളിഞ്ഞ് അപകടമുണ്ടായത്. ടണലില്‍ എട്ട് പേര്‍ കുടുങ്ങിയതായി ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് എഞ്ചിനിയര്‍മാരും ആറ് തൊഴിലാളികളുമാണ് കുടുങ്ങിയിട്ടുള്ളത്. ബാക്കിയുള്ളവര്‍ തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. കുറച്ചുനാളായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കാതിരുന്ന തുരങ്കത്തില്‍ നാല് ദിവസം മുമ്പാണ് വീണ്ടും നിര്‍മാണം ആരംഭിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.