ചുങ്കത്തറയില്‍ അന്‍വര്‍ ഇഫക്ട്: യുഡിഎഫ് അവിശ്വാസം പാസായി; എല്‍ഡിഎഫിന് ഭരണ നഷ്ടം

ചുങ്കത്തറയില്‍ അന്‍വര്‍ ഇഫക്ട്: യുഡിഎഫ് അവിശ്വാസം പാസായി; എല്‍ഡിഎഫിന് ഭരണ നഷ്ടം

നിലമ്പൂര്‍: മലപ്പുറം ജില്ലയിലെ ചുങ്കത്തറ പഞ്ചായത്തില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടമായി. യുഡിഎഫ്. കൊണ്ടുവന്ന അവിശ്വാസ പ്രമേയം വിജയിച്ചതോടെ എല്‍ഡിഎഫ് ഭരണത്തിന് പുറത്തായി.

ഇരു മുന്നണികളും ഒപ്പത്തിനൊപ്പമായിരുന്ന ഭരണ സമിതിയില്‍ വൈസ് പ്രസിഡന്റ് നുസൈബ സുധീര്‍ യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യുകയായിരുന്നു. ഒമ്പതിനെതിരെ 11 വോട്ടുകള്‍ക്കാണ് അവിശ്വാസ പ്രമേയം പാസായത്. പി.വി.

അന്‍വര്‍ ഇടപെട്ടാണ് വൈസ് പ്രസിഡന്റായ നുസൈബ സുധീറിനെ കൂറുമാറ്റിയതെന്നാണ് സിപിഎമ്മിന്റെ ആരോപണം. പോലീസ് സുരക്ഷയിലാണ് അവിശ്വാസ പ്രമേയത്തില്‍ വോട്ടെടുപ്പ് നടന്നത്.

വോട്ടെടുപ്പ് മുമ്പായി ചുങ്കത്തറയില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് പോലീസ് ലാത്തിവീശി. പി.വി അന്‍വര്‍, കോണ്‍ഗ്രസ് നേതാക്കളായ ആര്യാടന്‍ ഷൗക്കത്ത്, വി.എസ് ജോയ് എന്നിവര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഈ സമയം സ്ഥലത്തുണ്ടായിരുന്നു.

അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യാനിരിക്കേ വൈസ് പ്രസിഡന്റ് നുസൈബ സുധീറിനെ കാണാനില്ലെന്ന് കഴിഞ്ഞ ദിവസം സിപിഎം നേതാക്കള്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഭാര്യ തന്റെ ഒപ്പം ഉണ്ടെന്നും കാണാനില്ലെന്ന വാര്‍ത്ത ശരിയല്ലെന്നും വ്യക്തമാക്കി ഭര്‍ത്താവും തൃണമൂല്‍ കോണ്‍ഗ്രസ് നിലമ്പൂര്‍ നിയോജക മണ്ഡലം ചെയര്‍മാനുമായ സുധീര്‍ പുന്നപ്പാല രംഗത്തെത്തിയിരുന്നു. അന്‍വറിന്റെ വിശ്വസ്തനാണ് സുധീര്‍.

അവിശ്വാസത്തിന് നോട്ടീസ് നല്‍കിയതിനു തൊട്ടുപിന്നാലെ എല്‍ഡിഎഫ് എടക്കരയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ നുസൈബ സുധീര്‍ ഉള്‍പ്പെടെ 10 അംഗങ്ങളെയും പങ്കെടുപ്പിച്ച് പ്രമേയം പരാജയപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, നുസൈബ സിപിഎം അംഗങ്ങളുടെ ഫോണ്‍ കോളുകള്‍ എടുക്കാതായതോടെ എല്‍ഡിഎഫ് അപകടം മണത്തു. പി.വി അന്‍വറാണ് നീക്കത്തിന് പിന്നിലെന്ന് എല്‍ഡിഎഫ് ആരോപിച്ചു.

നേരത്തേ വയനാട് ജില്ലയിലെ പനമരം ഗ്രാമ പഞ്ചായത്തില്‍ എല്‍ഡിഎഫിനെ അട്ടിമറിച്ച് യുഡിഎഫ് ഭരണം പിടിച്ചിരുന്നു. ജെഡിഎസ് വിമതനായി മത്സരിച്ച് വിജയിച്ച ബെന്നി ചെറിയാന്‍ യുഡിഎഫിന് വോട്ട് ചെയ്തതോടെയാണ് ഇടതിന് ഭരണം നഷ്ടമായത്.

വിമതനായി മത്സരിച്ചതിനാല്‍ ബെന്നിയെ ജെഡിഎസ് പുറത്താക്കിയിരുന്നെങ്കിലും അദേഹം ഇടതു മുന്നണിയെയാണ് പിന്തുണച്ചിരുന്നത്. എന്നാല്‍ പി.വി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ കേരളത്തിലെ കണ്‍വീനറായതിന് പിന്നാലെ ബെന്നി തൃണമൂലില്‍ ചേരുകയായിരുന്നു. ഇതിന് ശേഷമാണ് അദേഹം യുഡിഎഫിനെ പിന്തുണച്ചത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.