കൊച്ചി: വാഹനങ്ങളുടെ പുക പരിശോധനാ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം നിശ്ചലമായത് കാരണം കുറച്ച് ദിവസങ്ങളായി വാഹന ഉടമകള്‍ നട്ടംതിരിയുകയാണ്. പ്രത്യേകിച്ച് പുക പരിശോധന സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി അവസാനിച്ചവര്‍. കഴിഞ്ഞ വെള്ളി, ശനി, തിങ്കള്‍ ദിവസങ്ങളില്‍ പുക പരിശോധനാ കേന്ദ്രങ്ങള്‍ക്ക് പ്രവര്‍ത്തിക്കാനായിട്ടില്ല. മോട്ടോര്‍ വാഹന വകുപ്പിന്റെ പരിവാഹന്‍ സൈറ്റിലുണ്ടായ അപാകതയാണ് പ്രശ്നങ്ങള്‍ക്ക് കാരണം.
അതേസമയം പുക പരിശോധന സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി കഴിഞ്ഞതോര്‍ത്ത് ആശങ്കപ്പെടേണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ്. 22-2-2025 നും 27-2-2025-നമിടയില്‍ പുക പരിശോധന സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി അവസാനിച്ച വാഹനങ്ങള്‍ക്ക് പിഴ ചുമത്തുന്നത് ഒഴിവാക്കിയിട്ടുണ്ടെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചിരിക്കുന്നത്. വാഹനങ്ങള്‍ ടെസ്റ്റ് ചെയ്യുന്നതിനും മോട്ടോര്‍ വാഹന വകുപ്പുമായി ബന്ധപ്പെട്ട മറ്റ് ആവശ്യങ്ങള്‍ക്കും പുക പരിശോധന നിര്‍ബന്ധമാണ്.
കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ കീഴിലുള്ള വാഹന്‍ പോര്‍ട്ടല്‍ സാങ്കേതിക കാരണങ്ങളാല്‍ 22-02-25 മുതല്‍ പ്രവര്‍ത്തന രഹിതമാണെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്. സോഫ്റ്റ്വെയര്‍ സെര്‍വറില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ രാജ്യവ്യാപകമായി ഈ പ്രശ്നം നിലനില്‍ക്കുന്നുണ്ട്. ഇത് പൂര്‍വസ്ഥിതിയില്‍ എത്തിക്കാന്‍ ഇനിയും 24 മണിക്കൂറില്‍ അധികം വേണമെന്നും എംവിഡിയുടെ കുറിപ്പില്‍ പറയുന്നു.
പരിശോധനാ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം നിലച്ചതോടെ ടെസ്റ്റ് ഉള്‍പ്പെടെയുള്ള മറ്റ് കാര്യങ്ങളും തടസപ്പെടുമെന്നും ടെസ്റ്റ് വൈകിയാല്‍ വാഹന ഉടമകള്‍ക്ക് പിഴ അടയ്‌ക്കേണ്ടി വരുമെന്നുമുള്ള ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്. തങ്ങളുടേതല്ലാത്ത കാരണത്താല്‍ ബുദ്ധിമുട്ട് നേരിടുകയാണ് വാഹന ഉടമകള്‍. ഇത് മനപൂര്‍വമായി തടസപ്പെടുത്തുന്നതാണെന്നാണ് സെന്റര്‍ ഉടമകളുടെ പരാതി. അല്ലെങ്കില്‍ വിഷയത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് പ്രശ്‌നം പരിഹരിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് തയ്യാറാകാത്തത് എന്തുകൊണ്ടാണെന്നാണ് അവരുടെ ചോദ്യം.
ബന്ധപ്പെട്ട അധികാരികളോട് പറഞ്ഞപ്പോള്‍ മറുപടിയില്ലാതെ കൈമലര്‍ത്തുകയാണെന്ന് അസോസിയേഷന്‍ ഓഫ് ഓതറൈസ്ഡ് ടെസ്റ്റിങ് സ്റ്റേഷന്‍ ഫോര്‍ മോട്ടോര്‍ വെഹിക്കിള്‍സ് (കേരള) ഭാരവാഹികള്‍ പറഞ്ഞു. വ്യക്തമായ മറുപടിയോ പരിഹാര നിര്‍ദേശങ്ങളോ അവര്‍ക്കില്ലാത്തത് ദുരൂഹതയാണ്. വാഹന പുക പരിശോധനാ കേന്ദ്രങ്ങളെ നിശ്ചലമാക്കുന്ന ഇത്തരം പ്രവണത കണ്ടെത്തി നിയമനടപടി സ്വീകരിക്കണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറോട് ആവശ്യപ്പെടുമെന്നും സംസ്ഥാന വൈസ് പ്രസിഡന്റും എറണാകുളം ജില്ലാ പ്രസിഡന്റുമായ എം.ബി സ്യമന്തഭദ്രന്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.