രാജ്യദ്രോഹ ശക്തികള്‍ക്ക് എതിരായ പോരാട്ടം തുടരുമെന്ന് പി.സി ജോര്‍ജ്

രാജ്യദ്രോഹ ശക്തികള്‍ക്ക് എതിരായ പോരാട്ടം തുടരുമെന്ന് പി.സി ജോര്‍ജ്

കോട്ടയം: രാജ്യത്തെ നശിപ്പിക്കുന്ന രാജ്യദ്രോഹ ശക്തികള്‍ക്ക് എതിരായ പോരാട്ടം തുടരുമെന്ന് ബിജെപി നേതാവ് പി.സി ജോര്‍ജ്. വിദ്വേഷ പരാമര്‍ശ കേസില്‍ ജാമ്യം കിട്ടിയതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദേഹം. ജാമ്യം കിട്ടിയതിന് പിന്നാലെ പി.സി ജോര്‍ജിനെ തുടര്‍ ചികിത്സയ്ക്കായി പാലയിലെ മാര്‍സ്ലീവ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു.

നാല് ദിവസത്തെ റിമാന്‍ഡിന് ശേഷം പിസി ജോര്‍ജിന്റെ ആരോഗ്യ പ്രശ്‌നങ്ങള്‍ അടക്കം ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് ഈരാറ്റുപേട്ട കോടതി ജാമ്യം അനുവദിച്ചത്. കേസില്‍ തെളിവ് ശേഖരണം അടക്കം പൂര്‍ത്തിയായെന്നും പൊലീസ് അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെന്നും പി.സിയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചിരുന്നു.

തുടര്‍ച്ചയായി ജാമ്യ വ്യവസ്ഥകള്‍ ലംഘിക്കുന്നയാളാണ് പ്രതിയെന്നും ജാമ്യം നല്‍കിയാല്‍ ഇത് ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്നുമായിരുന്നു പ്രോസിക്യൂഷന്‍ വാദം. എന്നാല്‍ വിദ്വേഷ പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കരുതെന്ന കര്‍ശന ഉപാധിയോടെയാണ് പി.സി ജോര്‍ജിന് കോടതി ജാമ്യം അനുവദിച്ചത്.

ജനുവരി അഞ്ചിനാണ് ചാനല്‍ ചര്‍ച്ചയ്ക്കിടെ പി.സി ജോര്‍ജ് മതവിദ്വേഷ പരാമര്‍ശം നടത്തിയത്. യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

കോട്ടയം സെഷന്‍സ് കോടതിയും പിന്നീട് ഹൈക്കോടതിയും പിസിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. അറസ്റ്റിന് പിന്നാലെ റിമാന്‍ഡിലായ പി.സിയെ ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.