വത്തിക്കാൻ സിറ്റി: തുടർച്ചയായി മൂന്ന് ആഴ്ചകളിൽ ത്രികാലജപ പ്രാർഥനയിൽ പങ്കെടുക്കാനായില്ലെങ്കിലും, ഞായറാഴ്ചകളിൽ വിശ്വാസികൾക്കായി നൽകാറുള്ള സന്ദേശത്തിന് മുടക്കം വരുത്താതെ ഫ്രാൻസിസ് മാർപാപ്പ. വത്തിക്കാൻ പ്രസ് ഓഫീസ് പുറത്ത് വിട്ട ഞായറാഴ്ച സന്ദേശത്തിൽ, തനിക്കുവേണ്ടിയുള്ള പ്രാർഥനകൾക്കും ലഭിച്ചുകൊണ്ടിരിക്കുന്ന വൈദ്യ പരിചരണത്തിനും മാർപാപ്പ നന്ദി അറിയിക്കുകയും ലോകസമാധാനത്തിനു വേണ്ടി പ്രാർഥിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു.
ഞായറാഴ്ചത്തെ സുവിശേഷ വായനയെ ആസ്പദമാക്കിയുള്ള വിചിന്തനങ്ങളിൽ, സ്നേഹത്തിന്റെ കണ്ണുകളിലൂടെ മറ്റുള്ളവരെ കാണേണ്ടതിന്റെയും സംസാരത്തിൽ നന്മയുള്ളവരാകേണ്ടതിന്‍റെയും പ്രാധാന്യമാണ് പരിശുദ്ധ പിതാവ് എടുത്തുപറഞ്ഞത്. രോഗാവസ്ഥയിലായിരിക്കുന്ന തനിക്കുവേണ്ടി പ്രാർഥിക്കുന്നതുപോലെതന്നെ ലോകസമാധാനത്തിനുവേണ്ടിയും പ്രാർഥിക്കണമെന്ന് പാപ്പാ വിശ്വാസികളെ ഓർമിപ്പിച്ചു.
'ഇവിടെനിന്ന് നോക്കുമ്പോൾ യുദ്ധം കൂടുതൽ അസംബന്ധമായി എനിക്ക് തോന്നുന്നു' - പാപ്പാ പറഞ്ഞു. പ്രത്യേകമായി, യുദ്ധക്കെടുതികൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഉക്രെയ്ൻ, പലസ്തീൻ, ഇസ്രായേൽ, ലെബനൻ, മ്യാൻമർ, സുഡാൻ, കിവു എന്നിവിടങ്ങളിലെ ജനങ്ങൾക്കായി പ്രാർത്ഥിക്കണമെന്നുള്ള അഭ്യർത്ഥന പാപ്പാ ഈ ആഴ്ചയും ആവർത്തിച്ചു.
പ്രാർഥനകൾക്കും സാമീപ്യത്തിനും നന്ദി
ഡോക്ടർമാരും മറ്റ് ആരോഗ്യപ്രവർത്തകരും നൽകിക്കൊണ്ടിരിക്കുന്ന അതീവ ശ്രദ്ധയോടെയുള്ള പരിചരണങ്ങൾക്ക് നന്ദി പറഞ്ഞ പാപ്പാ, തൻ്റെ ഈ രോഗത്തിൽ മറഞ്ഞിരിക്കുന്ന ദൈവകൃപയെ കുറിച്ചുള്ള ചിന്തകളും പങ്കുവച്ചു. 'കൃത്യമായി പറഞ്ഞാൽ, കർത്താവിൽ കൂടുതൽ ആശ്രയിക്കാൻ ഈ നിമിഷങ്ങളിൽ നമ്മൾ പഠിക്കുന്നു. അതോടൊപ്പം, ശരീരത്തിലും ആത്മാവിലുമുള്ള രോഗങ്ങൾമൂലം ക്ലേശിക്കുന്ന അനേകരുടെ അവസ്ഥയിൽ പങ്കുചേരാൻ അവസരം തന്ന ദൈവത്തിന് ഞാൻ നന്ദിയർപ്പിക്കുകയും ചെയ്യുന്നു - പാപ്പാ പറഞ്ഞു.
ലോകമെമ്പാടുമുള്ള വിശ്വാസികളുടെ ഹൃദയങ്ങളിൽനിന്നുയരുന്ന പ്രാർത്ഥനകളെ താൻ ആഴമായി വിലമതിക്കുന്നുവെന്ന് പാപ്പാ കൂട്ടിച്ചേർത്തു. 'നിങ്ങളുടെ എല്ലാവരുടെയും വാത്സല്യവും സാമീപ്യവും എനിക്ക് അനുഭവിക്കാൻ സാധിക്കുന്നു. ദൈവജനം മുഴുവൻ എന്നെ ഹൃദയത്തിൽ സംവഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നതായാണ് എനിക്ക് അനുഭവപ്പെടുന്നത്. എല്ലാവർക്കും നന്ദി!' എല്ലാവർക്കുവേണ്ടിയും അതിലുപരി സമാധാനത്തിനു വേണ്ടിയും താൻ പ്രാർഥിക്കുന്നുണ്ടെന്ന ഉറപ്പും ഫ്രാൻസിസ് പാപ്പാ നൽകി.
കണ്ണുകൾക്കുള്ള പരിശീലനം
തുടർന്ന്, ഞായറാഴ്ചത്തെ സുവിശേഷ വായനയിൽ കാഴ്ച, രുചി എന്നീ രണ്ട് ഇന്ദ്രിയങ്ങളെക്കുറിച്ച് പ്രത്യേകമായി പരാമർശിക്കുന്ന കാര്യം പാപ്പ ഏവരുടെയും ശ്രദ്ധയിലേക്ക് കൊണ്ടുവന്നു. ലോകത്തെ ശരിയായ വിധത്തിൽ നോക്കിക്കാണാനും അയൽക്കാരെ സ്നേഹത്തോടെ വീക്ഷിക്കാനും മനസ്സിലാക്കാനുമാണ് സുവിശേഷത്തിലൂടെ യേശു നമ്മോട് ആവശ്യപ്പെടുന്നതെന്ന് പരിശുദ്ധ പിതാവ് വിശദീകരിച്ചു. കരുതലോടെയുള്ള ഒരു നോട്ടമാണ്, കുറ്റപ്പെടുത്തലല്ല, തെറ്റുതിരുത്താൻ ഒരു സഹോദരന് പ്രേരണയാകുന്നത്. സാഹോദര്യ മനോഭാവത്തോടെയല്ലെങ്കിൽ, അത് ഒരിക്കലും തെറ്റുതിരുത്തലാവില്ലെന്ന് പാപ്പാ കൂട്ടിച്ചേർത്തു.
സംസാരത്തിൽ കരുതലുള്ളവരാകുക
രണ്ടാമതായി, 'രുചി'യെപ്പറ്റി പറഞ്ഞ പാപ്പാ, എല്ലാ വൃക്ഷങ്ങളും അതിന്റെ ഫലത്താലാണ് അറിയപ്പെടുക എന്ന യേശുവിൻ്റെ വാക്കുകൾ അനുസ്മരിച്ചു. ഒരു മനുഷ്യൻ പുറപ്പെടുവിക്കുന്ന ഫലങ്ങൾ, അവൻ്റെ വാക്കുകളാണെന്നും അവ പാകപ്പെടുന്നത് അവൻ്റെ അധരങ്ങളിലാണെന്നും പാപ്പാ വിശദീകരിച്ചു. 'തെറ്റായതും അക്രമാസക്തവും അശ്ലീലവുമായ വാക്കുകളാണ് ചീത്ത പഴങ്ങൾ. എന്നാൽ, ന്യായമായതും സത്യസന്ധവുമായ വാക്കുകളാണ് നല്ല പഴങ്ങൾ. അവയാണ് നമ്മുടെ സംഭാഷണങ്ങൾക്ക് രുചി പകരുന്നത്' - പാപ്പാ പറഞ്ഞു.
അവസാനമായി, ഈ രണ്ടു വശങ്ങളെക്കുറിച്ച് ചിന്തിച്ചുകൊണ്ട്, ഓരോരുത്തരും തങ്ങളുടെ ജീവിതങ്ങളെ സ്വയം പരിശോധിക്കണമെന്ന് പരിശുദ്ധ പിതാവ് ആഹ്വാനം ചെയ്തു. അതിനായി ഏതാനും ചോദ്യങ്ങളും പാപ്പാ മുന്നോട്ടുവച്ചു. 'എന്റെ സഹോദരീസഹോദരന്മാരായ മറ്റുള്ളവരെ ഞാനെങ്ങനെയാണ് കാണുന്നത്? മറ്റുള്ളവർ എന്നെ കാണുന്നത് എപ്രകാരമാണ്? എൻ്റെ വാക്കുകൾ രുചി പകരുന്നവയാണോ, അതോ, കയ്പും വൻപും നിറഞ്ഞവയാണോ?
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.