കോഴിക്കോട്: വിവാദമായ ക്രിസ്മസ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് അണ്‍ എയ്ഡഡ് സ്‌കൂളിലെ പ്യൂണ്‍ അറസ്റ്റില്‍. മലപ്പുറം സ്വദേശി അബ്ദുള്‍ നാസറിനെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇയാള്‍ ചോദ്യപേപ്പര്‍ ചോര്‍ത്തി എം.എസ് സൊല്യൂഷന്‍സിലെ അധ്യാപകനായ ഫഹദിന് നല്‍കുകയായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
ഈ ചോദ്യങ്ങള്‍ ഫഹദ് യൂട്യൂബ് ചാനലിലൂടെ പുറത്ത് വിടുകയായിരുന്നുവെന്നും അന്വേഷണ സംഘം വ്യക്തമാക്കി. ഇതേ വിഷയവുമായി ബന്ധപ്പെട്ട് അധ്യാപകന്‍ ഫഹദിനെ നേരത്തെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ മൂന്ന് പാദവാര്‍ഷിക പരീക്ഷകളിലായി പൊതുവിദ്യാലയങ്ങളിലെ ചോദ്യ പേപ്പര്‍ എം.എസ് സൊല്യൂഷന്‍സ് ചോര്‍ത്തി യുട്യൂബ് ചാനലിലൂടെ നല്‍കിയിരുന്നതായി വിദ്യാഭ്യാസ വകുപ്പ് കണ്ടെത്തി.
അബ്ദുള്‍ നാസര്‍ ജോലി ചെയ്യുന്ന സ്‌കൂളിലായിരുന്നു മുന്‍പ് ഫഹദ് ജോലി ചെയ്തിരുന്നത്. ഈ ബന്ധം മുന്‍നിര്‍ത്തിയാണ് ചോദ്യപ്പേപ്പര്‍ ചോര്‍ത്തിയത്. വാട്സ് ആപ്പ് വഴി അബ്ദുള്‍ നാസര്‍ ചോദ്യപേപ്പര്‍ ഫഹദിന് അയച്ചുകൊടുക്കുകയായിരുന്നു. എന്നാല്‍ അധ്യാപകരുടെ മികവ് കൊണ്ടാണ് പരീക്ഷയുടെ സമാനമായ ചോദ്യപേപ്പര്‍ തയ്യാറാക്കിയതെന്നായിരുന്നു എം.എസ് സൊല്യൂഷ്യന്‍സിന്റെ വാദം.
2017 ലാണ് ഈ യുട്യൂബ് ചാനല്‍ തുടങ്ങിയത്. 2023 ലെ ക്രിസ്മസ് പരീക്ഷയുടെ ചോദ്യങ്ങള്‍ പ്രവചിച്ച ശേഷം ചാനലിന്റെ കാഴ്ച്ചക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായി. 2024 മാര്‍ച്ചിലെ എസ്എസ്എല്‍സി പരീക്ഷയുടേയും ഓണം, ക്രിസ്മസ് പരീക്ഷകളുടേയും സമയത്ത് കാഴ്ച്ചക്കാരുടെ എണ്ണം വീണ്ടും കൂടിയതായും കണ്ടെത്തി.
യുട്യൂബ് ചാനലിന്റെ ഓഫീസുള്ള കൊടുവള്ളി മേഖലയില്‍ കഴിഞ്ഞ ഓണപ്പരീക്ഷയ്ക്ക് കുട്ടികള്‍ വ്യാപകമായി കോപ്പിയടിച്ചത് കണ്ടെത്തിയിരുന്നു. യുട്യൂബില്‍ നിന്ന് കിട്ടിയ ചോദ്യങ്ങള്‍ക്ക് കുട്ടികള്‍ ഉത്തരം തയ്യാറാക്കി കൊണ്ടുവരുകയായിരുന്നു. പരാതിയില്‍ കൊടുവള്ളി എഇഒ അന്വേഷണം നടത്തുകയും താമരശേരി ഡിഇഒ മുഖേന പൊതുവിദ്യാഭ്യാസ ഡയറക്ടറെ വിവരം ധരിപ്പിക്കുകയും ചെയ്തിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.