നഗരത്തിലാകെ 20 ഫ്‌ളക്‌സും 2500 കൊടി തോരണങ്ങളും; സിപിഎമ്മിന് വന്‍ തുക പിഴ ചുമത്തി കൊല്ലം കോര്‍പറേഷന്‍

നഗരത്തിലാകെ 20 ഫ്‌ളക്‌സും 2500 കൊടി തോരണങ്ങളും; സിപിഎമ്മിന് വന്‍ തുക പിഴ ചുമത്തി കൊല്ലം കോര്‍പറേഷന്‍

കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നഗരത്തില്‍ കൊടിയും ഫ്‌ളക്‌സും സ്ഥാപിച്ചതിന് സിപിഎമ്മിന് വന്‍ തുക പിഴ ചുമത്തി കൊല്ലം കോര്‍പറേഷന്‍. മൂന്നര ലക്ഷം രൂപ പിഴ അടയ്ക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറിക്ക് കോര്‍പറേഷന്‍ സെക്രട്ടറി നോട്ടീസ് നല്‍കി.

നഗരത്തില്‍ അനധികൃതമായി 20 ഫ്‌ളക്‌സുകളും 2500 കൊടിയും കെട്ടിയതിനാണ് നാല് ദിവസങ്ങള്‍ക്ക് മുന്‍പ് പിഴ ചുമത്തി നോട്ടീസ് നല്‍കിയത്. ഫീസ് അടച്ച് നിയമാനുസൃതം ഫ്‌ളക്‌സ് സ്ഥാപിക്കാന്‍ സിപിഎം അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കോര്‍പറേഷന്‍ തീരുമാനം എടുത്തിരുന്നില്ല.

കാഴ്ച മറയ്ക്കാതെയും ഗതാഗത തടസമില്ലാതെയും നടപ്പാത കൈയേറാതെയും ഫ്‌ളക്‌സ് ബോര്‍ഡുകളും കൊടിയും സ്ഥാപിച്ചെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിശദീകരണം. അതേസമയം പിഴ അടയ്ക്കണോ, പിഴ നോട്ടീസിനെതിരെ കോടതിയില്‍ പോകണോ എന്നതില്‍ സിപിഎം തീരുമാനം എടുത്തിട്ടില്ല.

ഫ്‌ളക്‌സുകളും കൊടി തോരണങ്ങളും നിരത്തില്‍ സ്ഥാപിക്കുന്നതിനെതിരെ ഹൈക്കോടതി ഇന്നലെ വീണ്ടും വിമര്‍ശനം ഉന്നയിച്ചിരുന്നു. പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ കോടതി ഉത്തരവുകള്‍ നിരന്തരം ലംഘിക്കുന്നതായി സിംഗിള്‍ ബഞ്ച് കുറ്റപ്പെടുത്തി. കൊല്ലത്ത് കൂടി വരുമ്പോള്‍ കണ്ണടച്ചു വരാന്‍ കഴിയില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വിമര്‍ശിക്കുകയുണ്ടായി. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുകള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ആരെയാണ് ഭയക്കുന്നതെന്നും കോടതി ചോദിച്ചു.

പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ എന്താണ് തെളിയിക്കാന്‍ ശ്രമിക്കുന്നത്. നിയമത്തിന് മുകളിലാണ് തങ്ങള്‍ എന്നാണ് പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ കരുതുന്നത്. ആ വിശ്വാസത്തിന് സര്‍ക്കാര്‍ കുട പിടിക്കുകയാണ്. നിയമവിരുദ്ധമായി ഫ്‌ളക്‌സുകളും കൊടി തോരണങ്ങളും നിരന്തരം ഉയരുകയാണ്. സര്‍ക്കാരുമായി ബന്ധമുള്ള വിഭാഗങ്ങളാണ് ഇതിന് പിന്നിലെന്നും വിമര്‍ശനം ഉണ്ട്. സര്‍ക്കാരിന്റെ ഉത്തരവുകള്‍ സര്‍ക്കാര്‍ പോലും നടപ്പാക്കുന്നില്ലെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി.

നിരത്തില്‍ നിറയെ ബോര്‍ഡുകള്‍ ഉള്ളതല്ല നിങ്ങള്‍ പറയുന്ന നവകേരളം. ടണ്‍ കണക്കിന് ബോര്‍ഡുകള്‍ മാറ്റുന്നു അതില്‍ കൂടുതല്‍ ബോര്‍ഡുകള്‍ വയ്ക്കുന്നു. ഇതിലൂടെ കേരളം കൂടുതല്‍ മലിനമാകുന്നുവെന്നും കോടതി വിമര്‍ശിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.