ചന്ദ്രന്റെ ചങ്കില്‍ മറ്റൊരു ചരിത്രം പിറന്നു; ജിപിഎസ് വിജയകരമായി ഉപയോഗിച്ച് നാസ: ബഹിരാകാശ യാത്രികര്‍ക്ക് ഇനി ജോലി എളുപ്പമാകും

ചന്ദ്രന്റെ ചങ്കില്‍ മറ്റൊരു ചരിത്രം പിറന്നു; ജിപിഎസ് വിജയകരമായി ഉപയോഗിച്ച് നാസ: ബഹിരാകാശ യാത്രികര്‍ക്ക്  ഇനി ജോലി എളുപ്പമാകും

കാലിഫോര്‍ണിയ: ചന്ദ്രനില്‍ മറ്റൊരു വിജയഗാഥ കൂടി രചിച്ച് അമേരിക്കന്‍ ബഹിരാകാശ പര്യവേഷണ ഏജന്‍സിയായ നാസ. ഇറ്റാലിയന്‍ ബഹിരാകാശ ഏജന്‍സിയുടെ സഹായത്തോടെ ചന്ദ്രനില്‍ വിജയകരമായി ജിപിഎസ് സിഗ്‌നലുകള്‍ സ്വീകരിച്ചാണ് നാസ ചരിത്രത്തില്‍ പുതിയ നാഴികക്കല്ല് പിന്നിട്ടത്.

ഇതോടെ ചന്ദ്രന്റെ ഉപരിതലത്തില്‍ ഭൂമിയെ അടിസ്ഥാനമാക്കിയുള്ള നാവിഗേഷന്‍ സിഗ്‌നലുകള്‍ ട്രാക്ക് ചെയ്യുന്നതിനും നിരീക്ഷിക്കുന്നതിനുമുള്ള ആദ്യത്തെ ഉപകരണമായി ലൂണാര്‍ ജിഎന്‍എസ്എസ് റിസീവര്‍ എക്‌സ്പിരിമെന്റ് (ലുഗ്രെ) മാറി. ഗ്ലോബല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റത്തില്‍ (ജി.എന്‍.എസ്.എസ്) നിന്നുള്ള സിഗ്‌നലുകള്‍ ചന്ദ്രനില്‍ സ്വീകരിക്കുകയും ട്രാക്ക് ചെയ്യുകയും ചെയ്തു.

ഭൂമിയില്‍, സ്മാര്‍ട്ട് ഫോണുകള്‍ മുതല്‍ വിമാനങ്ങള്‍ വരെ നാവിഗേറ്റ് ചെയ്യാന്‍ ജിഎന്‍എസ്എസ് സിഗ്‌നലുകള്‍ ഉപയോഗിക്കാമെന്ന് നാസയുടെ സ്പേസ് കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് നാവിഗേഷന്‍ പ്രോഗ്രാമിന്റെ ഡെപ്യൂട്ടി അസോസിയേറ്റ് അഡ്മിനിസ്‌ട്രേറ്റര്‍ കെവിന്‍ കോഗിന്‍സ് പറഞ്ഞു. ജിപിഎസിനോട് സാമ്യമുള്ളതും ഭൂമിയില്‍ നിന്നുള്ള നാവിഗേഷന്‍ സിഗ്‌നലുകള്‍ കാണിക്കുന്നതുമാണ് ജി.എന്‍.എസ്.എസ്.

ചന്ദ്രനില്‍ ജി.എന്‍.എസ്.എസ് സിഗ്‌നലുകള്‍ വിജയകരമായി നേടാനും നിരീക്ഷിക്കാനും കഴിയുമെന്ന് ലുഗ്രെ പരീക്ഷണം കാണിക്കുന്നുവെന്ന് കോഗിന്‍സ് പറഞ്ഞു. ചാന്ദ്ര നാവിഗേഷന് വേണ്ടിയുള്ള വളരെ രസകരമായ ഒരു കണ്ടെത്തലാണിതെന്നും ഭാവി ദൗത്യങ്ങള്‍ക്കായി ഇത് ഉപയോഗിക്കാന്‍ ഉദേശിക്കുന്നുവെന്നും കോഗിന്‍സ് വ്യക്തമാക്കി.

ഫയര്‍ഫ്‌ളൈ എയ്റോസ്പേസിന്റെ ബ്ലൂ ഗോസ്റ്റ് ലൂണാര്‍ ലാന്‍ഡര്‍ ഉപയോഗിച്ചാണ് നാസ ചന്ദ്രനില്‍ ലുഗ്രെ സ്ഥാപിച്ചത്. മാര്‍ച്ച് രണ്ടിന് ബ്ലൂ ഗോസ്റ്റ് ചന്ദ്രന്റെ ഉപരിതലത്തില്‍ ഇറങ്ങി. അതിനൊപ്പം അയച്ച 10 നാസ പേലോഡുകളില്‍ ഒന്നായിരുന്നു ലൂണാര്‍ ജിഎന്‍എസ്എസ് റിസീവര്‍ എക്‌സ്പിരിമെന്റ് അഥവാ ലുഗ്രെ.

ഈ ഉപകരണം ചന്ദ്രനില്‍ ഇറങ്ങിയ ഉടന്‍ തന്നെ നാസ ശാസ്ത്രജ്ഞര്‍ പ്രവര്‍ത്തിപ്പിച്ചു. 2.25 ലക്ഷം മൈല്‍ അകലെയുള്ള ചന്ദ്രനില്‍ നിന്ന് ഭൂമിയുടെ ജി.എന്‍.എസ്.എസ് സിഗ്‌നലുകള്‍ പകര്‍ത്തിയാണ് ലുഗ്രെ അതിന്റെ സ്ഥാനവും സമയവും നിര്‍ണയിച്ചത്. ഈ പരീക്ഷണം 14 ദിവസം തുടരും.

നാസയുടെ ആര്‍ട്ടെമിസ് പ്രോഗ്രാം പോലുള്ള ഭാവി ദൗത്യങ്ങള്‍ക്ക് കൃത്യമായ സ്ഥാനം, വേഗത, സമയം എന്നിവ നല്‍കുന്നതിലൂടെ മികച്ച നാവിഗേഷന്‍ സംവിധാനങ്ങള്‍ നല്‍കാന്‍ സഹായിക്കുന്നതിനാല്‍, ബഹിരാകാശ യാത്രികര്‍ക്ക് ഈ പരീക്ഷണം ഒരു വലിയൊരു ചുവടുവയ്പ്പാണ്. ചന്ദ്രനിലേക്കും അതിനപ്പുറത്തേക്കും ഉള്ള ദൗത്യങ്ങളില്‍ നാവിഗേഷന്‍ കൂടുതല്‍ കൃത്യവും എളുപ്പവുമാക്കാന്‍ ഈ സാങ്കേതികവിദ്യ സഹായിക്കും.

ഇതുവരെ, ബഹിരാകാശ പേടകങ്ങള്‍ അവയുടെ ദിശയും സ്ഥാനവും വ്യത്യസ്ത രീതികളിലാണ് കണക്കാക്കിയിരുന്നത്. എന്നാല്‍ ഇനി മുതല്‍ ജിപിഎസ് ഉപയോഗിച്ച് ഈ ജോലി കൃത്യമായി ചെയ്യാം. ചന്ദ്രനും ഭൂമിക്കും ഇടയിലുള്ള സിസ്ലൂണാര്‍ സ്ഥലത്തും ഈ സിസ്റ്റം പ്രവര്‍ത്തിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.