'പരസ്പരം തളര്‍ത്തുന്നതിന് പകരം പിന്തുണയ്ക്കാം': അമേരിക്കയുടെ വ്യാപാര യുദ്ധത്തിനിടെ ഇന്ത്യയുമായി സഹകരണ സാധ്യത തേടി ചൈന

'പരസ്പരം തളര്‍ത്തുന്നതിന് പകരം പിന്തുണയ്ക്കാം': അമേരിക്കയുടെ വ്യാപാര യുദ്ധത്തിനിടെ ഇന്ത്യയുമായി സഹകരണ സാധ്യത തേടി ചൈന

'വ്യാളിയും ആനയും ഒരുമിച്ച് നൃത്തം ചെയ്യുന്നതാണ് ശരിയായ തീരുമാനമെന്ന് ചൈനീസ് വിദേശ കാര്യമന്ത്രി വാങ് യി.

ബെയ്ജിങ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുവ ഭീഷണി നേരിടാന്‍ ഇന്ത്യയും ചൈനയും ഒന്നിച്ചു പ്രവര്‍ത്തിക്കണമെന്ന ആഹ്വാനവുമായി ചൈനീസ് വിദേശ കാര്യമന്ത്രി വാങ് യി. എന്നാല്‍ ഇക്കാര്യത്തില്‍ ഇന്ത്യയുടെ പ്രതികരണം പുറത്ത് വന്നിട്ടില്ല.

ഏഷ്യയിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തികള്‍ ഒന്നിക്കുന്നതോടെ രാജ്യാന്തര ബന്ധങ്ങള്‍ ജനാധിപത്യവല്‍കരിക്കപ്പെടും. 'ഗ്ലോബല്‍ സൗത്തിന്റെ' വികസനത്തിനും ശക്തിപ്പെടുത്തലിനും ശോഭനമായ ഭാവി ഉണ്ടാകുമെന്നും വാങ് യി പറഞ്ഞു.

ചൈനയും ഇന്ത്യയും വലിയ അയല്‍ക്കാരാണ്. ഇരുരാജ്യങ്ങളും പരസ്പരം വിജയത്തിന് സംഭാവന ചെയ്യുന്ന പങ്കാളികളായിരിക്കണമെന്ന് ചൈന എപ്പോഴും വിശ്വസിക്കുന്നു. ഇരുരാജ്യങ്ങളും തമ്മിലെ സഹകരണം പൗരന്മാരുടെ അടിസ്ഥാന താല്‍പര്യങ്ങളെ സംരക്ഷിക്കുന്നതായിരിക്കുമെന്നും വാങ് യി കൂട്ടിച്ചേര്‍ത്തു.

പരസ്പരം തളര്‍ത്തുന്നതിന് പകരം പിന്തുണയ്ക്കുന്നതും സഹകരണം ശക്തിപ്പെടുത്തുന്നതുമാണ് തങ്ങളുടെ പ്രാഥമിക പരിഗണന. അധികാര രാഷ്ട്രീയത്തേയും 'ഹെജിമണി' (മേധാവിത്വം)യേയും എതിര്‍ക്കുന്നതില്‍ ഇരുരാജ്യങ്ങളും നേതൃപരമായ പങ്ക് വഹിക്കണെന്ന് വാങ് യി ആവശ്യപ്പെട്ടു. 'വ്യാളിയും ആനയും ഒരുമിച്ച് നൃത്തം ചെയ്യുന്നത്' മാത്രമാണ് ഇരു ഭാഗത്തിനും ശരിയായ തീരുമാനമെന്നും ഇന്ത്യ-ചൈന സഹകരണത്തെ പരാമര്‍ശിച്ച് വാങ് യി പറഞ്ഞു.

കഴിഞ്ഞ ഒക്ടോബറില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങും റഷ്യയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നീട് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും ചൈന സന്ദര്‍ശിച്ചിരുന്നു. രണ്ടാഴ്ചമുമ്പ് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ വാങ് യിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വാങ് യിയുടെ പ്രസ്താവന.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.