ബൈ...ബൈ... ബ്ലാസ്റ്റേഴ്സ്

ബൈ...ബൈ... ബ്ലാസ്റ്റേഴ്സ്

വാസ്‌കോ: ഐ.എസ്.എല്‍ ഏഴാം സീസണിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ കഥ കഴിഞ്ഞു. ആദ്യ പകുതിയില്‍ നേടിയ ഏക പക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്, കേരള ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തി. പ്ലേ ഓഫിലേക്കു യോഗ്യത നേടാന്‍ സമനില മാത്രം മതിയായിരുന്ന നോര്‍ത്ത് ഈസ്റ്റ് ക്ലീന്‍ വിജയത്തോടെയാണ് അര്‍ഹത നേടിയത്.

എ.ടി.കെ മോഹന്‍ ബഗാന്‍, മുംബൈ സിറ്റി എഫ്.സി ടീമുകള്‍ ഇതിനകം യോഗ്യത നേടിക്കഴിഞ്ഞു ഇനി ശേഷിക്കുന്ന ഒരു സിറ്റിനു വേണ്ടി ഹൈദരാബാദും ഗോവയും, ആദ്യ സ്ഥാനത്തിനു എ.ടി.കെയും മുംബൈയും ഞായറാഴ്ച ഏറ്റുമുട്ടും. 20 മത്സരങ്ങളില്‍ നോര്‍ത്ത്് ഈസ്റ്റിനു എട്ട് ജയം, ഒന്‍പത് സമനില, മുന്നു തോല്‍വി 33പോയിന്റ്. ഐ.എസ്.എല്ലില്‍ രണ്ടാം തവണയാണ് നോര്‍ത്ത ഈസ്റ്റ് പ്ലേ ഓഫിലേക്കു മുന്നേറുന്നത്. പ്ലേ ഓഫിലേക്കു യോഗ്യത നെടുന്ന ടീമിന്റെ ആദ്യത്തെ ഇന്ത്യന്‍ കോച്ച് എന്ന സ്ഥാനവും നോര്‍ത്ത് ഈസ്റ്റിന്റെ ഖാലിദ് ജമീലിനു സ്വന്തം. മറുവശത്ത് കേരള ബ്ലാസ്റ്റേഴ്സിനു ഇത് മറ്റൊരു നാണം കെട്ട, നിരാശ സമ്മാനിച്ച സീസണ്‍ കൂടിയായി മാറി. പത്താം സ്ഥാനത്തേക്കു കൂപ്പുകുത്തി വീണ കേരള ബ്ലാസ്റ്റേഴ്സിനു ആകെ മൂന്നു മത്സരങ്ങള്‍ മാത്രമെ ജയിക്കാനായുള്ളു.

എട്ട് സമനില, ഒന്‍പത് തോല്‍വി.. 17 പോയിന്റ്. ഏറ്റവും ദയനീയം 36 ഗോളുകളാണ് ബ്ലാസ്റ്റേഴ്സ് വാങ്ങിക്കൂട്ടിയത്. ജനുവരി 30നു ബെംഗ്ളുരുവിനെ 2-1നു പരാജയപ്പെടുത്തയതിനു ശേഷം ബ്ലാസ്റ്റേഴ്സിനു ഒരു ജയവും സ്വന്തമാക്കാനായില്ല. അവസാന മത്സരത്തിനു ഇറങ്ങുമ്പോള്‍ ഒരു ജയം നേടി അഭിമാനത്തോടെ വിടപറയുമെന്ന കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ അവസാന പ്രതീക്ഷയാണ് തകര്‍ന്നടിഞ്ഞത്.

വിദേശ താരങ്ങളായ ബക്കാരി കോനയും കോസ്റ്റ നമുനേസുവും അടങ്ങിയ പ്രതിരോധന നിര ടോട്ടല്‍ ഫ്്ളോപ്പായതാണ് ബ്ലാസ്റ്റേഴ്സിനു സംഭവിച്ച ദുരന്തം. ലീഗ് റൗണ്ടിലെ അവസാന പോരാട്ടത്തിനു വന്ന രണ്ടു ടീമുകളും രണ്ട് സുവര്‍ണാവസരങ്ങള്‍ തുലച്ചുകൊണ്ടാണ് തുടക്കമിട്ടത്. നോര്‍ത്ത് ഈസ്റ്റിന്റെ ഡൈലന്‍ ഫോക്സും കേരള ബ്ലാസ്റ്റേഴ്സിന്റെ ബക്കാരി കോനയും ആദ്യ ഗോള്‍ നേടാനുള്ള അവസരങ്ങള്‍ നഷ്ടപ്പെടുത്തി. എന്നാല്‍ നോര്‍ത്ത് ഈസ്റ്റിനു ഏറെ കാത്തിരിക്കേണ്ടി വന്നില്ല. മലയാളി താരം വി.പി. സുഹൈറിലൂടെ നോര്‍ത്ത് ഈസ്റ്റ് മുന്നിലെത്തി. കമാറയുടെ ത്രൂ പാസ് ബ്ലോക്ക് ചെയ്യാന്‍ എത്തിയ ബക്കാരി കോനയുടെ കാലില്‍ തട്ടി വന്ന . പന്ത് എടുത്തു മുന്നേറിയ സുഹൈറിനു പന്ത് കിട്ടുന്നതിനു മുന്‍പ് സന്ദീപ് സിംഗിനും ചാടി വീണു ക്ലിയര്‍ ചെയ്യാന്‍ അവസരം ഉണ്ടായിരുന്നു.

എന്നാല്‍ സന്ദീപിനെ മറികടന്നു പന്ത് കൈവശമാക്കി മുന്നേറിയ സുഹൈര്‍ ബ്ലാസ്റ്റേഴ്സ് ഗോളി അഡ്വാന്‍സ് ചെയ്തു വന്ന അല്‍ബിനോ ഗോമസിനെയും മറികടന്നു സുഹൈര്‍ പന്ത് വലയിലാക്കി (10). ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ നോര്‍ത്ത് ഈസ്റ്റ് രണ്ടാം ഗോളും വലയിലെത്തിച്ചു. ഇത്തവണയും മറ്റൊരു ഇന്ത്യന്‍ താരത്തിന്റെ വക 47-ാ മിനിറ്റില്‍ ഡൈലന്‍ ഫോക്സിന്റെ അസിസ്റ്റില്‍ 20 കാരന്‍ അപ്പുയിയയുടെ (ലാലെങ്മാവിയ) 40 വാര അകലെ നിന്നുള്ള ഒരു ബുള്ളറ്റ് ഷോട്ട് അല്‍ബിനോയുടെ തലയ്ക്കും കൈകള്‍ക്കും മുകളിലൂടെ വെടിയുണ്ടപോലെ അകത്തേക്കു പാഞ്ഞു ക്രോസ് ബാറില്‍ തട്ടി വലയില്‍ (20). ഈ സീസണിലെ തന്നെ ഏറ്റവും മനോഹര ഗോള്‍.

അവസാന മത്സരങ്ങളില്‍ വമ്പന്‍ പരാജയമായിരുന്ന ബക്കാരി കോനയെ പിന്‍വലിച്ചു ജുവാന്‍ഡയുമായിട്ടാണ് കേരള ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതിയില്‍ ഇറങ്ങിയത്. തൊട്ടുപിന്നാലെ മറ്റൊരു വിദേശ താരം ഗാരി ഹൂപ്പറിനേയും പിന്‍വലിച്ചു. ആശ്വാസ ഗോള്‍ നേടാനുള്ള മോഹം പോലും ഇല്ലാതെയാണ് കേരള ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതി കളിച്ചത്. ലീഡുയര്‍ത്താനുള്ള അധ്വാനത്തിനു നോര്‍ത്ത് ഈസ്റ്റിനും താല്‍പ്പര്യം ഇല്ലാതെ വന്നതോടെ രണ്ടാം പകുതി പൂര്‍ണമായും വിരസം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.