ഇന്നത്തെ സ്പേസ് എക്സ് ക്രൂ 10 ദൗത്യം അവസാന നിമിഷം മാറ്റി വച്ചു; സുനിത വില്യംസിന്റെ മടങ്ങി വരവ് ഒരു ദിവസം കൂടി നീളും

ഇന്നത്തെ സ്പേസ് എക്സ് ക്രൂ 10 ദൗത്യം അവസാന നിമിഷം മാറ്റി വച്ചു; സുനിത വില്യംസിന്റെ മടങ്ങി വരവ് ഒരു ദിവസം കൂടി നീളും

വാഷിങ്ടണ്‍: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ വംശജയായ ബഹിരാകാശ യാത്രിക സുനിത വില്യംസിന്റെയും സഹയാത്രികന്‍ ബുച്ച് വില്‍മോറിന്റെയും മടക്കയാത്ര നിശ്ചയിച്ചതിലും ഒരു ദിവസം കൂടി നീളും. വരുന്ന ഞായറാഴ്ച പുറപ്പെടാനിരുന്ന യാത്ര തിങ്കളാഴ്ചത്തേക്ക് മാറ്റി.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള അടുത്ത സംഘം യാത്രക്കാരുമായി ഇന്ന് പുറപ്പെടേണ്ടിയിരുന്ന സ്പേസ് എക്സ് ക്രൂ 10 വിക്ഷേപണം മാറ്റിവെച്ച സാഹചര്യത്തിലാണ് സുനിത വില്യംസിന്റെയും സംഘത്തിന്റെയും മടങ്ങി വരവ് നീളുന്നത്.

തിങ്കളാഴ്ച ഇന്ത്യന്‍ സമയം വൈകുന്നേരം 6.35 നാകും സുനിത കൂടി ഇപ്പോള്‍ ഭാഗമായ ക്രൂ 9 ദൗത്യ സംഘം നിലയത്തില്‍ നിന്ന് പുറപ്പെടുക. ഇന്ന് രാവിലെ സാങ്കേതിക പ്രശ്‌നം കാരണം മാറ്റിവച്ച ക്രൂ 10 വിക്ഷേപണം നാളെ രാവിലെ നടക്കുമെന്നും നാസ അറിയിച്ചിട്ടുണ്ട്. നാലംഗ സംഘമാണ് ക്രൂ 10 ദൗത്യത്തിന്റെ ഭാഗമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോകുന്നത്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 4:56 നായിരിക്കും ഈ വിക്ഷേപണം.

എന്നാല്‍ കാലാവസ്ഥ സാഹചര്യമനുസരിച്ച് ഈ സമയത്തിലും തിയതിയിലും മാറ്റം വരുത്തേണ്ടി വന്നേക്കാമെന്നും നാസ അറിയിച്ചു. ഇന്ത്യന്‍ സമയം ഇന്ന് പുലര്‍ച്ചെ 5:18 നായിരുന്നു വിക്ഷേപണം നടക്കേണ്ടിയിരുന്നത്.

ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ വിക്ഷേപിക്കുന്ന സ്‌പേസ് എക്‌സിന്റെ തന്നെ ഡ്രാഗണ്‍ പേടകത്തിലായിരുന്നു നാല് സഞ്ചാരികള്‍ ബഹിരാകാശത്തേക്ക് പോകേണ്ടിയിരുന്നത്. അവസാന നിമിഷം കണ്ടെത്തിയ ലോഞ്ച് പാഡിലെ സാങ്കേതിക പ്രശ്‌നം കാരണമാണ് വിക്ഷേപണം മാറ്റി വച്ചത്.

2024 ജൂണ്‍ മാസം മുതല്‍ സുനിത വില്യംസും ബുച്ച് വില്‍മോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുണ്ട്. ബോയിംഗിന്റെ സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ കഴിഞ്ഞ ജൂണ്‍ അഞ്ചിനായിരുന്നു ഇരുവരും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര തിരിച്ചത്.

എന്നാല്‍ സ്റ്റാര്‍ലൈനറിന്റെ പ്രൊപല്‍ഷന്‍ സംവിധാനത്തിലെ തകരാറും ഹീലിയും ചോര്‍ച്ചയും കാരണം എട്ട് ദിവസ ദൗത്യത്തിന് ശേഷം ഇരുവര്‍ക്കും നിശ്ചയിച്ച സമയത്ത് ഭൂമിയിലേക്ക് തിരികെ വരാനായില്ല. പലതവണ ഇരുവരെയും മടക്കി കൊണ്ടുവരാന്‍ നാസ ശ്രമിച്ചുവെങ്കിലും സ്റ്റാര്‍ലൈനറിന്റെ അപകട സാധ്യത മുന്നില്‍ക്കണ്ട് മടക്ക യാത്ര നീട്ടി വെക്കുകയായിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.