വാഷിങ്ടണ്‍: റഷ്യ-ഉക്രെയ്ന്‍ വെടിനിര്‍ത്തലിനായി സൗദി അറേബ്യയില്‍ നടന്ന ചര്‍ച്ചകളില്‍ അമേരിക്കയും ഉക്രെയ്‌നും മുന്നോട്ടു വെച്ച വെടിനിര്‍ത്തല്‍ നിര്‍ദേശങ്ങളോടുള്ള റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ നിലപാടില്‍ പ്രതികരണവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
'വെടിനിര്‍ത്തല്‍ സംബന്ധിച്ച പുടിന്റെ പ്രസ്താവന ഏറെ പ്രത്യാശ നല്‍കുന്നതാണ്. എന്നാല്‍ പൂര്‍ണമല്ല. റഷ്യ ശരിയായ കാര്യം ചെയ്യുമെന്നാണ് എന്റെ പ്രതീക്ഷ' - ഓവല്‍ ഓഫീസില്‍ നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റട്ടുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ മാധ്യമ പ്രവര്‍ത്തകരോട് ട്രംപ് പറഞ്ഞു.
വെടിനിര്‍ത്തല്‍ കരാര്‍ എന്ന ആശയത്തെ പിന്തുണയ്ക്കുന്നു എന്ന് വ്യക്തമാക്കിയ റഷ്യന്‍ പ്രസിഡന്റ് എന്നാല്‍ ഇത് ഏതു വിധമാണ് നടപ്പാക്കുന്നത് എന്നതിനെ കുറിച്ച് ഗൗരവമേറിയ ചോദ്യങ്ങളുണ്ടെന്നും ഇതേക്കുറിച്ച് അമേരിക്കന്‍ പ്രസിഡന്റുമായി ചര്‍ച്ച നടത്താന്‍ ആഗ്രഹമുണ്ടെന്നും കൂട്ടിച്ചേര്‍ത്തിരുന്നു.
ഇതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. പുടിനുമായി കൂടിക്കാഴ്ച നടത്താനോ സംസാരിക്കാനോ സന്തോഷമേയുള്ളൂ. പക്ഷേ, യുദ്ധം നമുക്ക് വേഗം അവസാനിപ്പിക്കണമെന്ന് ട്രംപ് പറഞ്ഞു.
അന്തിമ കരാറിന്റെ ധാരാളം വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്തു കഴിഞ്ഞു. റഷ്യ അതിനോട് യോജിക്കുന്നുണ്ടോയെന്നാണ് അറിയേണ്ടത്. അങ്ങനെ അല്ലെങ്കില്‍ ലോകത്തിന് വളരെ നിരാശാജനകമായ നിമിഷമായിരിക്കും അതെന്ന് ട്രംപ് പറഞ്ഞു.
ഉക്രെയ്ന്‍ സമ്പൂര്‍ണ വെടിനിര്‍ത്തലിന് സമ്മതിച്ചിട്ടുണ്ട്. റഷ്യയും അതുതന്നെ ചെയ്യുമെന്നാണ് പ്രതീക്ഷ. ആയിരക്കണക്കിനാളുകള്‍ കൊല്ലപ്പെട്ടു. യുദ്ധം അവസാനിക്കുന്നത് കാണാനാണ് ലോകം ആഗ്രഹിക്കുന്നതെന്നും ട്രംപ് വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.