വാഷിങ്ടണ്‍: സര്‍ക്കാരിന്റെ ചെലവ് ചുരുക്കലിന്റെ ഭാഗമായി ഫെഡറല്‍ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചു വിട്ട അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിക്ക് കോടതിയുടെ റെഡ് സിഗ്നല്‍.
വിവിധ സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്ന് പിരിച്ചുവിട്ട ജീവനക്കാരെ ജോലിയില്‍ തിരികെ പ്രവേശിപ്പിക്കണമെന്ന് സാന്‍ ഫ്രാന്‍സിസ്‌കോയിലെയും മേരിലാന്‍ഡിലെയും ഫെഡറല്‍ കോടതികള്‍ ഉത്തരവിട്ടു.
ജീവനക്കാരെ പിരിച്ചു വിടുന്ന നടപടി നിര്‍ത്തി വെക്കാന്‍ നിര്‍ദേശിച്ച കോടതികള്‍, ഫെഡറല്‍ ജീവനക്കാരുടെ എണ്ണം കുറയ്ക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച രീതികളെ നിശിതമായി വിമര്‍ശിച്ചു. ഓഫീസ് ഓഫ് പേഴ്‌സണല്‍ മാനേജ്‌മെന്റും അതിന്റെ താല്‍കാലിക ഡയറക്ടര്‍ ചാള്‍സ് എസെലും നടത്തിയ പിരിച്ചു വിടലുകള്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്നും ജഡ്ജിമാര്‍ കണ്ടെത്തി.
യു.എസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഡിഫന്‍സ്, വെറ്ററന്‍സ് അഫയേഴ്സ്, അഗ്രികള്‍ച്ചര്‍, എനര്‍ജി, ഇന്റീരിയര്‍, ട്രഷറി എന്നീ വകുപ്പുകളിലെ പിരിച്ചു വിട്ട പ്രൊബേഷണറി ജീവനക്കാരെയാണ് തിരിച്ചെടുക്കാന്‍ കോടതി ഉത്തരവിട്ടത്.
രണ്ട് വ്യത്യസ്ത കേസുകളില്‍ മേരിലാന്‍ഡിലെ ജില്ലാ ജഡ്ജി ജെയിംസ് ബ്രെഡറും സാന്‍ ഫ്രാന്‍സിസ്‌കോയിലെ ജില്ലാ ജഡ്ജി വില്യം അല്‍സാപുമാണ് വിധികള്‍ പുറപ്പെടുവിച്ചത്. ഓഫിസ് ഓഫ് പഴ്‌സനല്‍ മാനേജ്‌മെന്റ് ഡയറക്ടര്‍ ചാള്‍സ് എസെലിനെതിരേ രൂക്ഷ വിമര്‍ശനമാണ് ഇരുവരും ഉന്നയിച്ചത്. കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ജീവനക്കാരെ പിരിച്ചുവിട്ടതെന്ന് ജഡ്ജിമാര്‍ നിരീക്ഷിച്ചു.
എന്നാല്‍ ഫെഡറല്‍ കോടതി ഉത്തരവിനെതിരെ ട്രംപ് ഭരണകൂടം അപ്പീല്‍ നല്‍കി. ജീവനക്കാരെ പുനര്‍നിയമിക്കാന്‍ ഫെഡറല്‍ കോടതികള്‍ നല്‍കിയ ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്നും ഇതിനെതിരെ പോരാടുമെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് പറഞ്ഞു.
രണ്ടാം വട്ടം അധികാരത്തിലേറിയ ഉടനെ ഫെഡറല്‍ ചെലവുകള്‍ കുറയ്ക്കാനെന്ന പേരില്‍ 9,50,000 സിവില്‍ ഉദ്യോഗസ്ഥരെ പിരിച്ചു വിടാനുള്ള പദ്ധതിക്കായിരുന്നു ട്രംപ് അംഗീകാരം നല്‍കിയത്. ട്രംപിന്റെ ഉപദേഷ്ടാവായ ഇലോണ്‍ മസ്‌കിന്റെ നിര്‍ദേശ പ്രകാരമായിരുന്നു കൂട്ട പിരിച്ചുവിടല്‍ നടപ്പാക്കാന്‍ തീരുമാനിച്ചത്.
ഇതിന്റെ ഭാഗമായി അമേരിക്കന്‍ സൈന്യത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനെ അടക്കം ട്രംപ് പുറത്താക്കിയിരുന്നു. ഭരണ കൂടത്തിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിന് വേണ്ടിയാണ് ഈ നടപടിയെന്ന് ന്യായീകരണം കോടതി മുഖവിലയ്ക്കെടുത്തില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.