ന്യൂഡല്‍ഹി: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ട്രംപ് ധൈര്യശാലിയാണെന്നും വിനയാന്വിതനാണെന്ന് മോഡി പറഞ്ഞു. അമേരിക്കന്‍ പോഡ്കാസ്റ്റര്‍ ലെക്‌സ് ഫ്രിഡ്മാനുമായി നടത്തിയ പോഡ്കാസ്റ്റ് അഭിമുഖത്തിലായിരുന്നു മോഡിയുടെ പ്രതികരണം.
യു.എസിലെ ഹൂസ്റ്റണില്‍ നടന്ന ഹൗഡി മോഡി പരിപാടിയില്‍ ട്രംപിനൊപ്പം പങ്കെടുത്തതിനെക്കുറിച്ചാണ് മോഡി വാചാലനായത്. ഹൂസ്റ്റണില്‍ നടന്ന ഹൗഡി മോഡി പരിപാടിയില്‍ തങ്ങള്‍ പങ്കെടുത്തിരുന്നു. വലിയ ജനക്കൂട്ടമാണ് സദസില്‍ ഉണ്ടായിരുന്നത്. കായിക രംഗത്ത് തിരക്കേറിയ സ്റ്റേഡിയങ്ങള്‍ സാധാരണമാണെങ്കിലും ഒരു രാഷ്ട്രീയ റാലിക്ക് ഇത് അസാധാരണമായിരുന്നു. ഇന്ത്യന്‍ സമൂഹം വന്‍തോതില്‍ തടിച്ചുകൂടിയിരുന്നു. തങ്ങള്‍ രണ്ടുപേരും പ്രസംഗിച്ചു. ട്രംപ് സദസിലിരുന്ന് തന്റെ പ്രസംഗം ശ്രദ്ധിച്ചു. അതാണ് അദേഹത്തിന്റെ വിനയം. താന്‍ വേദിയില്‍ നിന്ന് സംസാരിക്കുമ്പോള്‍ അമേരിക്കന്‍ പ്രസിഡന്റ് സദസില്‍ ഇരിക്കുന്നു. അത് അദേഹത്തിന്റെ ഭാഗത്ത് നിന്നുള്ള ആദരണീയമായ പ്രവൃത്തിയായിരുന്നുവെന്ന് മോഡി പറഞ്ഞു.
ഹൗഡി മോഡിയിലെ പ്രസംഗത്തിന് ശേഷം ട്രംപ് തനിക്കൊപ്പം നടന്നതും മോഡി ഓര്‍ത്തെടുത്തു. ഒരു മടിയും കൂടാതെ, മുഴുവന്‍ സുരക്ഷാ ഉദ്യോഗസ്ഥരെയും ഒഴിവാക്കി ട്രംപ് തന്നോടൊപ്പം നടക്കാന്‍ തുടങ്ങി. ആ നിമിഷം തനിക്ക് ശരിക്കും ഹൃദയസ്പര്‍ശിച്ചു. ഈ മനുഷ്യന് ധൈര്യമുണ്ടെന്ന് അത് തനിക്ക് കാണിച്ചുതന്നു. അദേഹം തന്നെയും തന്റെ നേതൃത്വത്തെയും വിശ്വസിച്ച് തന്നോടൊപ്പം ആള്‍ക്കൂട്ടത്തിലേക്ക് നടന്നു. പരസ്പര വിശ്വാസത്തിന്റെ ബോധമാണത്. തങ്ങള്‍ക്കിടയിലുള്ള ശക്തമായ ബന്ധവും അങ്ങനെയാണെന്ന് മോഡി കൂട്ടിച്ചേര്‍ത്തു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ട്രംപിന് വെടിയേറ്റ കാര്യവും മോഡി പരാമര്‍ശിച്ചു. വെടിയേറ്റതിന് ശേഷവും ട്രംപ് അമേരിക്കയ്ക്ക് വേണ്ടി അചഞ്ചലവും സമര്‍പ്പിതവുമായി പ്രവര്‍ത്തിച്ചു. അദേഹത്തിന്റെ ജീവിതം രാഷ്ട്രത്തിനുവേണ്ടി ആയിരുന്നു. താന്‍ 'രാഷ്ട്രം ആദ്യം' എന്നതില്‍ വിശ്വസിക്കുന്നതുപോലെ 'അമേരിക്ക ആദ്യം' എന്നതാണ് അദേഹത്തിന്റെ മനോഭാവം. താന്‍ ഇന്ത്യ ആദ്യം എന്ന ആശയത്തിന് വേണ്ടി നിലകൊള്ളുന്നു. അതുകൊണ്ടാണ് തങ്ങള്‍ ഇത്ര നന്നായി ബന്ധം നിലനിര്‍ത്തുന്നതെന്ന് മോഡി വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.