ലീഗിനെ ചെല്ലി ബിജെപിയില്‍ അടി മുറുകി; ശോഭയ്‌ക്കെതിരെ സുരേന്ദ്രന്‍

ലീഗിനെ ചെല്ലി ബിജെപിയില്‍ അടി മുറുകി; ശോഭയ്‌ക്കെതിരെ സുരേന്ദ്രന്‍

തൃശൂര്‍: മുസ്ലിം ലീഗിനെ ചൊല്ലി ബിജെപിയില്‍ തമ്മിലടി മുറുകി. പാര്‍ട്ടിയിലെ പതിവ് ശത്രുക്കളായ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രനും തമ്മിലാണ് ലീഗിന്റെ പേരില്‍ പോരടിക്കുന്നത്. ലീഗിനെ എന്‍ഡിഎയിലേക്കു സ്വാഗതം ചെയ്യുന്നുവെന്ന് ശോഭാ സുരേന്ദ്രന്‍ പറഞ്ഞതാണ് വിവാദങ്ങള്‍ക്കു തുടക്കമിട്ടത്.

വര്‍ഗീയ നിലപാട് തിരുത്തിക്കൊണ്ട് നരേന്ദ്ര മോദിയുടെ നയങ്ങള്‍ സ്വീകാര്യമെന്ന് പറഞ്ഞാല്‍ മുസ്ലിം ലീഗിനെയും ഉള്‍ക്കൊള്ളാനുള്ള ദര്‍ശനമാണ് ബിജെപിയുടെ മുഖമുദ്രയെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞിരുന്നു. താന്‍ പറഞ്ഞത് ബിജെപിയുടെ നിലപാടാണെന്ന് സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്രയുടെ വേദിയില്‍ ശോഭ ആവര്‍ത്തിക്കുകയും ചെയ്തു.

ഇതോടെ ശോഭയുടെ നിലപാടിനെ തള്ളിപ്പറഞ്ഞ് സുരേന്ദ്രന്‍ രംഗത്തെത്തി. മുസ്ലിം ലീഗ് രാജ്യത്തെ ഏറ്റവും വലിയ വര്‍ഗീയ കക്ഷിയാണെന്ന് പറഞ്ഞ സുരേന്ദ്രന്‍ മുസ്ലീംങ്ങള്‍ അല്ലാത്തവര്‍ക്ക് അംഗത്വം കൊടുക്കുക പോലും ചെയ്യാത്ത പാര്‍ട്ടി ഒരു മതേതര പാര്‍ട്ടി ആകുന്നതെങ്ങനെയെന്നും ചോദിച്ചു. മുസ്ലിം ലീഗിലുള്ളവര്‍ക്ക് പാര്‍ട്ടി വിട്ട് വേണമെങ്കില്‍ ബിജെപിയിലേക്കു വരാം. മുസ്ലിം ലീഗ് അവരുടെ നയം പൂര്‍ണമായി ഉപേക്ഷിച്ച് വരുന്നുവെങ്കില്‍ മാത്രം സ്വാഗതമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

ശോഭാ സുരേന്ദ്രന്റെ യുടെ നിലപാടിനെ കെ.സുരേന്ദ്രന്‍ തള്ളിയെങ്കിലും കുമ്മനം രാജശേഖരന്‍ പിന്തുണച്ചു. ലീഗിനു മുന്നില്‍ ബിജെപി വാതില്‍ കൊട്ടിയടച്ചിട്ടില്ലെന്നും കൂടുതല്‍ ഘടകകക്ഷികള്‍ ഉണ്ടാകണമെന്നാണ് ആഗ്രഹമെന്നും കുമ്മനം വ്യക്തമാക്കി. ബിജെപിയിലേക്കുള്ള ശോഭ സുരേന്ദ്രന്റെ ക്ഷണത്തെ പുച്ഛിച്ചു തള്ളുന്നുവെന്നാണ് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പ്രതികരിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.