ന്യൂഡല്‍ഹി: ഡല്‍ഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മ്മയുടെ ഔദ്യോഗിക വസതിയില്‍ തീപ്പിടിത്തം. തീ അണയ്ക്കാന്‍ എത്തിയ ഫയര്‍ഫോഴ്സ് അംഗങ്ങള്‍ കണ്ടത് കണക്കില്‍ പെടാത്ത കെട്ട് കണക്കിന് പണം. കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം ശ്രദ്ധയില്‍ പെടുത്തിയതോടെ സുപ്രീം കോടതി കൊളീജിയം അടിയന്തിരമായി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന വിളിച്ച് ചേര്‍ത്തു.
ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് തിരിച്ച് അയക്കാന്‍ കൊളീജിയം തീരുമാനിച്ചതായാണ് സൂചന. അതേസമയം ജുഡീഷ്യറിയുടെ വിശ്വാസ്യത കളങ്കപ്പെടുത്തിയ ജസ്റ്റിസ് യശ്വന്ത് വര്‍മ്മയോട് രാജിവയ്ക്കാന്‍ ചീഫ് ജസ്റ്റിസ് നിര്‍ദേശിക്കണമെന്ന് കൊളീജിയത്തിലെ ചില അംഗങ്ങള്‍ ആവശ്യപ്പെട്ടു.
ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ ഡല്‍ഹിയിലെ ഔദ്യോഗിക വസതിയില്‍ ഉണ്ടായ തീപ്പിടിത്തത്തെ തുടര്‍ന്നാണ് നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. തീപ്പിടിത്തം ഉണ്ടായപ്പോള്‍ ജസ്റ്റിസ് വര്‍മ്മ ഔദ്യോഗിക വസതിയില്‍ ഉണ്ടായിരുന്നില്ല. ഔദ്യോഗിക വസതിയില്‍ ഉണ്ടായിരുന്ന കുടുംബാംഗങ്ങള്‍ അറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ ഫോര്‍സ് അംഗങ്ങള്‍ എത്തി തീ അണയ്ക്കുകയായിരുന്നു. തുടര്‍ന്ന് നടപടിക്രമങ്ങളുടെ ഭാഗമായി ഫയര്‍ഫോഴ്സ് അംഗങ്ങളും പൊലീസും തീപ്പിടിത്തത്തില്‍ ഉണ്ടായ നാശ നഷ്ടങ്ങളുടെ കണക്കെടുപ്പ് ആരംഭിച്ചു. ഇതിനിടയിലാണ് ഒരു മുറിയില്‍ നിന്ന് കെട്ട് കണക്കിന് പണം കണ്ടെത്തിയത്.
പരിശോധനയില്‍ ഇത് കണക്കില്‍പ്പെടാത്ത പണം ആണെന്ന് വ്യക്തമാകുകയായിരുന്നു. സ്ഥലത്ത് ഉണ്ടായിരുന്ന പൊലീസുകാര്‍ ഇക്കാര്യം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചു. തുടര്‍ന്ന് വിഷയം അതിവേഗം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നതരുടെ ശ്രദ്ധയില്‍പ്പെടുത്തി. പണം കണ്ടെത്തിയ വിവരം കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയെ അറിയിച്ചു.
ജുഡീഷ്യറിയെ തന്നെ ഞെട്ടിപ്പിക്കുന്ന വിഷയത്തിന്റെ ഗൗരവസ്ഥിതി ബോധ്യമായ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഉടന്‍ തന്നെ സുപ്രീം കോടതി കൊളീജിയം യോഗം വിളിച്ച് ചേര്‍ത്തു. കൊളീജിയത്തിലെ മുഴുവന്‍ അംഗങ്ങളും വര്‍മ്മയ്ക്ക് എതിരെ നടപടി വേണമെന്ന നിലപാടാണ് സ്വീകരിച്ചത്. തുടര്‍ന്ന് ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ അദേഹത്തിന്റെ സ്വന്തം ഹൈകോടതിയായ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റാന്‍ കൊളീജിയം തീരുമാനിച്ചതായാണ് സൂചന.
ജസ്റ്റിസ് യശ്വന്ത് വര്‍മ്മയ്ക്ക് എതിരെ കടുത്ത നടപടി വേണമെന്ന് കൊളീജിയം യോഗത്തില്‍ ചില അംഗങ്ങള്‍ ആവശ്യപ്പെട്ടു. നടപടി സ്ഥലം മാറ്റത്തില്‍ മാത്രം ഒതുക്കിയാല്‍ അത് ജുഡീഷ്യറിയുടെ വിശ്വാസ്യതയെ ബാധിക്കുമെന്നും ചില അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. കൂടാതെ യശ്വന്ത് വര്‍മ്മയില്‍ നിന്ന് ചീഫ് ജസ്റ്റിസ് രാജി എഴുതി വാങ്ങണമെന്ന് ചില അംഗങ്ങള്‍ ആവശ്യപ്പെട്ടു. രാജിക്ക് തയ്യാറായില്ലെങ്കില്‍ ചീഫ് ജസ്റ്റിസ് ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിടണമെന്ന ആവശ്യവും കൊളീജിയം യോഗത്തില്‍ ഉയര്‍ന്നു.
ഏതെങ്കിലും ഒരു ജഡ്ജിയെ സംബന്ധിച്ച അഴിമതി ആരോപണം ഉണ്ടായാല്‍ അത് സംബന്ധിച്ച് ആരോപണ വിധേയനായ ജഡ്ജിയുടെ വിശദീകരണം തേടുക എന്നതാണ് ആദ്യ നടപടിക്രമം. തുടര്‍ന്ന് സുപ്രീം കോടതിയിലെ ഒരു ജഡ്ജിയും രണ്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരും അടങ്ങുന്ന ഒരു ആഭ്യന്തര അന്വേഷണ സമിതിക്ക് രൂപം നല്‍കാം. ആഭ്യന്തര അന്വേഷണ സമിതി കുറ്റക്കാരന്‍ ആണെന്ന് കണ്ടെത്തിയാല്‍ ജഡ്ജിയെ പുറത്താക്കാന്‍ ഉള്ള നടപടികളിലേക്ക് പാര്‍ലമെന്റിന് കടക്കാം.
നിലവില്‍ ഡല്‍ഹി ഹൈക്കോടതി കൊളീജിയത്തിലെ അംഗമാണ് ജസ്റ്റിസ് യശ്വന്ത് വര്‍മ്മ. ഡല്‍ഹിയില്‍ ഹൈക്കോടതിയിലെ സീനിയോറിറ്റിയില്‍ ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാര്‍ ഉപാധ്യായും ജസ്റ്റിസ് വിഭു ബാക്രൂവും കഴിഞ്ഞാല്‍ ജസ്റ്റിസ് യശ്വന്ത് വര്‍മ്മയാണ്. 2014 ല്‍ അലഹബാദ് ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് വര്‍മ്മ 2021 ലാണ് ഡല്‍ഹി ഹൈക്കോടതിയില്‍ എത്തുന്നത്. അലഹബാദ് ഹൈക്കോടതി മുന്‍ ജഡ്ജി എ.എന്‍ വര്‍മ്മയുടെ മകനാണ് ജസ്റ്റിസ് യശ്വന്ത് വര്‍മ്മ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.