'ആഭ്യന്തര കാര്യങ്ങൾ തീരുമാനിക്കാൻ യുഎസിന് അവകാശമുണ്ട്; അമേരിക്കയിലെ നിയമങ്ങൾ പാലിക്കണം'; പൗരന്മാർക്ക് നിർദേശവുമായി ഇന്ത്യ

'ആഭ്യന്തര കാര്യങ്ങൾ തീരുമാനിക്കാൻ യുഎസിന് അവകാശമുണ്ട്; അമേരിക്കയിലെ നിയമങ്ങൾ പാലിക്കണം'; പൗരന്മാർക്ക് നിർദേശവുമായി ഇന്ത്യ

വാഷിങ്ടൺ ഡിസി: യുഎസിൽ പഠിക്കുന്ന ഇന്ത്യൻ പൗരന്മാർ അമേരിക്കൻ നിയമങ്ങൾ പാലിക്കണമെന്ന നിർദേശവുമായി ഇന്ത്യൻ സർക്കാർ. പാലസ്തീൻ അനുകൂല പ്രതിഷേധങ്ങളിൽ പങ്കെടുത്തുവെന്നാരോപിച്ച് ഇന്ത്യൻ ഗവേഷക വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്യുകയും മറ്റൊരു വിദ്യാർത്ഥിയുടെ വിസ റദ്ദാക്കുകയും ചെയ്തതോടെയാണ് ഇന്ത്യൻ സർക്കാരിൻ്റെ നിർദേശം.

യുഎസ് തലസ്ഥാനത്തെ ജോ‍ർജ്ടൗൺ യൂണിവേഴ്സിറ്റി സ്കോളറായ ബദ‍ർ ഖാൻ സൂരിയെയാണ് ഹമാസ് അജണ്ട പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്തത്. പാലസ്തീൻ അനുകൂല പ്രതിഷേധങ്ങളിൽ പങ്കെടുത്തതിനാണ് കൊളംബിയ സർവകലാശാലയിലെ ഗവേഷക വിദ്യാർത്ഥിയായ രഞ്ജിനി ശ്രീനിവാസൻ്റെ വിസ റദ്ദാക്കിയത്. ഇരുവരും സഹായമാവശ്യപ്പെട്ട് ഇന്ത്യൻ എംബസികളെ ബന്ധപ്പെട്ടിട്ടില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.

വിസ, കുടിയേറ്റ കാര്യങ്ങൾ ഒരു രാജ്യത്തിന്റെ പരമാധികാര ചുമതലകളിൽ പെട്ടതാണ്. അത്തരം ആഭ്യന്തര കാര്യങ്ങൾ തീരുമാനിക്കാൻ യുഎസിന് അവകാശമുണ്ടെന്ന് ജയ്‌സ്വാൾ പറഞ്ഞു. വിദേശ പൗരന്മാർ ഇന്ത്യയിലേക്ക് വരുമ്പോൾ ഇവിടുത്തെ നിയമങ്ങളും ചട്ടങ്ങളും പാലിക്കണമെന്ന് പ്രതീക്ഷിക്കുന്നത് പോലെ വിദേശത്തുള്ള ഇന്ത്യൻ പൗരന്മാർ ആ രാജ്യത്തെ നിയമങ്ങളും ചട്ടങ്ങളും പാലിക്കണമെന്നും അദേഹം പറഞ്ഞു. വിദ്യാർത്ഥികൾക്ക് എന്തെങ്കിലും ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നാൽ യുഎസിലെ ഇന്ത്യൻ കോൺസുലേറ്റുകളും എംബസികളും അവരെ സഹായിക്കുമെന്നും ജയ്‌സ്വാൾ ഉറപ്പുനൽകി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.