ന്യൂഡല്‍ഹി: രാജ്യത്തെ പരമോന്നത സാഹിത്യ ബഹുമതിയായ ജ്ഞാനപീഠ പുരസ്‌കാരം പ്രഖ്യാപിച്ചു. പ്രശസ്ത ഹിന്ദി സാഹിത്യകാരന്‍ വിനോദ് കുമാര്‍ ശുക്ലയ്ക്കാണ് 59-ാമത് ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ചത്. ഛത്തീസ്ഗഢില്‍ നിന്ന് ഇതാദ്യമായാണ് ഒരു എഴുത്തുകാരന് ജ്ഞാനപീഠ പുരസ്‌കാരം ലഭിക്കുന്നത്. 11 ലക്ഷം രൂപയും വെങ്കല പ്രതിമയും ഉള്‍പ്പെടുന്നതാണ് ജ്ഞാനപീഠ പുരസ്‌കാരം.
ചെറുകഥ, കവിത, ഉപന്യാസം എന്നിവയുടെ രചനയിലൂടെയാണ് 88 കാരനായ വിനോദ് കുമാര്‍ ശുക്ല പ്രശസ്തനായത്. ജ്ഞാനപീഠം പുരസ്‌കാരം ലഭിക്കുന്ന 12-ാമത്തെ ഹിന്ദി സാഹിത്യകാരനാണ് വിനോദ് കുമാര്‍ ശുക്ല. വളരെയധികം സന്തോഷം നല്‍കുന്ന പ്രഖ്യാപനമാണ് ഉണ്ടായതെന്നും ഒരിക്കലും ജ്ഞാനപീഠം പോലൊരു പുരസ്‌കാരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്നും അവാര്‍ഡ് പ്രഖ്യാപനത്തിന് ശേഷം അദേഹം പ്രതികരിച്ചു.
50 വര്‍ഷത്തിലേറെയായി ഹിന്ദി സാഹിത്യ ലോകത്ത് പ്രശസ്തനാണ് വിനോദ് കുമാര്‍ ശുക്ല. ആദ്യ കവിതാ സമാഹാരം ലഗ്ഭാഗ് ജയ് ഹിന്ദ് പ്രസിദ്ധീകരിച്ചത് 1971 ലാണ്. 1999 ല്‍ ഇദേഹത്തിന് കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 'ദീവാര്‍ മേ ഏക് ഖിര്‍കീ രേഹ്തി ഥി' എന്ന കൃതിക്കാണ് അവാര്‍ഡ് ലഭിച്ചത്. ഇദേഹത്തിന്റെ നൗക്കര്‍ കി കമീസ് (1979) എന്ന നോവല്‍ പിന്നീട് സംവിധായകന്‍ മണി കൗള്‍ ചലച്ചിത്രമാക്കി മാറ്റിയിരുന്നു.
ഛത്തീസ്ഗഢില്‍ നിന്ന് ഒരാള്‍ക്ക് ഇതാദ്യമായാണ് ജ്ഞാനപീഠ പുരസ്‌കാരം ലഭിക്കുന്നത്. ഹിന്ദി സാഹിത്യത്തിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് അദേഹത്തിന് പുരസ്‌കാരം നല്‍കിയതെന്ന് ജ്ഞാനപീഠം സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ പ്രതിഭ റായ് പറഞ്ഞു. എഴുത്തുകാരി പ്രതിഭാ റായ് അധ്യക്ഷയും മാധവ് കൗശിക്, ദാമോദര്‍ മൗസോ, പ്രഭാ വര്‍മ, അനാമിക, എ. കൃഷ്ണ റാവു, ജാനകി പ്രസാദ് ശര്‍മ, മധുസൂദനന്‍ ആനന്ദ് തുടങ്ങിയവര്‍ അംഗങ്ങളുമായ സമിതിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്.
ജ്ഞാനപീഠ പുരസ്‌കാരത്തിന് ആദ്യം അര്‍ഹനായത് മലയാളത്തിന്റെ മഹാകവി ജി. ശങ്കരക്കുറുപ്പാണ്. 1965 ല്‍ അദേഹത്തിന്റെ ഓടക്കുഴല്‍ എന്ന കവിതാസമാഹാരത്തിനാണ് പുരസ്‌കാരം ലഭിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.