ഗുരുതര സുരക്ഷാ വീഴ്ച: യു.എസ് ഉന്നതരുടെ ചാറ്റ് ഗ്രൂപ്പില്‍ മാധ്യമ പ്രവര്‍ത്തകനും; യമന്‍ ആക്രമണ വിവരങ്ങള്‍ ചോര്‍ന്നു

ഗുരുതര സുരക്ഷാ വീഴ്ച: യു.എസ് ഉന്നതരുടെ ചാറ്റ് ഗ്രൂപ്പില്‍ മാധ്യമ പ്രവര്‍ത്തകനും; യമന്‍ ആക്രമണ വിവരങ്ങള്‍ ചോര്‍ന്നു

വാഷിങ്ടണ്‍: അമേരിക്കയിലെ ഉന്നതോദ്യോഗസ്ഥരുടെ ചാറ്റ് ഗ്രൂപ്പില്‍ മാധ്യമ പ്രവര്‍ത്തകനെ അബദ്ധത്തില്‍ ചേര്‍ത്തു. ചെങ്കടലില്‍ അമേരിക്കയുടേത് ഉള്‍പ്പെടെയുള്ള ചരക്ക് കപ്പലുകള്‍ക്ക് നേരെ ഹൂതികള്‍ നടത്തിയ ആക്രമണത്തിന് തിരിച്ചടി നല്‍കാനായി അമേരിക്കന്‍ സൈന്യം രൂപീകരിച്ച സിഗ്‌നല്‍ ആപ്പിലെ ഗ്രൂപ്പിലാണ് ദി അറ്റ്ലാന്റിക് മാഗസിന്റെ എഡിറ്റര്‍-ഇന്‍-ചീഫ് ജെഫെറി ഗോള്‍ഡ്ബെര്‍ഗിനെ അബദ്ധത്തില്‍ ചേര്‍ത്തത്. ജെഫറി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

മൈക്കിള്‍ വാള്‍ട്ട്സ് എന്നൊരാളില്‍ നിന്നാണ് തനിക്ക് ചാറ്റ് ഗ്രൂപ്പിലേക്കുള്ള ക്ഷണം ലഭിച്ചതെന്ന് ജെഫറി പറയുന്നു. ഇത് വ്യാജമാണെന്നാണ് താന്‍ ആദ്യം കരുതിയത്. എന്നാല്‍ ഇത് യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവായ മൈക്കിള്‍ വാള്‍ട്ട്സ് തന്നെയാണെന്ന് പിന്നീട് ബോധ്യപ്പെട്ടുവെന്ന് അദേഹം പറയുന്നു. ഹൂതികളെ ആക്രമിക്കുന്നതിനുള്ള വിശദമായ പദ്ധതി 'ഹൂതി പിസി സ്മോള്‍ ഗ്രൂപ്പ്' എന്ന് പേരുള്ള ഗ്രൂപ്പില്‍ ചര്‍ച്ച ചെയ്യുന്നത് കണ്ടതോടെയാണ് ഇക്കാര്യം മനസിലായതെന്നും ജെഫറി വ്യക്തമാക്കി.

അമേരിക്കയുടെ യമന്‍ ആക്രമണ പദ്ധതിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ ജെഫറി പുറത്തുവിട്ടില്ല. എങ്കിലും യമനില്‍ ആക്രമണം നടത്തേണ്ട ഇടങ്ങള്‍, ഏതെല്ലാം ആയുധങ്ങളാണ് ഉപയോഗിക്കേണ്ടത് തുടങ്ങിയ വിവരങ്ങള്‍ തനിക്ക് ലഭിച്ചുവെന്ന് ജെഫെറി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന് ശേഷം മണിക്കൂറുകള്‍ക്കകമാണ് യമനില്‍ ആക്രമണം നടന്നത്. പാലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഹൂതികള്‍ ചെങ്കടല്‍ വഴി കടന്നുപോകുന്ന കപ്പലുകളെ ആക്രമിക്കാന്‍ ആരംഭിച്ചിരുന്നു. ഇതിനെതിരായാണ് യു.എസ് യമനില്‍ ആക്രമണം നടത്തുന്നത്.

ആക്രമണത്തിനോടുള്ള എതിര്‍പ്പ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ് ഗ്രൂപ്പില്‍ പ്രകടിപ്പിച്ചതും റിപ്പോര്‍ട്ടിലുണ്ട്. ഒരുഘട്ടത്തില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വാന്‍സ് വിമര്‍ശിക്കുകയും ചെയ്തുവെന്ന് ജെഫെറി പറയുന്നു. ഗ്രൂപ്പ് ചാറ്റിലെ പല വിവരങ്ങളും താന്‍ പുറത്തുവിടുന്നില്ല എന്ന് അദേഹം വ്യക്തമാക്കി. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത് ഉള്‍പ്പെടെയുള്ളവര്‍ ഗ്രൂപ്പ് ചാറ്റിലുണ്ടായിരുന്നു. തന്നെ ഗ്രൂപ്പില്‍ ചേര്‍ത്തത് പോലുള്ളൊരു സുരക്ഷാവീഴ്ച താന്‍ ഇതുവരെ കണ്ടിട്ടില്ല. 


ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സിഗ്‌നല്‍ ആപ്പില്‍ ആശയവിനിമയം നടത്താറുണ്ട്. എന്നാല്‍ അത് യോഗങ്ങള്‍ ആസൂത്രണം ചെയ്യാനും മറ്റുമാണ്. ഇതുപോലെ സൈനിക നടപടിയെ കുറിച്ചുള്ള അതീവ രഹസ്യമായ വിവരങ്ങള്‍ ഇത്ര വിശദമായി ചര്‍ച്ച ചെയ്യാനല്ല. ഒരു മാധ്യമപ്രവര്‍ത്തകനെ ഇത്തരം ചര്‍ച്ചയിലേക്ക് 'ക്ഷണിച്ച' സംഭവവും ഇതുവരെ കേട്ടിട്ടില്ലെന്നും ജെഫെറി പറയുന്നു.

താന്‍ സ്വയം ആ ഗ്രൂപ്പില്‍ നിന്ന് പുറത്തുപോയെന്നും ജെഫറി വ്യക്തമാക്കി. താന്‍ പുറത്തുപോയ വിവരം ഗ്രൂപ്പുണ്ടാക്കിയ മൈക്കിള്‍ വാള്‍ട്ട്സിന് നോട്ടിഫിക്കേഷനായി ലഭിക്കുമെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് അങ്ങനെ ചെയ്തത്. താന്‍ ആ ഗ്രൂപ്പില്‍ അത്രയും സമയം ഉണ്ടായിരുന്നതായി ഒരാള്‍ പോലും ശ്രദ്ധിച്ചില്ലെന്നും താന്‍ ആരാണെന്നോ എന്താണ് പുറത്തുപോയതെന്നോ ചോദിച്ചില്ല എന്നും അദേഹം റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം മാധ്യമ പ്രവര്‍ത്തകനെ ഗ്രൂപ്പില്‍ ചേര്‍ത്തതിനെ കുറിച്ച് ഒന്നുമറിയില്ലെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. അറ്റ്ലാന്റിക് റിപ്പോര്‍ട്ടിനെ കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദേഹം. അതിനെ കുറിച്ച് തനിക്കൊന്നുമറിയില്ല. താന്‍ ദി അറ്റ്ലാന്റിക്കിന്റെ ആരാധകനല്ല. തന്നെ സംബന്ധിച്ച് അത് തകര്‍ന്നുകൊണ്ടിരിക്കുന്ന ഒരു മാഗസിനാണ്. അവര്‍ക്ക് എന്ത് കിട്ടിയെന്നാണ് നിങ്ങള്‍ പറയുന്നതെന്നും ട്രംപ് ചോദിച്ചു.

വിഷയത്തില്‍ ട്രംപിന്റെ വക്താവ് കരോലിന്‍ ലീവിറ്റ് പിന്നീട് പ്രസ്താവനയിറക്കി. ട്രംപിന് മൈക്കിള്‍ വാള്‍ട്ട്സ് ഉള്‍പ്പെടെയുള്ള തന്റെ ദേശീയ സുരക്ഷാ സംഘത്തെ കുറിച്ച് വലിയ ആത്മവിശ്വാസമുണ്ടെന്നായിരുന്നു പ്രസ്താവനയിലൂടെ കരോലിന്‍ വ്യക്തമാക്കിയത്.

ചാറ്റ് ഗ്രൂപ്പ് യഥാര്‍ഥമാണെന്ന് വ്യക്തമാക്കിയ ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് ബ്രയണ്‍ ഹ്യൂസ്, എങ്ങനെയാണ് മറ്റൊരു ഫോണ്‍ നമ്പര്‍ അതില്‍ ചേര്‍ക്കാന്‍ ഇടയായതെന്ന് പരിശോധിച്ച് വരികയാണെന്ന് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.